|    Oct 15 Mon, 2018 6:40 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കടല്‍കടന്നും പുഴ നീന്തിയും അവര്‍ പ്രാണനുമായി ഓടുന്നു

Published : 7th September 2017 | Posted By: fsq

 

കോക്‌സ്ബസാര്‍ (ബംഗ്ലാദേശ്): മ്യാന്‍മര്‍ സൈന്യവും ബുദ്ധമത സന്ന്യാസികളും കൂട്ടമായി വംശഹത്യ നടപ്പിലാക്കുന്ന റാഖിന്‍ ജില്ലയില്‍ നിന്നും രക്ഷതേടി ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ അഭയാര്‍ഥി താവളത്തിലെത്തിയ പതിനായിരങ്ങളിലൊരാളാണ് ഇസ്മാഈല്‍. പിഞ്ചു കുഞ്ഞുങ്ങളെയുമെടുത്ത് ഓടിയും ഒളിച്ചിരുന്നും അക്രമികളില്‍ നിന്നും രക്ഷപ്പെട്ടതിന്റെ അനുഭവം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി ലേഖകനോട് വിവരിച്ച ഇസ്മാഈലിന്റെ വാക്കുകളിലുള്ളത് ലോകം സമാധാനത്തിന് നോബല്‍ സമ്മാനം നല്‍കി ആദരിച്ച ഓങ് സാന്‍ സൂച്ചിയുടെ സര്‍ക്കാര്‍ നടത്തുന്ന നിഷ്ഠൂരമായ അതിക്രമങ്ങളുടെ നേര്‍ ചിത്രങ്ങള്‍. നാലു വയസുള്ള മകളെ പുറത്ത് വരിഞ്ഞുകെട്ടിയും ഭാര്യ രണ്ടു വയസുള്ള കുഞ്ഞിനെ എടുത്തും അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ഇസ്മാഈല്‍ വിവരിക്കുന്നത്.സൈന്യത്തിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ചെങ്കുത്തായ മല കയറിയാണ് സഞ്ചരിച്ചത്. പലപ്പോഴും മരത്തിന്റെ വേരുകളില്‍ പിടിച്ചു തൂങ്ങിയാണ് മല കയറിയത്. പകല്‍ സമയത്ത് കുറ്റിച്ചെടികളുടെ മറവില്‍ ഒളിച്ചിരിക്കും. രാത്രി കൈവശമുള്ള രണ്ചു കുടകള്‍ നിവര്‍ത്തി അതിനു കീഴില്‍ കുഞ്ഞുങ്ങളെ കിടത്തിയുറക്കും. ഭക്ഷണവും വെള്ളവുമൊന്നുംമില്ലാത്ത ദിവസങ്ങളായിരുന്നു അതെന്ന് ഇസ്മാഈല്‍ ഓര്‍ക്കുന്നു. രണ്ടു ദിവസമാണ് രക്ഷതേടി ഓടിയതെങ്കിലും മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ദുരിതമായാണ് തോന്നിയത്.മ്യാന്‍മറിലെ മൗങ്ദാ ജില്ലയിലാണ് ഇസ്മാഈലും കുടുംബവും താമസിച്ചിരുന്നത്. അവിടെയുണ്ടായ അക്രമത്തില്‍ ഗ്രാമത്തിലെ മിക്കവീടുകളും കത്തിച്ചു. ഇരുപത് വീടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗ്രാമത്തിലെ ചില കൂടുംബങ്ങള്‍ ഇപ്പോഴും വനത്തിനകത്ത് ഒളിച്ചിരിക്കുകയാണ്. എന്നാല്‍ ആരും അവശേഷിക്കാത്ത ഗ്രാമങ്ങളും മൗങ്ദാ ജില്ലയിലുണ്ടെന്നും ഇസ്മാഈല്‍ പറഞ്ഞു. രക്ഷതേടി ഓടുമ്പോള്‍ വഴി ചോദിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. ഒരു കനാല്‍ മുറിച്ചു കടക്കുമ്പോള്‍ രണ്ട് മ്യാന്‍മര്‍ സൈനികര്‍ തോക്കുചൂണ്ടി വെടിവെക്കാനൊരുങ്ങി. രക്ഷതേടി ബംഗ്ലാദേശിലേക്ക് പോകുകയാണെന്നു കരഞ്ഞു പറഞ്ഞതോടെ വെറുതെ വിടുകയായിരുന്നു.കനത്ത മഴയത്തായിരുന്നു കുഞ്ഞുങ്ങളെയുമായുള്ള യാത്ര, അഭയം തേടി ആളൊഴിഞ്ഞ ഒരു വീട്ടില്‍ കയറിയപ്പോള്‍ അവിടെ തല അറുത്തു മാറ്റപ്പെട്ട അഞ്ച് ആണ്‍കുട്ടികളുടെ മൃതദേഹമുണ്ടായിരുന്നു. അതോടെ ആ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നും ഇസ്മാഈല്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് കോക്‌സ്ബസാര്‍ അഭയാര്‍ഥി താവളത്തിലെത്തിയത്. ആയിരങ്ങളാണ് ഓരോ ദിവസവും ഇവിടെ വരുന്നത്. രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ കാണാതായ കുഞ്ഞുങ്ങളെയോര്‍ത്ത് വിതുമ്പുന്ന മാതാപിതാക്കളും വഴിയിലുപേക്ഷിക്കേണ്ടിവന്ന വൃദ്ധരെയോര്‍ത്ത് കരയുന്നവരും കാംപിലുണ്ടെന്നും ഇസ്മാഈല്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss