|    Sep 21 Thu, 2017 7:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കടബാധ്യത; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പിതാവ് ജീവനൊടുക്കി

Published : 14th November 2016 | Posted By: SMR

ബെള്ളൂര്‍ (കാസര്‍കോട്): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മക്കളുടെ ചികില്‍സയ്ക്കു കടം വാങ്ങിയ പണം വീട്ടാനാവാതെ പിതാവ് തൂങ്ങിമരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയായ ബെള്ളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട കിന്നിങ്കാര്‍ ചിപ്ലു കോട്ട ഹൗസിലെ ജഗന്നാഥ പൂജാരി(54)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെ വീടിന് സമീപത്തെ മരത്തില്‍ കെട്ടിത്തൂങ്ങിയാണ് ജീവനൊടുക്കിയത്.
വാണിനഗര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ അറ്റന്‍ഡറായിരുന്നു. ഇദ്ദേഹത്തിന്റെ മക്കളായ ഹരി കിരണ്‍, ഹരി സ്മിത എന്നിവര്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശത്ത് ജീവിക്കുന്നതുമൂലം കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സയിലാണ്.
നിരവധി ആശുപത്രികളില്‍ ചികില്‍സിച്ചെങ്കിലും കാഴ്ച തിരിച്ചുകിട്ടിയിരുന്നില്ല. ചികില്‍സയ്ക്കായി പലരില്‍നിന്നും ബാങ്ക് വഴിയും പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാത്തതും പുതിയ സാമ്പത്തിക പ്രതിസന്ധിയുമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും മറ്റ് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. കഴിഞ്ഞ നാലിന് ബെള്ളൂര്‍ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ രാജീവി ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാല്‍ ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനെതിരേ കേസെടുത്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ബെള്ളൂര്‍ പഞ്ചായത്തിന് ആംബുലന്‍സ് അനുവദിച്ചിരുന്നു. എന്നാല്‍ ജഗന്നാഥ പൂജാരിയുടെ മൃതദേഹം കൊണ്ടുവരാന്‍ സിപിഎം ഭരിക്കുന്ന ബെള്ളൂര്‍ പഞ്ചായത്ത് അധികൃതര്‍ ആംബുലന്‍സ് നല്‍കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഭാര്യ: രേവതി. സഹോദരങ്ങള്‍: സീനപ്പ പൂജാരി, എല്യാന പൂജാരി, ബാബു പൂജാരി, സഞ്ജീവ പൂജാരി, നാരായണ പൂജാരി, സുന്ദര പൂജാരി, കമല, രാജീവി, ഭാഗ്യരഥി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക