|    Jul 26 Wed, 2017 6:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കടലാക്രമണം; പുന്നപ്രയില്‍ 27 വള്ളങ്ങള്‍ തകര്‍ന്നു

Published : 3rd August 2016 | Posted By: SMR

അമ്പലപ്പുഴ: പുന്നപ്ര തീരത്ത് ശക്തമായ കടലാക്രമണം. ചള്ളിക്കടപ്പുറത്ത് നങ്കൂരമിട്ടിരുന്ന 27 വള്ളങ്ങള്‍ കനത്ത തിരമാലയില്‍പ്പെട്ട് തകര്‍ന്നു. ആളപായമില്ല. 20 കോടിയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. ചാകരയുടെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വള്ളങ്ങള്‍ ചള്ളിക്കടപ്പുറത്ത് നങ്കൂരമിട്ടത്.
മല്‍സ്യബന്ധനത്തിനു ശേഷം കരയ്‌ക്കെത്തിച്ചെങ്കിലും അര്‍ധരാത്രി ആരംഭിച്ച കടലാക്രമണത്തില്‍ ഒഴുകിപ്പോവുകയായിരുന്നു. ചെറുതും വലുതുമായ വള്ളങ്ങള്‍ക്കൊപ്പം ഇവയുടെ എന്‍ജിനുകളും വലകളും തകര്‍ന്നു. കടലാക്രമണത്തില്‍ ഏകദേശം 300 മീറ്ററോളം കരയിലേക്ക് തിരമാല ഇരച്ചുകയറി. കരയിലുണ്ടായിരുന്ന 60 ഓളം വള്ളങ്ങള്‍ മല്‍സ്യത്തൊഴിലാളികള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു. പിന്നീട് കായംകുളത്തുനിന്ന് ഫിഷറീസ് വകുപ്പിന്റെ ബോട്ടെത്തി അപകടത്തില്‍പ്പെട്ട വള്ളങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ ശ്രമമാരംഭിച്ചു.
അതിനിടെ, രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ മല്‍സ്യത്തൊഴിലാളികള്‍ ഇന്നലെ രാവിലെ 7.45ഓടെ പുന്നപ്ര കളത്തട്ട് ജങ്ഷനു സമീപം ദേശീയപാത ഉപരോധിച്ചു. പുലര്‍ച്ചെ മുതല്‍ തന്നെ ധീവരസഭാ നേതാക്കള്‍ സഹായമഭ്യര്‍ഥിച്ച് റവന്യൂ, കോസ്റ്റ്ഗാര്‍ഡ്, തീരദേശ പോലിസ് എന്നിവരെ പലതവണ ബന്ധപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥരാരും അപകടസ്ഥലത്തെത്തിയില്ല.
ആലപ്പുഴ സൗത്ത് സിഐ കെ എന്‍ രാജേഷ്, പുന്നപ്ര എസ്‌ഐ ഇ ഡി ബിജു എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തിയെങ്കിലും ഉപരോധത്തില്‍ നിന്നു പിന്‍മാറാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. പിന്നീട് തഹസില്‍ദാര്‍ ആശ, ഡിവൈഎസ്പി എം ഇ ഷാജഹാന്‍ എന്നിവര്‍ ചര്‍ച്ചനടത്തി. വള്ളങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ ബോട്ട് എത്തിക്കാമെന്നും മറ്റു പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്നുമുള്ള തഹസില്‍ദാരുടെ ഉറപ്പിന്‍മേല്‍ ഒമ്പതോടെ ഉപരോധം അവസാനിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക