|    Jul 16 Mon, 2018 8:19 pm
FLASH NEWS

കടലാടിപ്പാറ ഖനനം: തെളിവെടുപ്പ് ഇന്ന്; ജനകീയ പ്രതിഷേധം ശക്തം

Published : 5th August 2017 | Posted By: fsq

 

നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് കളിമണ്‍ ഖനനം നടത്തുന്നതിന്റെ ഭാഗമായി സ്ഥലം ലീസിനെടുത്ത ആശാപുര കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് പൊതുതെളിവെടുപ്പ് ഇന്ന് രാവിലെ 10ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ഖനനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ പൊതുതെളിവെടുപ്പിന് ജില്ലാ ഭരണകൂടം കനത്ത സുരക്ഷ ഒരുക്കുന്നുണ്ട്. ഖനനത്തിനെതിരെ രുപീകരിച്ച ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പൊതുതെളിവെടുപ്പ് നടത്തുന്ന ഹാള്‍ ഉപരോധിക്കും. ഖനനം നടക്കുന്ന കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ തെളിവെടുപ്പ് നടത്താന്‍ തീരുമാനിച്ചത് കമ്പനിക്ക് വേണ്ടിയാണെന്നും ഇതുമായി നാട്ടുകാരോ പഞ്ചായത്തിലെ രാഷ്ട്രീയ കക്ഷികളോ തൊഴിലാളി സംഘടനകളോ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെളിവെടുപ്പ് പ്രഹസനവും ഉദ്യോഗസ്ഥ-കമ്പനി ലോബിയുടെ ഒത്തുകളിയുമാണെന്നാണ് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കുന്നത്. പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ അന്തസത്തക്ക് നിരക്കാത്ത നടപടിയാണ് കമ്പനിക്ക് തെളിവെടുപ്പിന് സഹായം ചെയ്യുന്നതിലൂടെ ജില്ലാ കലക്ടര്‍ സ്വീകരിക്കുന്നതെന്നാണ് കമ്മറ്റി ഭാരവാഹികള്‍ പറയുന്നത്. പദ്ധതി പ്രദേശത്തോ തൊട്ടടുത്തോ വച്ച് തെളിവെടുപ്പ് നടത്തണമെന്ന നിബന്ധന സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് 30 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു താലൂക്കില്‍ തെളിവെടുപ്പ് നിശ്ചയിച്ചതു ജനങ്ങളെ ഒഴിവാക്കി കമ്പനിയെ സഹായിക്കാനാണെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. വ്യാജമായി തയ്യാറാക്കിയതാണെന്ന് തെളിഞ്ഞതിനാല്‍ കമ്പനി തന്നെ പിന്‍വലിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. 2015 ജനുവരി 13ന് അന്നത്തെ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി പ്രതിനിധികളുടെയും കമ്പനി പ്രതിനിധികളുടെയും യോഗത്തില്‍ ഇത്തരം രേഖകള്‍ വച്ച് പൊതുതെളിവെടുപ്പ് സാധ്യമല്ലെന്നു കലക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരിയായ പഠനം നടത്തി റിപോര്‍ട്ട് നല്‍കാമെന്ന് അറിയിച്ച് കമ്പനി പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ആദ്യം പരിസ്ഥിതി പഠന റിപോര്‍ട്ട് തയ്യാറാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഎസ്‌ഐആറിന്റെ ഘടക സ്ഥാപനമായ തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജിയിലെ സീനീയര്‍ സയന്റിസ്റ്റായ ഡോ. അന്‍സാരിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരുതവണ മാത്രം സ്ഥലം സന്ദര്‍ശിച്ച ഇദ്ദേഹം ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉദ്യമം ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 2008ല്‍ ഹൈദരബാദിലെ സ്വകാര്യ കമ്പനി തയ്യാറാക്കിയ  റിപോര്‍ട്ടുമായി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് തെളിവെടുപ്പിന് അനുമതി നേടിയതെന്നും ആരോപണമുണ്ട്. നിര്‍ദ്ദിഷ്ട ഖനന ഭൂമിയില്‍ 82.65 ഏക്കര്‍ ഭൂമി സോളാര്‍ പാര്‍ക്ക് നിര്‍മിക്കാന്‍ കെഎസ്ഇബിക്ക്   നല്‍കിയിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ നിന്നും മറച്ചുവച്ചാണ് തെളിവെടുപ്പിന് അനുമതി നേടിയെടുത്തതെന്നും സമര സമിതി ഭാരവാഹികള്‍ പറയുന്നു. ഉപരോധത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ കരിദിനമായി ആചരിക്കുകയും വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധിക്കുകയും പന്തംകൊളുത്തി പ്രകടനം നടത്തുകയും ചെയ്തിരുന്നു. 2007ലും 2013 ലും ഖനനവുമായി ബന്ധപ്പെട്ട നടപടികളുമായി കമ്പനി ആരംഭിച്ചപ്പോള്‍ ബഹുജന പ്രക്ഷോഭം കടലാടിപ്പാറയില്‍ നടന്നിരുന്നു.  2007ല്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ കാലത്താണ് കടലാടിപ്പാറ ഖനനത്തിന് ആശാപുര കമ്പനിക്ക് അനുമതി നല്‍കിയത്. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് ജനകീയ പ്രക്ഷോഭം തുടങ്ങിയതോടെ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss