|    May 24 Wed, 2017 3:23 pm
FLASH NEWS

കടലില്‍ അശാസ്ത്രീയ നിര്‍മാണങ്ങള്‍ ഉണ്ടാവില്ല: മന്ത്രി

Published : 13th August 2016 | Posted By: SMR

തിരുവനന്തപുരം: തീരദേശ സംരക്ഷണത്തിന്റെ പേരില്‍ ഇനി കടലില്‍ കല്ലിടല്‍ ഉള്‍പ്പെടെയുള്ള അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സികുട്ടിയമ്മ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു പൊതുധാരണ ഉണ്ടായിട്ടുണ്ട്. ബദല്‍ മാര്‍ഗങ്ങളെപ്പറ്റി കൂട്ടായ ചര്‍ച്ചകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ നടത്തിയ ദ്വിദിന ദേശീയ ശില്‍പശാലയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആകെ 590 കിലോമീറ്ററുള്ള കേരളത്തിന്റെ തീരദേശത്തിന്റെ 63 ശതമാനം വരുന്ന ദുര്‍ബലമായ പ്രദേശം സംരക്ഷിക്കുന്നതിന് ഒറ്റ മാതൃക സ്വീകരിക്കാനാവില്ല. പരിസ്ഥിതി വകുപ്പ് തയ്യാറാക്കി നല്‍കിയ നയം ഒരു തുടക്കം മാത്രമാണ്. തീരദേശവുമായി ബന്ധപ്പെടുന്ന എല്ലാ കക്ഷികളുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രാതിനിധ്യം ഉറപ്പാക്കി ഒരു ടെക്‌നിക്കല്‍ കമ്മിറ്റി ഉണ്ടാക്കുകയാണ് ഇനി വേണ്ടതെന്ന് മന്ത്രി അറിയിച്ചു.
ഹാര്‍ബറും ലാന്‍ഡിങ് സെന്ററും ആവശ്യമാണ്. എന്നാല്‍, അവയുടെ നിര്‍മാണം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം ശാസ്ത്രീയമായി പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിര്‍മാണത്തില്‍ ഏര്‍പ്പെടാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
തീരപ്രദേശത്തുള്ള കല്ലിടല്‍ നിരോധനം ജലവിഭവ മന്ത്രി മാത്യു ടി തോമസ് സ്വാഗതം ചെയ്തു. മുന്‍ വിധികള്‍ ഇല്ലാത്ത പഠനവും അതില്‍ നിന്നുണ്ടാകുന്ന വ്യക്തമായ ധാരണകളുടെയും അടിസ്ഥാനത്തില്‍ ഒരു സ്ഥായിയായ പദ്ധതി രൂപപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day