|    Mar 23 Thu, 2017 10:06 am
FLASH NEWS

കടപ്പുറത്തിന്റെ കുടിവെള്ള ക്ഷാമത്തിന് പഞ്ചായത്ത് രൂപീകരണത്തോളം പഴക്കം

Published : 22nd October 2015 | Posted By: SMR

കെ എം അക്ബര്‍

ചാവക്കാട്: പടിഞ്ഞാറ് കണ്ണെത്താ ദൂരത്തോളം പരന്ന കിടക്കുന്ന അറബിക്കടല്‍. തെക്ക് അറബിക്കടലും ചേറ്റുവ പുഴയും സന്ധിക്കുന്ന ചേറ്റുവ അഴിമുഖം, കിഴക്ക് ചേറ്റുവ പുഴയും നീളത്തിലൊഴുകുന്ന കനോലി കനാലും. വെള്ളത്താല്‍ ചുറ്റപ്പെട്ടാണ് കിടപ്പെങ്കിലും ഇവയൊന്നും കുടിക്കാനാവില്ലല്ലോ? ഇതുതന്നേയാണ് കടപ്പുറം നിവാസികളുടെ പ്രശ്‌നം.
പഞ്ചായത്ത് രൂപീകരണത്തോളം പഴക്കമുണ്ട് കടപ്പുറം പഞ്ചായത്ത് നിവാസികളുടെ കുടിവെള്ളക്ഷാമത്തിന്. എല്ലാ തിരഞ്ഞടുപ്പ് കാലത്തും മുഖ്യ വാഗ്ദാനം കുടിവെള്ള ക്ഷാമം നേരിടുന്നതിനുള്ള നടപടികള്‍ കൈകൊള്ളുമെന്ന് തന്നെയാണ്. ഇത്തവണയും അതിന് മാറ്റമൊന്നും വന്നിട്ടില്ല. പഞ്ചായത്തിലെ അഴിമുഖം മുതല്‍ ബ്ലാങ്ങാട് വരേ നീളുന്ന കടലോര പ്രദേശവും കറുകമാട്, വട്ടേകാട്, അടിതിരുത്തി മേഖലകളും കുടിവെള്ളക്ഷാമം കൊണ്ട് വലയുമ്പോള്‍ വാഗ്ദാനം നിറവേറ്റാന്‍ ഭരണാധികാരികള്‍ ആത്മാര്‍ഥമായി ശ്രമിക്കാറില്ല.
വാഗ്ദാനം നിറവേറ്റിയാലും ഇല്ലെങ്കിലും കാലങ്ങളായി തങ്ങള്‍ക്ക് ലഭിക്കാറുള്ള പാരമ്പര്യ വോട്ടുകള്‍ക്ക് വിള്ളല്‍ വീഴ്ത്താന്‍ ഇക്കുറിയും എതിരാളികള്‍ക്ക് കഴിയില്ലെന്ന ഉറച്ച വിശ്വാസം തന്നേയാണ് അതിന് പ്രധാന കാരണം. പൊതു ടാപ്പുകളിലൂടെ ലഭിക്കുന്ന വെള്ളത്തെ മാത്രം ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബാംഗങ്ങളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്നത്. കിണര്‍ കുഴിക്കാമെന്ന് വെച്ചാല്‍ ലഭിക്കുക ഉപ്പ് രസമുള്ള വെള്ളം. ആവശ്യത്തിന് കുടിവെള്ളം ലഭിക്കാതായതോടെ പണം നല്‍കിയാണ് പലരും വെള്ളം വാങ്ങുന്നത്. 750 ലിറ്റര്‍ വെള്ളത്തിന് 200 രൂപ നല്‍കണം. ചിലയിടങ്ങളില്‍ വെള്ളം കൊണ്ടു വരുന്നതിന്റെ ദൂരത്തിനനുസരിച്ച് തുക കൂടും.
എന്നാല്‍, പണം നല്‍കി വെള്ളം വാങ്ങാനാവാത്ത നിര്‍ധനരുടെ അവസ്ഥയാണ് ഇതിലും ദയനീയം. അവര്‍ ഉപ്പ് വെള്ളം ഉപയോഗിച്ച് കുളിക്കണം. മറ്റു പ്രഥമികാവശ്യങ്ങള്‍ക്കും ഉപ്പു വെള്ളം തന്നെ ശരണം. പിന്നെ കുടിക്കാനായി ഒരു കുടം വെള്ളത്തിനായി അലയണം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എണ്ണിയാലൊടുങ്ങാത്ത വിധം പൊതു ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന ടാപ്പുകളിലൂടേയാണ് വെള്ളം ലഭിക്കുന്നത്. ഭരണകര്‍ത്താക്കള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും പണം നല്‍കി പൊതു പൈപ്പുകളില്‍ നിന്നും അനധികൃതമായി കണക്ഷനുകളെടുക്കുന്നതും ഇവിടെ പതിവാണ്. ഭരണാധികാരികളുടെ പാര്‍ട്ടിക്കാരും ബന്ധുക്കളുമാണ് ഇത്തരത്തില്‍ അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് വീട്ടിലേക്ക് വെള്ളമെടുക്കുന്നത്.
ഇതാണ് പൊതു ടാപ്പുകളിലൂടെ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിന്റെ പ്രധാന കാരണം. 23 ലക്ഷം രൂപ ചെലവിട്ട് മാസങ്ങള്‍ക്ക് മുമ്പ് തൊട്ടാപ്പില്‍ കുടുവെള്ള പദ്ധതി ഉദ്ഘാടനം ചെയ്‌തെങ്കിലും ഒരു ദിവസം പോലും ഇവിടെ നിന്നും വെള്ളം വിതരണം ചെയ്യാനായില്ല. ചരല്‍ വെള്ളമായിരുന്നു ഇവിടെ നിന്നും ലഭിച്ചത്. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് സ്ഥലത്ത് പരിശോധന നടത്താതിരുന്നതായിരുന്നു ഇതിന് പ്രധാന കാരണം. ഇതോടെ 23 ലക്ഷം രൂപ വെള്ളത്തിലായി. ഇത്തരത്തില്‍ നിരവധി പദ്ധതികളാണ് പഞ്ചായത്ത് ഭരണാധികാരികളുടെ അനാസ്ഥയും പിടിപ്പുകേടും മൂലം ഉപയോഗ ശൂന്യമായിട്ടുള്ളത്. എന്നാല്‍ ഇത്തരം നടപടികള്‍ക്കെതിരേ ശബ്ദമുയര്‍ത്തേണ്ട പ്രതിപക്ഷം പഞ്ചായത്ത് ഭരണക്കാര്‍ക്കൊപ്പം ചേര്‍ന്ന് അഡ്ജസ്റ്റ്‌മെന്റ് ഭരണം നടത്തുകയാണെന്നാണ് ജനങ്ങളുടെ ആരോപണം. ഇതോടെ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന തങ്ങളുടെ പതിവ് വാഗ്ദാനം വോട്ടര്‍മാര്‍ ഇത്തവണ സ്വീകരിക്കുമോയെന്ന് ആശങ്കയിലാണ് ഇരുമുന്നണികളും.

(Visited 62 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക