|    Apr 24 Tue, 2018 4:19 pm
FLASH NEWS

കടകള്‍ പൊളിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്ന്; കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷാവസ്ഥ

Published : 31st May 2016 | Posted By: SMR

പാലക്കാട്: നഗരത്തിലെ ഖരമാലിന്യപ്രശ്‌നത്തിന് ജനപ്രതിനിധികളുടെ സഹകരണത്താല്‍ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ നഗരസഭാ യോഗത്തില്‍ തീരുമാനമായി. വര്‍ഷങ്ങളായി മേലാമുറി പച്ചക്കറി മാര്‍ക്കറ്റില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അഞ്ച് കടകള്‍ പൊളിക്കരുതെന്നും അവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് – സിപിഎം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതു നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി നഗരസഭയ്ക്ക് ഒരു രൂപപോലും ഇവര്‍ വാടകയിനത്തില്‍ നല്‍കിയിട്ടില്ലെന്നും 20 വര്‍ഷമായി ഡിഎല്‍ഒ ലൈസന്‍സ് ഇല്ലാതെയാണ് കടകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും നഗരസഭയുടെ അധീനതയിലുള്ള ഈകടകള്‍ പൊളിച്ചുമാറ്റണമെന്നത് രേഖകളിലുണ്ടെന്നും ബിജെപി കൗണ്‍സിലര്‍ എന്‍ ശിവരാജന്‍ പറഞ്ഞു.
മാര്‍ക്കറ്റിലെ 220 കടക്കാരുടെയും ആവശ്യം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റണമെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച് വോട്ടിങ് നടത്തണമെന്ന സിപിഎം-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഭവം കോടതിപരിഗണനയില്‍ ഉള്ളതിനാല്‍ വോട്ടിങ് നിയമവിരുദ്ധമാണെന്ന് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എസ് ആര്‍ ബാലസുബ്രഹ്മണ്യം അറിയിച്ചു. വ്യക്തിവിഷയങ്ങളുമായി ബന്ധപ്പെട്ട ആളുകളെ കൗണ്‍സില്‍ യോഗത്തില്‍ ഇരുത്താന്‍ പാടില്ലെന്ന് ബിജെപി കൗണ്‍സിലറും വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാര്‍ അറിയിച്ചു. തുടര്‍ന്ന് കടയുടമകളെ കൗണ്‍സില്‍ ഹാളില്‍ നിന്നും പുറത്താക്കി. അഞ്ച് പേരുടെ താത്പര്യം സംരക്ഷിക്കുവാന്‍ നിയമത്തെ മറികടക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മഴക്കാലശുചീകരണവുമായി ബന്ധപ്പെട്ട് ശുചീകരണതൊഴിലാളികളെ എംപ്ലോയിമെന്റ് വഴി നിയമിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അറിയിച്ചു. ഇതിനായി 30 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കും.
കഴിഞ്ഞ ആറുമാസമായാണ് നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിന്നും മാലിന്യനീക്കം നടക്കുന്നതെന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.കൊടുമ്പ് പഞ്ചായത്തുമായി ഉണ്ടാക്കിയ ഉടമ്പടിയും വാഗ്ദാനങ്ങളും മുന്‍ഭരണാധികാരികള്‍പാലിക്കാത്തതാണ് മാലിന്യപ്രശ്‌നത്തിന് കാരണമായതെന്ന് എസ്ആര്‍ ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. നഗരത്തില്‍ മാലിന്യസംസ്‌ക്കാരം വേണ്ടരീതിയില്‍ വന്നിട്ടില്ലെന്നും ഇതിന് ബോധവത്ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ കന്നുകാലി പ്രശ്‌നത്തിന് ബൈലോ വേണമെന്നാവശ്യപ്പെട്ട് ഐക്യകണ്‌ഠേന സര്‍ക്കാരിന് വിട്ടതാണെന്നും ജനോപകാരവിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം കൊണ്ടുപോകുന്ന വണ്ടികളെ തടയാന്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്ന് എന്‍.ശിവരാജന്‍ ആരോപിച്ചു. നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ കക്ഷി രാഷ്ട്രീയം കളിക്കുകയാണ്. മുനിസിപ്പല്‍ ചെയര്‍മാനെ കരിവാരിതേയ്ക്കാന്‍ ഉദ്യോഗത്ഥര്‍ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മുനിസിപ്പല്‍ സെക്രട്ടറി ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുപോലും മഴക്കാലശുചീകരണത്തിന് 30 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഒരു രൂപപോലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഇലക്ട്രിക് കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള തുക നല്‍കി. നഗരസഭയിലെ 12 വാര്‍ഡുകളില്‍ മാലിന്യസംഭരണകേന്ദ്രങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. മറ്റുവാര്‍ഡുകളിലും ഈ പദ്ധതി നടപ്പിലാക്കുമെന്നും മാലിന്യസംസ്‌ക്കരണത്തിന് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികൊണ്ടുവന്നത് പാലക്കാട് നഗരസഭയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നിയമവിരുദ്ധമായി നഗരസഭയില്‍ ഒന്നും നടത്താന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവ്‌നായ ശല്യം പരിഹരിക്കുന്നതിന് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി ഏറ്റെടുത്തിരിക്കുന്നത് ജില്ലാപഞ്ചായത്താണെന്നും ഇതുവരെ അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഭവദാസിന്റെ ചോദ്യത്തിന് മറുപടിയായി കൃഷ്ണകുമാര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഉടനടി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി നടപ്പിലാക്കുന്നതിന് ലഭിച്ച തുക ഉപയോഗിച്ച് വീടുനിര്‍മ്മാണം എത്രയുംപെട്ടന്ന് ആരംഭിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍ വി.നടേശന്‍ ആവശ്യപ്പെട്ടു.നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് നിലവിലെ കരാര്‍ പ്രകാരം പുതുക്കി നല്‍കാന്‍ തീരുമാനമായി. സ്റ്റേഡിയം സ്റ്റാന്റുപരിസരത്ത് നഗരസഭയുടെ സ്ഥലത്ത് മില്‍മാ ബൂത്തിന് സ്ഥലം നല്‍കുന്നത് ഉള്‍പ്പെടെയുള്ള രണ്ട് അജണ്ടകള്‍ യോഗത്തില്‍ തള്ളി. അടുത്ത കൗണ്‍സില്‍ പരിഗണനക്കായി നാലോളം അജണ്ടകള്‍ മാറ്റി.
യോഗത്തില്‍ കൗണ്‍സിലര്‍മാരായ കുമാരി, ഭവദാസ്,മണി, വി.നടേശന്‍, സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss