|    Aug 20 Sun, 2017 7:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കടകളില്‍ വിതരണം ചെയ്യേണ്ട 26 ലോഡ് റേഷന്‍ ധാന്യം മറിച്ചുവിറ്റു ; അന്വേഷണത്തിന് പ്രത്യേക സംഘം

Published : 4th June 2017 | Posted By: fsq

 

പൊന്നാനി/തിരുവനന്തപുരം: പൊന്നാനി താലൂക്ക് സിവില്‍ സപ്ലൈസിന് കീഴിലെ 29 റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ട ധാന്യങ്ങള്‍ മറിച്ചുവിറ്റ സംഭവത്തില്‍ വകുപ്പ് മന്ത്രി തിലോത്തമന്‍ നേരിട്ടെത്തി അന്വേഷണം നടത്തി. പൊന്നാനി എരമംഗലം എഫ്‌സിഐ ഗോഡൗണിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. സംഭവത്തില്‍ 18 ലോഡ് അരിയും എട്ട് ലോഡ് ഗോതമ്പും മറിച്ചുവിറ്റതായി കണ്ടെത്തി. വിഷയം സംസ്ഥാനത്ത് തന്നെ ഇതാദ്യമാണെന്നും ഗൗരവമേറിയ ഈ ക്രമക്കേട് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും മന്ത്രി തിലോത്തമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. കുറ്റക്കാരായ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെന്‍ഡ്് ചെയ്യാനും മന്ത്രി ഉത്തരവിട്ടു. ക്രമക്കേട് നടത്തിയ അണ്ടത്തോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഉണ്ണികൃഷ്ണനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.  വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന ചൊവാഴ്ച്ച തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലെ 29 റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ട 26 ലോഡ് ധാന്യങ്ങളാണ് എഡബ്ല്യു അധികൃതര്‍ മറിച്ചു വിറ്റത്. ഒരു ലോഡില്‍ 50 കിലോ തൂക്കം വരുന്ന 210 ചാക്ക് ധാന്യങ്ങളാണ് ഉണ്ടാവുക. ഇത്തരത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേടാണു നടന്നിട്ടുള്ളതന്ന് അന്വേഷണത്തില്‍ ബോധ്യമായി. ചില റേഷന്‍ കടകള്‍ വഴി സ്വകാര്യ ബ്രാന്‍ഡിന്റെ അരി വിറ്റഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അരിയെത്തിയ റേഷന്‍ കടകളില്‍ യാതൊരു രേഖകളുമില്ല. ഉള്ളവയില്‍ വ്യാജ ഒപ്പുകളുമാണുള്ളത്. എഫ്‌സിഐ ഗോഡൗണില്‍ നിന്ന് റേഷന്‍ കടകളിലേക്ക് അരി എത്തിക്കുന്ന ഏജന്‍സിയായ എഡബ്ല്യുഡി അധികൃതരെ മെയ് മുതല്‍ സംസ്ഥാനത്താകമാനം ചുമതലയില്‍ നിന്നു നീക്കം ചെയ്തതായി മന്ത്രി അറിയിച്ചു. ഇനി മുതല്‍ ധാന്യങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് നല്‍കും.ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് അധികൃതര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരേ വകുപ്പ്തല അന്വേഷണത്തിന് പുറമെ പോലിസ് അന്വേഷണവും നടക്കുമെന്ന് മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക