|    Dec 14 Fri, 2018 8:43 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കടലിന്റെ മക്കള്‍ക്കും വേണം താങ്ങ്

Published : 31st August 2018 | Posted By: kasim kzm

എച്ച് സുധീര്‍

കേരളം പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറുകയാണ്. സര്‍വതും വിഴുങ്ങി പ്രളയം താണ്ഡവമാടിയപ്പോള്‍ ജീവന്‍ പോലും പണയപ്പെടുത്തി മരണമുഖത്തെത്തി നിരവധി ആളുകള്‍ക്ക് ജീവിതം സമ്മാനിച്ച മല്‍സ്യത്തൊഴിലാളികളാണ് ഇപ്പോള്‍ മലയാളക്കരയിലെ ഹീറോ. വെള്ളം കരയിലേക്ക് ഇരച്ചുകയറിയപ്പോള്‍ ആടിയുലഞ്ഞ വിവിധ ജില്ലകളില്‍ എഴുനൂറോളം മല്‍സ്യബന്ധന യാനങ്ങളിലെത്തിയ കടലിന്റെ മക്കള്‍ രക്ഷപ്പെടുത്തിയത് എഴുപതിനായിരത്തോളം ജീവനുകളാണ്. കേരളത്തിന്റെ സൈന്യമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ ഓഖി ചുഴലിക്കാറ്റ് കേരള തീരദേശത്ത് നാശം വിതച്ചപ്പോള്‍ പ്രതികൂല കാലാവസ്ഥയിലും ഉറ്റവരെയും ഉടയവരെയും തേടി കടലിന്റെ കാണാക്കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയ ഇവരുടെ മനശ്ശക്തി കണ്ടിട്ടാവാം മുഖ്യമന്ത്രി പ്രളയത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനു മല്‍സ്യത്തൊഴിലാളികളെ ആശ്രയിച്ചത്. ദുരന്തമുഖത്തേക്ക് പാഞ്ഞെത്തിയ അവര്‍ പങ്കായം കൊണ്ട് പുതിയ ചരിത്രം തീര്‍ക്കുകയായിരുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ മൂവായിരത്തോളം മല്‍സ്യത്തൊഴിലാളികളാണ് ചരിത്രദൗത്യത്തിലേക്ക് തുഴയെറിഞ്ഞത്. സര്‍ക്കാര്‍ സംവിധാനങ്ങളും സേനാവിഭാഗവും കടന്നുചെല്ലാന്‍ മടിച്ച മേഖലകളില്‍ പോലും ഇക്കൂട്ടര്‍ രക്ഷാകവചം തീര്‍ത്തു.
സുനാമിയും ഓഖി ചുഴലിക്കാറ്റും തീരദേശത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ നമ്മള്‍ അവരോട് കാണിച്ചതല്ല പ്രളയകാലത്ത് അവര്‍ തിരികെ തന്നത്. അതിനാല്‍ അവര്‍ക്ക് നാം പകരം നല്‍കേണ്ടത് പുകഴ്ത്തലുകളോ ആദരിക്കല്‍ ചടങ്ങുകളോ അല്ല; പകരം മല്‍സ്യബന്ധന സമൂഹം കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള സ്ഥായിയായ പരിഹാരമാണ്.
എക്കാലവും ദുരന്തപശ്ചാത്തലത്തില്‍ ജീവിക്കുന്നവരാണ് മല്‍സ്യത്തൊഴിലാളികള്‍. ദാരിദ്ര്യവും ബുദ്ധിമുട്ടും വിട്ടുമാറാത്ത വിഭാഗം. സംസ്ഥാനത്തിന്റെ വികസനത്തിനു മല്‍സ്യത്തൊഴിലാളികള്‍ നല്‍കുന്ന സംഭാവന നിസ്തുലമാണ്. എന്നാല്‍, ഇന്നും ഓരോ ദിവസവും കടലില്‍ പോവുന്ന മല്‍സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്കു പോലും സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ലെന്നത് വേദനാജനകമാണ്. ഓഖിയില്‍ മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകളില്‍ പോലും ഏറ്റക്കുറച്ചിലുകള്‍ പ്രകടമായതും ഇതേ കാരണത്താലാണ്.
2016ലെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് 42 മല്‍സ്യത്തുറകളുള്ള തിരുവനന്തപുരത്തെ തീരദേശത്ത് 1,68,701 ആണ് ജനസംഖ്യ. ഇതില്‍ മല്‍സ്യബന്ധനത്തിനു നിത്യവും പോകുന്നവര്‍ 49,762 പേരും. ഇവരില്‍ എത്ര പേര്‍ ഓഖി കലിതുള്ളിയപ്പോള്‍ കടലില്‍ പോയെന്ന കണക്ക് ഇതുവരെയും സര്‍ക്കാരില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ ലഭ്യമായിട്ടില്ല. നിരവധി പേര്‍ മരിക്കുകയും നൂറിലേറെ പേരെ കാണാതാവുകയും ലക്ഷക്കണക്കിനു രൂപയുടെ വള്ളങ്ങളും വലകളും മറ്റു മല്‍സ്യബന്ധന ഉപകരണങ്ങളും നശിക്കുകയും ചെയ്ത ഓഖി ദുരന്തം കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ ദുരന്തമായി രേഖപ്പെടുത്തിയതാണ്.
എന്നിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസം മരിച്ചവരുടെ വീടുകളിലോ നാശനഷ്ടം നേരിട്ടവരിലോ പൂര്‍ണമായി എത്തിയിട്ടില്ല. ദുരന്തത്തെപ്പറ്റി മുന്നറിയിപ്പു നല്‍കുന്നതിലും ദുരന്തം നേരിട്ടവരെ സഹായിക്കുന്നതിലും കാണാതായവരെ കണ്ടെത്തുന്നതിലും പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും സംവിധാനങ്ങളും പരസ്പരം പഴിചാരി അവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും നിസ്സംഗത പുലര്‍ത്തുകയാണ്.
ഇന്ത്യ മെറ്റീരിയോളജി ഡിപാര്‍ട്ട്‌മെന്റ് (ഐഎംഡി) ഉള്‍െപ്പടെയുള്ളവര്‍ കാലാവസ്ഥാ പ്രവചനം നടത്തുന്നുണ്ടെങ്കിലും അത് താഴേത്തട്ടിലേക്ക് എത്തുന്നില്ല. കടലില്‍ പോവുന്ന ഭൂരിഭാഗം മല്‍സ്യത്തൊഴിലാളികള്‍ക്കും യാതൊരുവിധ സുരക്ഷാ സംവിധാനവുമില്ല. ചെറുവള്ളങ്ങളില്‍ കടലില്‍ പോകുന്നവരുടേത് കൈവിട്ട കളിയാണ്. സുനാമിയോ കൊടുങ്കാറ്റോ, എന്തിന്, വീട്ടില്‍ ആര്‍ക്കെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ പോലും അവരെ അറിയിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് യുഎന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അംഗമായ മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടിയതുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ എത്രത്തോളം സുരക്ഷിതമല്ലാത്ത ജീവിതമാണ് ഇവരുടേതെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ഓഖി ഉണ്ടാക്കിയ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ദുരിതങ്ങള്‍ മാറിയിട്ടില്ല. ഇരകളുടെ അവസ്ഥ മെച്ചപ്പെടുകയോ നഷ്ടങ്ങള്‍ നികത്തപ്പെടുകയോ ചെയ്തിട്ടുമില്ല. ഈ മഹാദുരന്തത്തില്‍ നൂറുകണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷയും ആശ്രയവും നഷ്ടപ്പെട്ടു. അന്നത്തിനു വക തേടി പോയവര്‍ ജീവനോടെയുണ്ടോ എന്നറിയാതെ ഇന്നോ നാളെയോ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ഓരോ നിമിഷവും തള്ളിനീക്കുന്നവര്‍ ഇന്നും തീരപ്രദേശത്തുണ്ട്. രാജ്യത്തെ നടുക്കിയ സുനാമി ആഞ്ഞടിച്ചപ്പോള്‍ നേരിട്ടതിനേക്കാളും കുടുതല്‍ നഷ്ടങ്ങളാണ് ഓഖി ചുഴലിക്കാറ്റ് സമ്മാനിച്ചത്.
ഓഖി ദുരന്തത്തില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്ത കുടുംബങ്ങളെ പോലെത്തന്നെ കടലിന്റെ അരികുപറ്റി ജീവിക്കുന്ന മല്‍സ്യത്തൊഴിലാളി സ്ത്രീകളും ഇന്നു കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഫിഷറീസ് ഡയറക്ടറേറ്റിന്റെ കണക്കു പ്രകാരം കേരളത്തിലെ മൊത്തം പുരുഷ കടല്‍ മല്‍സ്യത്തൊഴിലാളികള്‍ 3.02 ലക്ഷമാണെങ്കില്‍ സ്ത്രീകള്‍ 2.70 ലക്ഷമുണ്ട്. കേരളത്തില്‍ അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങള്‍ വീടില്ലാത്തവരായുണ്ട്. ഇതില്‍ ഭൂരിഭാഗവും മല്‍സ്യത്തൊഴിലാളി കുടുംബങ്ങളാണ്.
ഇതൊക്കെ അന്വേഷിക്കാനും ചെയ്യാനും ബാധ്യതപ്പെട്ടവരാകട്ടെ മറ്റു കാര്യങ്ങള്‍ക്കു പിന്നാലെയാണ്. മാധ്യമങ്ങളും പൊതുസമൂഹവും സോഷ്യല്‍ മീഡിയയുമൊന്നും ഇതേക്കുറിച്ച് ഓര്‍ത്ത് വേവലാതി കൊള്ളുന്നുമില്ല. ഓഖി ദുരന്തത്തിനു പിന്നാലെ കേരളത്തിലെ തീരമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് 2000 കോടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതില്‍ 196 കോടി മാത്രമാണ് സംസ്ഥാനത്ത് ലഭ്യമായത്. ബാക്കി തുക ലഭിക്കാന്‍ ഇനിയും കാത്തിരിപ്പു തുടരണമെന്നതിനാല്‍ തീരമേഖലയുടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുമെന്നതില്‍ സംശയമില്ല. 7350 കോടിയുടെ പദ്ധതിയാണ് കേന്ദ്രത്തിനു മുന്നില്‍ കേരളം സമര്‍പ്പിച്ചിരുന്നത്.
ഓഖി ദുരന്തത്തില്‍ സിഎംഡിആര്‍എഫും എസ്ഡിആര്‍എഫും വഴി ലഭിച്ചത് 218 കോടിയാണ്. ഇതില്‍ ഉത്തരവായതും ചെലവഴിച്ചതും 116.79 കോടിയാണ്. ഓഖിയില്‍ 384 ബോട്ടുകളും 450 വലകളും നശിച്ചുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇതിന്റെ നഷ്ടപരിഹാരം ഇനിയും പൂര്‍ണമായും നല്‍കിയിട്ടില്ല. മഴക്കാലമാകുന്നതോടെ കടലാക്രമണം രൂക്ഷമാകുമെന്നിരിക്കെ ശാസ്ത്രീയമായ പുലിമുട്ട്, കടല്‍ഭിത്തി നിര്‍മാണവും അടിയന്തര പ്രാധാന്യത്തോടെ ചെയ്തുതീര്‍ക്കേണ്ട പ്രവൃത്തികളും പണമില്ലാതെ മുടങ്ങിക്കിടക്കുകയാണ്. ഓഖി ദുരിതബാധിതരായ 143 കുടുംബങ്ങളിലെ ആശ്രിതര്‍ക്കു തൊഴില്‍ നല്‍കാനുള്ള പദ്ധതിയും പാതിവഴിയിലാണ്.
കേരളത്തിനുള്ള മണ്ണെണ്ണ സബ്‌സിഡി കേന്ദ്രം പൂര്‍ണമായി നിര്‍ത്തലാക്കിയതും മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇരുട്ടടിയാണ്. ഓഖി ദുരന്തത്തിനു ശേഷം കടലിലുണ്ടായ മാറ്റങ്ങളെക്കുറിച്ചു പഠനം നടത്തുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. കേരള തീരത്ത് അടിക്കടി ചുഴലിക്കാറ്റ് ഉണ്ടാകുന്നതിനെക്കുറിച്ചു ശാസ്ത്രീയ പഠനം നടത്തണമെന്ന നിര്‍ദേശത്തിലും അന്തിമ തീരുമാനം ആയിട്ടില്ല.
കേരള തീരത്ത് ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നു 376 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി തകര്‍ന്നുവെന്നാണ് ജലസേചന വകുപ്പിന്റെ കണക്ക്. സംസ്ഥാനത്താകെ 576 കിലോമീറ്റര്‍ കടല്‍ത്തീരമാണുള്ളത് എന്നതില്‍ നിന്നുതന്നെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാണ്. ഓഖിയില്‍ തകര്‍ന്ന തീരമേഖലയുടെ പുനരധിവാസം അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഈ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയ നല്ല മാതൃകകള്‍ പഠിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ ആവശ്യമായ പണം അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തണം.
തീരദേശത്ത് പ്രത്യേക റേഡിയോ നിലയങ്ങള്‍ സ്ഥാപിക്കുന്നതും വള്ളങ്ങള്‍ക്ക് ജിപിഎസ് ടാഗ് ഇടുന്നതും ഗുണകരമാവും. ഇന്നത്തെ കാലത്ത് ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്നത് വലിയ വെല്ലുവിളിയല്ല. ഇതിനു ഭരണകൂടത്തിന്റെ മനക്കരുത്തും ഒപ്പം രാഷ്ട്രീയത്തിനും മതത്തിനും അതീതമായി കൂട്ടായ പ്രയത്‌നവും അനിവാര്യമാണ്. കഴിഞ്ഞുപോയ പ്രളയത്തില്‍ സര്‍വരും ഒറ്റക്കെട്ടായി നിന്നു പോരാടിയ മാതൃക ഇനിയുള്ള കാലത്തും നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തണം. പ്രളയം നമുക്ക് നല്‍കിയ ഏറ്റവും വലിയ പാഠവും അതാണ്. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss