|    Apr 24 Tue, 2018 4:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കടലാക്രമണത്തിന് ശാശ്വത പരിഹാരം തീരങ്ങളില്‍ കാറ്റാടി മരങ്ങള്‍

Published : 18th July 2016 | Posted By: SMR

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: സംസ്ഥാനത്തെ തീരങ്ങളില്‍ കടലാക്രമണം ശക്തമായ സാഹചര്യത്തില്‍ കടല്‍ഭിത്തികളെക്കാള്‍ ശാശ്വതപരിഹാരം കാറ്റാടി മരങ്ങള്‍ നടുകയാണെന്ന് പഠനങ്ങള്‍. കേരള സര്‍വകലാശാലയ്ക്ക് കീഴിലെ ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2005 ല്‍ ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളില്‍ കാറ്റാടി മരങ്ങള്‍ വനം വകുപ്പ് നട്ടിരുന്നു. ആ ഭാഗങ്ങളില്‍ ഇപ്പോഴും കടലാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പഠന റിപോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍, കാറ്റാടി മരങ്ങള്‍ നടുന്നതിനോട് വിവിധ പഞ്ചായത്തുകളും നഗരസഭകളും അനുകൂല നടപടിയെടുക്കുന്നില്ലെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി ആര്‍ ജയകൃഷ്ണന്‍ പറയുന്നു. ഇതാണ് 2005ല്‍ തുടങ്ങിയ ഹരിതതീരം പദ്ധതിയുടെ പരാജയകാരണം. നാട്ടികയിലും എറണാകുളത്തും, പുറക്കാട് പഞ്ചായത്തിലും തോട്ടപ്പള്ളിയിലും നാട്ടുകാരുടെ പിന്തുണ കൂടി ഉള്ളതിനാല്‍ വിജയിപ്പിക്കാനായി. അദ്ദേഹം പറഞ്ഞു.
കടല്‍ഭിത്തിപോലും കടലാക്രമണത്തില്‍ ഭൂമിയിലേക്ക് താഴ്ന്ന് പോവുന്ന സാഹചര്യമാണ് പൊന്നാനി, പരപ്പനങ്ങാടി, താനൂര്‍ തീരങ്ങളില്‍ കാണുന്നത്. ഇതുകൊണ്ടുതന്നെ പ്രകൃതിയോട് ഇണങ്ങുന്ന കാറ്റാടി മരങ്ങള്‍ നടല്‍ മാത്രമാണ് വിജയമെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.
സംസ്ഥാനത്തെ 600 കിലോമീറ്റര്‍ തീരത്ത് കടലാക്രമണ ദുരിതം അനുഭവിക്കുന്നുണ്ട്. എന്നാല്‍, ഫലപ്രദമായ പരിഹാര നടപടികളെടുക്കുന്നതില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയാണ് ഉണ്ടാവുന്നത്ത്. ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠന റിപോര്‍ട്ട് പ്രകാരം കടലാക്രമണ ഭീഷണി തടയാന്‍ ഫലപ്രദമായ മാര്‍ഗം തീരങ്ങളില്‍ കാറ്റാടി മരങ്ങള്‍ നടുന്നത് മാത്രമാണ്. പരിസ്ഥിതി വാദികള്‍ നിരവധി തവണ ഇക്കാര്യം മാറി മാറി വന്ന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സംസ്ഥാനത്തെ 370 കിലോമീറ്റര്‍ കടല്‍ത്തീരം പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇവിടങ്ങളില്‍ കടലാക്രമണ സാധ്യതയും കൂടുതലാണ്. ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ വന്‍ ദുരന്തമാണ് സംഭവിക്കുകയെന്നും പഠനങ്ങള്‍ പറയുന്നു.
വെളിയംകോട് മുതല്‍ പൊന്നാനി വരെയും തിരൂര്‍ പരപ്പനങ്ങാടി മുതല്‍ എലത്തൂര്‍ വരെയും, ചെറിയമങ്ങാട് തിക്കോടി വരെയും, അയനിക്കാട് വടകര വരെയും, മടക്കര പുതിയാപ്പ അങ്ങാടിവരെയും, തൃക്കരിപ്പൂര്‍ നീലേശ്വരം വരെയും, കാഞ്ഞങ്ങാട് കാസര്‍കോട് വരെയുമാണ് സംസ്ഥാനത്ത് കടലാക്രമണം കൂടുതല്‍ നാശം വിതയ്ക്കുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ പൂവാര്‍ മുതല്‍ വിഴിഞ്ഞം, കോവളം, പെരുന്നതുരത്ത് നീണ്ടകര, കായംകുളം പൊഴി അമ്പലപ്പുഴ, അമ്പലപ്പുഴ തുമ്പോളി, ചെല്ലാനം, കൊച്ചി ഹാര്‍ബര്‍, അഴീക്കോട് കൊഴിപ്പുറം, ഏങ്ങണ്ടിയൂര്‍ ചാവക്കാട് തീരങ്ങളും കടലാക്രമണ പ്രദേശങ്ങളെന്ന് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് നടത്തിയ പഠന റിപോര്‍ട്ടില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss