|    Sep 25 Tue, 2018 1:00 pm
FLASH NEWS

കടല്‍ക്ഷോഭം : ദുരിതജീവിതവുമായി തീരവാസികള്‍; കൊമ്പുകോര്‍ത്ത് നേതാക്കള്‍

Published : 14th May 2017 | Posted By: fsq

 

ഹരിപ്പാട്/അമ്പലപ്പുഴ: കടല്‍ക്ഷോഭം മൂലം തീരവാസികള്‍ ദുരിത ജീവിതം നയിക്കുമ്പോ ള്‍ കടല്‍ഭിത്തി നിര്‍മാണത്തെ ചൊല്ലി നേതാക്കള്‍ കൊമ്പുകോര്‍ക്കുന്നു.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പൊതുമരാമത്ത് മന്ത്രി ജി സുധാകരനുമാണ് കടല്‍ഭിത്തി നി ര്‍മാണ കാര്യത്തിലെ അലംഭാവത്തെ ചൊല്ലി ഇന്നലെ കൊമ്പു കോര്‍ത്തത്.സര്‍ക്കാര്‍ കടല്‍ ഭിത്തി നിര്‍മാണത്തിനെതിരാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചപ്പോള്‍  കടല്‍ഭിത്തിക്കായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മന്ത്രി പ്രത്യാരോപണം നടത്തി. തീരദേശ മേഖലയില്‍ പ്രതിരോധ സംരക്ഷണത്തിനായി കടല്‍ഭിത്തി നിര്‍മിക്കുന്നത് ശാസ്ത്രീയമല്ലെന്നും അതിന് ഒരു പൈസ പോലും വിനിയോഗിക്കില്ലെന്നതുമാണ് ഫിഷറീസ്-ജലസേചന വകുപ്പുകളുടെ തീരുമാനമെന്നും അതിനെതിരെ മുഖ്യമന്ത്രിയെ നേരിട്ടുകാണുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ ്‌ചെന്നിത്തല പറഞ്ഞത്. ഹരിപ്പാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെന്നൈ ഐഐടിപോലെയുള്ള സ്ഥാപനങ്ങള്‍ നടത്തിയ പഠനം കടല്‍ഭിത്തി നിര്‍മാണമാണ് കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്ന് കണ്ടെത്തുമ്പോഴാണ് സര്‍ക്കാര്‍ ഇത്തരം നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത്. കടല്‍ഭിത്തി നിര്‍മിക്കാത്തത് മൂലം ആറാട്ടുപുഴ വലിയഴീക്കല്‍ മുതല്‍ തോട്ടപ്പള്ളിവരെ വിവിധ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം  രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തുന്നതിന് തീരദേശമേഖലയിലെ എംഎല്‍എമാരെ പങ്കെടുപ്പിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയി ല്‍ നിരവധി തവണ കഴിഞ്ഞ സ ര്‍ക്കാര്‍ യോഗം കൂടിയിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍  വന്നതിനു ശേഷം ഒരുയോഗം പോലും വിളിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.ഹരിപ്പാട് മണ്ഡലത്തില്‍ ഐഐടിയുടെ പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 43.74 കോടിയുടെ പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഒന്നിനും ഭരണാനുമതി നല്‍കിയില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിരവധി പദ്ധതികള്‍ക്കായി 8,041.66 കോടി രൂപ കിഫ്ബി മുഖേന സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഒരുരൂപ പോലും കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കടല്‍ഭിത്തി ഇല്ലാത്തിടങ്ങളില്‍ കടല്‍ ഭിത്തി നിര്‍മിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്ന് മന്ത്രി സുധാകരനും ആരോപിച്ചു. അതിന്റെ ഭാഗമായാണ് അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ കടല്‍ ക്ഷോഭത്തില്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ 5 വര്‍ഷ കാലം 118 കുടുംബങ്ങളാണ് വീടും സ്ഥലവും നഷ്ടപ്പെട്ട് ക്യാംപുകളില്‍ കഴിയുന്നത്. അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു വര്‍ഷകാലം കൊണ്ട് മല്‍സ്യത്തൊഴിലാളികളായ 80 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും വാങ്ങുന്നതിന് പത്ത് ലക്ഷം രൂപ വീതം അനുവദിച്ചു. ബാക്കിയുള്ള കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിച്ച് വരുന്നു. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് എന്നീ പഞ്ചായത്തുക ളില്‍ പുലിമുട്ടോടുകൂടിയ കടല്‍ ഭിത്തി നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്ത് കിഫ്ബിക്ക് സമര്‍പ്പിച്ച് കഴിഞ്ഞു. ഇതോടൊപ്പം നബാര്‍ഡ് വഴിയും കടല്‍ ഭിത്തി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു. നിയോജകമണ്ഡലത്തില്‍ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ കല്ലിട്ട് വീടുകള്‍ സംരക്ഷിക്കുന്നതിന് അടിയന്തിര ധനസഹായം ആവശ്യപ്പെട്ട് ധനകാര്യമന്ത്രിക്കും ജലസേചന മന്ത്രിക്കും കത്ത് നല്‍കിയതായും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss