|    Apr 25 Wed, 2018 4:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കടല്‍ക്കൊല ഇറ്റലിക്ക് ഉറപ്പൊന്നും നല്‍കിയില്ല: കേന്ദ്രസര്‍ക്കാര്‍

Published : 8th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഞായറാഴ്ച നടത്തിയ ഇറ്റലി സന്ദര്‍ശനത്തിനിടെ കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ സ്ഥിരമായി ഇറ്റലിയില്‍ തങ്ങാന്‍ അനുവദിച്ചാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് ഇറ്റലി പറഞ്ഞതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അത്തരത്തിലുള്ള വാഗ്ദാനങ്ങളോ ഉറപ്പുകളോ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരായ സുഷമാസ്വരാജും പൗലോ ഗെന്റിലോണിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കടല്‍ക്കൊല സംബന്ധിച്ച തര്‍ക്കം അന്താരാഷ്ട്ര കോടതിയിലെത്തിയതിനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ മന്ത്രി ഇറ്റലി സന്ദര്‍ശിക്കുന്നത്. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സുഷമ, ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയില്‍ രണ്ടു നാവികരെയും ഇറ്റലിയില്‍തന്നെ തങ്ങാന്‍ അനുവദിക്കണമെന്നും പകരം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താമെന്നും ഇറ്റലി അറിയിച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ദിനപത്രം റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, റിപോര്‍ട്ട് നിഷേധിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്, അത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും നിലവില്‍ സുപ്രിംകോടതിയില്‍ നടക്കുന്ന കേസില്‍ നാവികരെ വിചാരണചെയ്യുമെന്നും വ്യക്തമാക്കി. കേസില്‍ നിലവില്‍ ഇന്ത്യയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തൊറെ ജിറോണിന് നാട്ടിലേക്കു പോവാന്‍ കഴിഞ്ഞ മെയ് മാസമാണ് സുപ്രിംകോടതി അനുവാദം നല്‍കിയത്. മറ്റൊരു പ്രതി മാസിമിലാനോ ലത്തോറെ 2014 സപ്തംബര്‍ മുതല്‍ ഇറ്റലിയിലാണ്. ചികില്‍സയ്ക്കു പോയ അദ്ദേഹത്തിന് ഈ മാസം 30 വരെ ഇറ്റലിയില്‍ തുടരാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിട്ടുണ്ട്. നാട്ടില്‍ തങ്ങാനുള്ള കാലാവധി അവസാനിച്ചിരുന്നുവെങ്കിലും പലതവണയായി അതു നീട്ടിനല്‍കുകയായിരുന്നു. ഇരുവര്‍ക്കുമെതിരായ ക്രിമിനല്‍ നടപടികള്‍ നേരത്തേ സുപ്രിംകോടതി നിര്‍ത്തിവച്ചിരുന്നു. രണ്ടു നാവികരും ഇറ്റലിയിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം (എംടിസിആര്‍) അംഗത്വത്തിന് ഇന്ത്യക്ക് ഇറ്റലി പിന്തുണ നല്‍കിയിരുന്നു. അതേസമയം, ആണവ വിതരണ സംഘത്തിലെ (എന്‍എസ്ജി) സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ ഇറ്റലി ഇതുവരെ പിന്തുണച്ചിട്ടില്ല. 2012 ഫെബ്രുവരി 15ന് സെന്റ് ആന്റണീസ് ബോട്ടിന് നേരെ ഇറ്റാലിയന്‍ നാവികര്‍ നടത്തിയ വെടിവയ്പ്പില്‍ മല്‍സ്യത്തൊഴിലലാളികള്‍ സംഭവം ഏറെ വിവാദമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss