|    Oct 23 Tue, 2018 12:37 am
FLASH NEWS

കടപ്പാട് കാവിയോട്

Published : 10th May 2017 | Posted By: mi.ptk

എസ്. നിസാര്‍
സെക്രട്ടറി എന്ന നിലയില്‍, സംസ്ഥാനത്തെ പാര്‍ട്ടി സംവിധാനത്തെ അപ്പാടെ തന്റെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ കഴിഞ്ഞ പിണറായിക്ക് പക്ഷേ, തന്റെ കൈവശമുള്ള ആഭ്യന്തര വകുപ്പിനെ വരുതിയിലാക്കാന്‍ അധികാരത്തിലേറി വര്‍ഷമൊന്നായിട്ടും കഴിഞ്ഞിട്ടില്ല.
അധികാരം കൈവശം വച്ചിരിക്കുന്നവനോടുള്ള വെറും കൊതിക്കെറുവിന്റെ നിലവാരത്തിലേക്കു താഴുകയാണ് നമ്മുടെ നാട്ടിലെ പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തനം. ഒരു സാധാരണക്കാരന് ഇത്തരമൊരു മിനിമം രാഷ്ട്രീയ നിരീക്ഷണം നടത്താനുള്ള വകയൊക്കെ നമ്മുടെ മുന്നണി മേലാളന്മാര്‍ ആവോളം നല്‍കിയിട്ടുണ്ട്. കാരണം, പ്രതിപക്ഷത്തിരിക്കെ തിളച്ചുപൊന്തുന്ന സമരാവേശവും ധാര്‍മികരോഷവും പോരാട്ടവീര്യവുമൊക്കെ അധികാരലബ്ധിയോടെ അപാരമായ ന്യായീകരണ പാടവത്തിലേക്കും ക്ഷിപ്രകോപത്തിലേക്കും ഭരണകൂട ധാര്‍ഷ്ട്യത്തിലേക്കുമൊക്കെയായി പരകായ പ്രവേശം നടത്തുന്നത് സ്ഥിരം പ്രതിഭാസമായിട്ട് കാലമേറെയായി. പ്രതിപക്ഷം ഭരണപക്ഷമാവുന്നതോടെ അതുവരെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതെല്ലാം മാറ്റിപ്പറയേണ്ടിവരുകയും മുന്‍ സര്‍ക്കാരിന്റെ ചെയ്തികളെ ചൂണ്ടിക്കാട്ടി തങ്ങളുടെ നിലപാടുകളെയും സമീപനങ്ങളെയും ന്യായീകരിക്കുകയും ചെയ്യുന്ന പതിവ് പരിപാടിക്ക് ഇക്കുറിയും മാറ്റമില്ല. അതിവേഗത്തിലോടുന്ന ഉമ്മന്‍ചാണ്ടിയും ഇരട്ടച്ചങ്കുള്ള പിണറായിയും ഇക്കാര്യത്തില്‍ ഒരേ നാണയത്തിന്റെ ഏതെങ്കിലുമൊക്കെ വശത്താണ് ചവിട്ടിനില്‍ക്കുന്നത്.

ആഭ്യന്തര വകുപ്പിന്ന് സൂപ്പര്‍ പവര്‍
ലോക്‌നാഥ് ബെഹ്‌റയെ പോലിസ് മേധാവിസ്ഥാനത്ത് അവരോധിച്ചതു മുതല്‍ മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ പോലിസ് വകുപ്പിന്റെ ഉപദേശകനായി നിയമിച്ചതടക്കം ആഭ്യന്തരവകുപ്പില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, വകുപ്പിനെ ബാധിച്ച അപശകുനം ഉടനെങ്ങും വിട്ടുപോവുന്ന ലക്ഷണം കാണുന്നുമില്ല. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ പോലിസിന്റെ വീഴ്ചകള്‍ തുറന്നു സമ്മതിക്കേണ്ടി വരുമ്പോള്‍ തന്നെ, അതു തിരുത്തി മുന്നോട്ടുപോവാന്‍ മുഖ്യമന്ത്രിയുടെ സ്വതസിദ്ധമായ ധാര്‍ഷ്ട്യം അദ്ദേഹത്തെ അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ്, കഴിഞ്ഞ ഒരുവര്‍ഷത്തെ ആഭ്യന്തര വകുപ്പിന്റെ ഭരണത്തിനു കമ്മ്യൂണിസത്തേക്കാള്‍, കാവിയോടാണ് കടപ്പാടെന്ന വിമര്‍ശനം പ്രസക്തമാവുന്നത്.
ഇടതുപക്ഷം അധികാരത്തില്‍ ഇരിക്കുമ്പോള്‍ പ്രതിഫലിക്കേണ്ട പോലിസ്‌നയത്തിനു പകരം വലതുപക്ഷ ഫാഷിസ്റ്റ് താല്‍പ്പര്യങ്ങള്‍ക്കനുസൃതമായ പോലിസ്‌രാജ് ആണ് സംസ്ഥാനത്ത് നടക്കുന്നതെന്നു നിസ്സംശയം പറയാന്‍ കഴിയുന്ന വിധത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടികള്‍. ബി.ജെ.പിയും ആര്‍.എസ്.എസ്സും പ്രതിസ്ഥാനത്തുവരുന്ന കേസുകളില്‍ മൃദുസമീപനം പുലര്‍ത്തുന്ന പോലിസ് മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും മറ്റു സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരേ കടുത്ത നടപടികളുമായാണ് മുന്നോട്ടുപോവുന്നത്. ഇത്തരം ജനവിരുദ്ധ സമീപനങ്ങളെ ചോദ്യം ചെയ്യുന്നതും വിമര്‍ശിക്കുന്നതും പോലിസിന്റെ മനോവീര്യത്തെ തകര്‍ക്കുന്നുവെന്ന സ്ഥിരം അധികാരവര്‍ഗ സിദ്ധാന്തത്തിന്റെ പ്രയോക്താവായി പിണറായി വിജയന്‍ എന്ന ഇടതുപക്ഷ മുഖ്യമന്ത്രിക്ക് മാറേണ്ടിവരുന്നുവെന്നതാണ് ഈ ഭരണത്തിലെ ഏറ്റവും വലിയ ദുരന്തം.
എന്തുകൊണ്ട് ബെഹ്‌റ?
സര്‍ക്കാര്‍ ഭരണത്തിലേറിയതിനു തൊട്ടുപിന്നാലെ പോലിസ് മേധാവി സ്ഥാനത്തേക്കു മറ്റു പല പരിഗണനകളും മുന്‍ഗണനകളും മാറ്റിവച്ചു ലോക്‌നാഥ് ബെഹ്‌റയെ അവരോധിച്ചതിനു പിന്നിലെ ഇടതുപക്ഷ താല്‍പ്പര്യം ഇപ്പോഴും അവ്യക്തമാണ്. ബെഹ്‌റ കേരളത്തേക്കാള്‍ കേന്ദ്രത്തോട് കൂറുപുലര്‍ത്തുന്നുവെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്ന രീതിയാണ് പോലിസില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളതും. സൊഹറബുദ്ദീന്‍ ശെയ്ഖ്, ഇസ്രത്ത് ജഹാന്‍, ബട്‌ലാഹൗസ് തുടങ്ങിയ ഉത്തരംകിട്ടാത്ത അനേകം ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലേക്കു പുതിയവ കണ്ണിചേര്‍ക്കപ്പെടുമ്പോള്‍, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളവും അതില്‍ ഭാഗവാക്കാവുന്നുവെന്നത് ആശങ്കാജനകമാണ്.
ഭോപ്പാലില്‍ വിചാരണത്തടവുകാരായ എട്ടു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നതും നിലമ്പൂര്‍വനത്തിനുള്ളില്‍ നടന്ന മാവോവാദികളുടെ കൊലപാതകവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ സമാനമാവുന്നത് രണ്ടു സംഭവത്തിലും ഭരണകൂടം സ്വീകരിച്ച സമീപനങ്ങളിലെ സാമ്യം കൊണ്ടാണ്. അതീവസുരക്ഷാ സംവിധാനങ്ങളുള്ള ഭോപ്പാല്‍ ജയിലില്‍ നിന്നു സിമി പ്രവര്‍ത്തകര്‍ ചാടിയതു മുതല്‍ കിലോമീറ്ററുകള്‍ അകലെ അവര്‍ കൊല്ലപ്പെടുന്നതു വരെ നടന്നതായി പറയപ്പെടുന്ന കാര്യങ്ങളിലെ വൈരുധ്യങ്ങളും ദുരൂഹതകളും യുക്തിസഹമായ നിലയില്‍ വിശദീകരിക്കാന്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മറിച്ച് കൊല്ലപ്പെട്ടവനുമേല്‍ ചാര്‍ത്തിനല്‍കപ്പെട്ട തീവ്രവാദമുദ്ര ചൂണ്ടിക്കാട്ടി പോലിസിന്റെ ചെയ്തികളെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഉത്തരവാദപ്പെട്ടവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിലമ്പൂര്‍ സംഭവത്തിലെ ദുരൂഹതകള്‍ നീക്കുന്നതിനേക്കാള്‍ പോലിസിന്റെ ആത്മവീര്യം ചോരാതെ സൂക്ഷിക്കുന്നതിലായിരുന്നു മുഖ്യമന്ത്രിക്ക് താല്‍പ്പര്യം. ഭോപ്പാലില്‍ കൊല്ലപ്പെട്ടവര്‍ സിമി പ്രവര്‍ത്തകരും നിലമ്പൂരില്‍ കൊല്ലപ്പെട്ടത് മാവോവാദികളും ആയതുകൊണ്ടു തന്നെ ജനാധിപത്യ സംവിധാനത്തില്‍ ന്യായമായി ലഭിക്കേണ്ട പൗരാവകാശങ്ങള്‍ക്ക് ഇവര്‍ അര്‍ഹരല്ലെന്ന മനോഭാവമാണ് അധികാരികള്‍ വച്ചുപുലര്‍ത്തുന്നത്.
ഒളിച്ചുവയ്ക്കാന്‍ എന്തൊക്കെയോ ഉണ്ടെന്നു തോന്നിപ്പിക്കുന്ന നിലയിലാണ് ഭരണകൂടങ്ങള്‍ പെരുമാറുന്നത്. ഭോപ്പാലില്‍ ജയില്‍ച്ചാട്ടം മാത്രം എന്‍.ഐ.എ അന്വേഷിച്ചാല്‍ മതിയെന്ന മധ്യപ്രദേശ് സര്‍ക്കാര്‍ നിലപാടിനു തുല്യമാണ്, നിലമ്പൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച ഗ്രോവാസു അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ രജീഷ് കൊല്ലങ്കണ്ടിയെന്ന സര്‍ക്കാര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത നടപടി. കൊല്ലപ്പെട്ടവരുടെ മൃതദേഹം പൊതുദര്‍ശനത്തിന് അനുവദിക്കാതിരുന്നതും ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയതുമടക്കമുള്ള നടപടികളിലേക്കു പോലിസിനെ നയിച്ചതിനു പിന്നിലെ ഒരു ഘടകം ബി.ജെ.പിയുടെ സമ്മര്‍ദ്ദമായിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം തടഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച ബി.ജെ.പിക്കെതിരേ ഒരു നടപടിയും സ്വീകരിക്കാതിരുന്ന പിണറായിയുടെ പോലിസാണ് ഗ്രോവാസു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സ്വമേധയാ നടപടികളെടുത്ത് രാഷ്ട്രസേവനത്തിന്റെ ‘ഉത്തമ മാതൃക’ കാഴ്ചവച്ചത്.
തീവ്രഹിന്ദുത്വം ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയം കണ്ട വലതുപക്ഷ ഫാഷിസ്റ്റ് പ്രവണതകള്‍ കേരള മണ്ണിലേക്ക് അതേപടി പറിച്ചുനടാന്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുന്നുവെന്നത് ഏറെ ഗൗരവതരമായി വിലയിരുത്തേണ്ടതുണ്ട്. വലതുപക്ഷ ഫാഷിസ്റ്റ് മനോഭാവം വച്ചുപുലര്‍ത്തുന്ന ഉദ്യോഗസ്ഥപ്രമാണിമാര്‍ വച്ചുനീട്ടുന്ന വാറോലകളെ അതേപടി ഏറ്റുപാടി ഭരണം നടത്തുന്നവര്‍ ആര് സൃഷ്ടിച്ച പൊതുബോധത്തെയാണ് തൃപ്തിപ്പെടുത്തുന്നതെന്നു പരിശോധിക്കണം. സത്യസരണിയിലേക്കും സലഫി സെന്ററിലേക്കും മാര്‍ച്ച് നടത്താന്‍ സംഘപരിവാരത്തിനു ചുവപ്പ് പരവതാനി വിരിച്ചതടക്കമുള്ള സംഭവങ്ങളില്‍ കേരള പോലിസിന്റെ സമീപനം പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന രണ്ടു മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരേ സംഘപരിവാരം മുന്‍കൂട്ടി പ്രഖ്യാപിച്ച മാര്‍ച്ചിന് നിരോധനം ഏര്‍പ്പെടുത്താതെ, കാസര്‍കോട് റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ മുസ്‌ലിം ഏകോപന സമിതിക്കും ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ ആസാദി യാത്ര നടത്താന്‍ കാംപസ്ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുമതി നിഷേധിച്ചതിലെ പോലിസ് മനശ്ശാസ്ത്രം ഏതു രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമാണെന്നു കൂടി ഭരണത്തിലിരിക്കുന്ന സഖാക്കള്‍ വ്യാഖ്യാനിക്കേണ്ടതുണ്ട്. വര്‍ഗീയത ആരോപിച്ച് ഇസ്‌ലാമിക പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിനെതിരേയും പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേയും നടപടി എടുക്കാന്‍ കാണിച്ച ആര്‍ജവം, സംഘപരിവാര നേതാക്കളായ കെ പി ശശികലയുടെയും എന്‍ ഗോപാലകൃഷ്ണന്റെയും കാര്യത്തില്‍ കാണാതെ പോയതിന്റെ കാരണവും ഇടതുപക്ഷ സ്വഭാവത്തോടെ വിശദീകരിക്കാന്‍ കഴിയുന്നതല്ല.
അന്താരാഷ്ട്ര ചലച്ചിത്രമേള കാണാനെത്തിയവര്‍ ദേശീയഗാനത്തെ അവഹേളിച്ചെന്ന ആരോപണത്തിലും പോലിസ് ലാത്തിവീശിയത് യുവമോര്‍ച്ചയുടെ ഇംഗിതത്തിനനുസരിച്ചാണ്. സിനിമ കാണാനെത്തിയവര്‍ക്കെതിരേ കൂട്ടത്തോടെ കേസെടുത്തു ജയിലിലടച്ച പോലിസ് സമാനമായ ആരോപണം ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഉയര്‍ന്നപ്പോള്‍ കണ്ണടച്ചു. സാമാന്യ രാഷ്ട്രീയബോധമുള്ള ആര്‍ക്കും ഇതു മനസ്സിലാവുമെന്നിരിക്കേ, വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും ദുര്‍വ്യാഖ്യാനം നടത്തി തള്ളിക്കളഞ്ഞു പോലിസ് തലപ്പത്തുള്ളവരെ സുഖിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

യു.എ.പി.എയിലെ കാപട്യം
സംശയങ്ങള്‍ ഉയര്‍ത്താനും സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരങ്ങള്‍പോലും വ്യാപകമായി നിഷേധിക്കപ്പെടുകയാണ്. ഭരണകൂടത്തിന്റെ ഇത്തരം ചെയ്തികളുടെ ഇരകളാവുന്നവര്‍ക്കൊപ്പം നില്‍ക്കുന്നവരെ ഭീകരമുദ്രയും കരിനിയമങ്ങളും ചാര്‍ത്തി വേട്ടയാടപ്പെടുകയും ചെയ്യുന്നു. വിയോജിപ്പുകളെ ഇല്ലാതാക്കാനും എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുമുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമായപ്പോഴാണ് യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പോലിസ് രജിസ്റ്റര്‍ ചെയ്ത 162 യു.എ.പി.എ കേസുകളില്‍ 42 എണ്ണം നിലനില്‍ക്കില്ലെന്നു സംസ്ഥാന പോലിസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കേണ്ടിവന്നതോടെ ഇതുസംബന്ധിച്ച് ഇതുവരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ശരിവച്ചിരിക്കുകയാണ്.
ചില കേസുകളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാതെ പോലിസ് അനാവശ്യമായാണ് യു.എ.പി.എ ചുമത്തിയതെന്നാണ് ഇതുസംബന്ധിച്ചു സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയത്. തീവ്രവാദവും മാവോവാദവും ആരോപിച്ചു കരിനിയമങ്ങള്‍ ചുമത്തപ്പെട്ടവരില്‍ മഹാഭൂരിഭാഗവും ദലിതുകളും മുസ്‌ലിംകളും പൗരാവകാശ പ്രവര്‍ത്തകരുമായിരുന്നുവെന്ന യാഥാര്‍ഥ്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കുമ്പോഴാണ്, ഇത്തരം അനാവശ്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പോലിസിനെ പ്രേരിപ്പിച്ച താല്‍പ്പര്യം വ്യക്തമാവുന്നത്. കേസുകളുടെ സ്വഭാവത്തേക്കാള്‍ പ്രതികളാക്കപ്പെടുന്നവരുടെ രാഷ്ട്രീയ, സാമൂഹിക, മത പശ്ചാത്തലങ്ങളാണ് യു.എ.പി.എ ചുമത്താന്‍ മാനദണ്ഡമായത്. മറിച്ചായിരുന്നുവെങ്കില്‍ മതഭ്രാന്ത് മൂത്ത് ആര്‍.എസ്.എസ് നടത്തിയ കൊലപാതകക്കേസുകളിലും ഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ച കേസുകളിലും സംഘപരിവാര നേതാക്കളുടെ മതവിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേയും കാടന്‍നിയമങ്ങള്‍ ചുമത്തപ്പെടേണ്ടിയിരുന്നു.
കൊടിഞ്ഞിയിലെ ഫൈസലിന്റെയും കാസര്‍കോട്ടെ റിയാസ് മൗലവിയുടെയും നിഷ്ഠുരമായ കൊലപാതകത്തിനു കാരണമായത് ആര്‍.എസ്.എസ്സിന്റെ അന്ധമായ മതവെറിയായിരുന്നു. ഗൂഢാലോചനയിലടക്കം ആര്‍.എസ്.എസ് നേതൃത്വത്തിന്റെയും സംഘപരിവാര സ്ഥാപനങ്ങളുടെയും പങ്കാളിത്തം വ്യക്തമായിട്ടും കടുത്ത നടപടികള്‍ ഉണ്ടായില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ അവധാനതയോടെയും ഭയഭക്തി ബഹുമാനങ്ങളോടെയും പ്രവര്‍ത്തിക്കുന്ന പോലിസ് സംവിധാനത്തെയാണ് കാണാന്‍ കഴിയുന്നത്. മാവോവാദ-തീവ്രവാദ മുദ്രചാര്‍ത്തിയാല്‍ ഒരാളെ ഏതുവിധത്തിലും ഇല്ലാതാക്കാമെന്ന ഫാഷിസ്റ്റ് പൊതുബോധം പോലിസിനെ പിടികൂടിയിട്ടുണ്ടെങ്കില്‍ അതു ശുദ്ധീകരിക്കാനുള്ള ഇച്ഛാശക്തിയോടെയുള്ള ഇടപെടലാണ് ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. എന്നാല്‍, അതിനു തയ്യാറാവാതെ, എല്ലാം പോലിസിന്റെ വീഴ്ചയെന്നു വരുത്തിത്തീര്‍ത്ത് ആക്ഷേപങ്ങളില്‍ നിന്നു സമര്‍ഥമായി തടിയൂരാനുള്ള നീക്കമാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകവൃന്ദവും നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ആദ്യമായി യു.എ.പി.എ പ്രയോഗിക്കുന്നത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ്. അതേ കോടിയേരി പാര്‍ട്ടി സെക്രട്ടറിയാവുമ്പോള്‍ സി.പി.എം യു.എ.പി.എക്ക് എതിരാണെന്നു പറയേണ്ടിവരുന്നതിലെ ഉളുപ്പില്ലായ്മ തന്നെയാണ് സി.പി.എമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഇക്കാര്യത്തിലുള്ള കാപട്യത്തിന്റെ ഏറ്റവും വലിയ തെളിവ്.
കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ യു.എ.പി.എ ചുമത്തിയപ്പോള്‍ അണപൊട്ടിയൊഴുകിയ പൗരബോധം പിന്നീട് ഒരിക്കല്‍ പോലും സി.പി.എമ്മില്‍ നിന്നുണ്ടായിട്ടില്ലെന്നത് ഇക്കാര്യത്തില്‍ അവരുടെ അവസരവാദപരമായ സമീപനത്തിന്റെ ഉത്തമോദാഹരണം കൂടിയാണ്. എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ കേരളത്തില്‍ യു.എ.പി.എ നടപ്പാക്കില്ലെന്നു പറയാനുള്ള ആര്‍ജവമായിരുന്നു പാര്‍ട്ടി-ഭരണ നേതൃത്വങ്ങളില്‍ നിന്നുണ്ടാവേണ്ടിയിരുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന സംസ്ഥാനത്ത്, ജനകീയ ഭരണകൂടത്തെ മറികടന്നുകൊണ്ടുള്ള പോലിസ്‌രാജിന് കൂച്ചുവിലങ്ങിടാന്‍ അപ്പോള്‍ മാത്രമാണ് സാധ്യമാവുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss