|    Nov 17 Sat, 2018 9:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കടലില്‍ കാണാതായവരെ തിരയാത്തതില്‍ പ്രതിഷേധം; അതും പോലിസിന് തീവ്രവാദം

Published : 1st August 2018 | Posted By: kasim kzm

കൊച്ചി: നീതിനിര്‍വഹണത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് മുന്നേറുകയാണ് കേരള പോലിസ്. വൈപ്പിന്‍ കുഴുപ്പിള്ളിയില്‍ കടലില്‍ കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്താത്തതില്‍ പ്രതിഷേധിച്ചതും തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ലിസ്റ്റില്‍പ്പെടുത്തിയിരിക്കുകയാണ് നിയമപാലകര്‍.
സിപിഎം ഒഴികെ സകല രാഷ്ട്രീയപ്പാര്‍ട്ടികളും ജാതിമതഭേദെമന്യേ പൊതുജനങ്ങളുമാണ് കഴിഞ്ഞമാസം ഇവിടെ പ്രതിഷേധവും റോഡ് തടയലും നടത്തിയത്. ഇതേത്തുടര്‍ന്നാണ് തിരച്ചിലിന് അധികൃതര്‍ നടപടി സ്വീകരിച്ചതും. എന്നാല്‍ അന്നത്തെ പ്രതിഷേധ പരിപാടിയുടെയും റോഡ് തടയലിന്റെയും വീഡിയോയും ഫോട്ടോയും പരിശോധിച്ച് അതില്‍ മുസ്‌ലിംകളെ തിരഞ്ഞു പിടിക്കുകയാണ് പോലിസ്. മുസ്‌ലിംകളല്ലാത്തവരെ ഇതിന്റെ പേരില്‍ വിളിച്ചുവരുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. കസ്റ്റഡിയിലെടുക്കുന്നവരെ ഏതെങ്കിലും തരത്തി ല്‍ കേസില്‍ പെടുത്താനാവുമോയെന്നാണ് പോലിസ് പരിശോധിക്കുന്നത്.
24 മണിക്കൂര്‍ ചോദ്യംചെയ്യലിനിടെ കസ്റ്റഡിയിലുള്ളവരെ ഹാദിയയുടെ വിവാഹം അസാധുവാക്കിയ വിധിയില്‍ പ്രതിഷേധിച്ച് നടന്ന ഹൈക്കോടതി മാര്‍ച്ചില്‍ പങ്കെടുത്തവരാണോയെന്നാണ് ആദ്യം പോലിസ് പരിശോധിക്കുന്നത്. അതില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ പിന്നെ ജില്ലയില്‍ നടന്ന ഏതെങ്കിലും പ്രകടനങ്ങളുടെ സമീപത്തു കൂടെയെങ്കിലും പോയിട്ടുണ്ടോയെന്നു വരെ പരിശോധിക്കും. അങ്ങിനെയാണ് കുഴിപ്പുള്ളിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലെങ്കിലും കേസില്‍പ്പെടുത്താന്‍ പോലിസ് ശ്രമിച്ചത്. എന്നാല്‍ വിവിധ മതവിഭാഗങ്ങള്‍ പങ്കെടുത്ത പ്രകടനമായതിനാല്‍ കേസെടുക്കാതെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനു ശേഷം ഇവരെയൊക്കെ വിട്ടയക്കേണ്ടിവന്നു.
സ്ത്രീകളെ മാത്രമല്ല സ്‌കൂള്‍ വിദ്യാര്‍ഥികളെയും പോലിസ് വെറുതെ വിടുന്നില്ല. പറവൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോവാനുള്ള ശ്രമം പിതാവിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. രാത്രി നാലു വണ്ടി പോലിസാണ് സ്‌കൂള്‍ വിദ്യാര്‍ഥിയെ പിടികൂടാന്‍ വീട്ടിലേക്ക് ഇരച്ചെത്തിയത്. ഏറെ നേരത്തെ വാഗ്വാദത്തിനൊടുവില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ വയസ്സ് കണ്ടതോടെ ശ്രമം ഉപേക്ഷിച്ചു. വിദ്യാര്‍ഥിയെ പിടികൂടാനാവില്ലെന്നായതോടെ പിതാവിനോട്, മകനെ കഞ്ചാവ് മാഫിയക്കാരുടെ കൂടെ വിട്ടാലും ഇത്തരം പ്രസ്ഥാനക്കാരുടെ കൂടെ വിടരുതെന്ന കനപ്പെട്ട ഉപദേശവും നല്‍കിയാണ് പോലിസ് മടങ്ങിയത്.
ലൗജിഹാദിന്റെ പേരില്‍ കേസില്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ സംഭവവും പറവൂരിലുണ്ടായി. പരീക്ഷ കഴിഞ്ഞു കോളജില്‍ നിന്നു പുറത്തിറങ്ങിയ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് പോലിസ് ലൗ ജിഹാദ് ഭീഷണി മുഴക്കിയത്. വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണില്‍ ഹിന്ദു പെണ്‍കുട്ടികളുടെ ഫോ ണ്‍ നമ്പര്‍ കണ്ടതോടെയാണ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം വിട്ടത്. എന്തിനാണ് മറ്റു മതത്തിലെ പെണ്‍കുട്ടികളുടെ നമ്പറെന്നും ലൗ ജിഹാദാണോ ഉദ്ദേശ്യമെന്നും പോലിസുകാര്‍ ചോദിച്ചു. 19 വയസ്സുകാരനായ വിദ്യാര്‍ഥിക്ക് 2005ല്‍ നടന്ന കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പങ്കുണ്ടോ എന്നും പോലിസുകാര്‍ക്ക് അറിയേണ്ടതുണ്ടായിരുന്നു. 13 വര്‍ഷം മുമ്പ് ബസ് കത്തിക്കല്‍ സംഭവം നടക്കുമ്പോള്‍ ആറു വയസ്സു മാത്രമേ ഈ വിദ്യാര്‍ഥിക്കു പ്രായമുണ്ടാവൂ എന്ന കേവല യുക്തിയൊന്നും പോലിസുകാര്‍ക്ക് ബാധകമായിരുന്നില്ല. മാത്രമല്ല 15 വര്‍ഷം മുമ്പ് പറവൂരില്‍ നടന്ന കൊലപാതകക്കേസിനെക്കുറിച്ചുള്ള വിവരങ്ങളും ഈ വിദ്യാര്‍ഥിയില്‍ നിന്ന് അറിയേണ്ടിയിരുന്നു.
എടവനക്കാട് പ്രദേശത്തെ വീട്ടില്‍ ഞാറയ്ക്കല്‍ പോലിസ് ഭീതി ജനിപ്പിച്ചെത്തിയതിനെത്തുടര്‍ന്ന് വൃദ്ധയ്ക്ക് ഹൃദയാഘാതമുണ്ടായി. ഇവരെ പോലിസ് തന്നെ നാട്ടിലെ ആശുപത്രിയിലും പിന്നീട് എറണാകുളത്തുള്ള ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാല്‍ അതിനു ശേഷവും ദിവസം രണ്ടും മൂന്നും തവണ ഇതേ വീട്ടില്‍ കയറിയിറങ്ങുകയായിരുന്നു പോലിസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss