|    Mar 26 Sun, 2017 4:48 pm
FLASH NEWS

കടകംപള്ളി ഭൂമിതട്ടിപ്പ്: സലിംരാജിനെയും ഭാര്യയെയും ഒഴിവാക്കി സിബിഐ കുറ്റപത്രം

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: വിവാദമായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സിബിഐ കുറ്റപത്രം. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. സലിംരാജിനെ കൂടാതെ ഭാര്യ ഷംസാദിനെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി.
ഏഴു പ്രതികളുണ്ടായിരുന്ന കേസില്‍ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതിചേര്‍ത്താണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയകുമാര്‍, നിസാര്‍ അഹ്മദ്, സുഹ്‌റ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരാണു പ്രതികള്‍. 2014ല്‍ അഴിമതിരഹിത നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണു കുറ്റപത്രം.
അന്വേഷണസമയത്ത് സലിംരാജ് ഉള്‍പ്പെടെ 29 പേരായിരുന്നു കേസിലെ പ്രതികള്‍. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സലിംരാജും ഭാര്യ ഷംസാദും 21ഉം 22ഉം പ്രതികളായിരുന്നു. 21 മുതല്‍ 27 വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. തിരുവനന്തപുരം നഗരത്തില്‍ കടകംപള്ളി വില്ലേജ് പരിധിയില്‍ 18 സര്‍വേ നമ്പറുകളിലായുള്ള 170പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നതാണ് കേസ്. തണ്ടപ്പേര് രജിസ്റ്ററിലെ 10156 എന്ന പേജ് കീറിക്കളഞ്ഞ് 3587 എന്ന നമ്പറില്‍ പുതിയ തണ്ടപ്പേര് സൃഷ്ടിക്കുകയായിരുന്നു. ഒന്നര ഏക്കര്‍ സ്ഥലത്തിന് ഇരട്ടപ്പട്ടയം നല്‍കി പോക്കുവരവു നടത്തിയതായും കണ്ടെത്തി.
വ്യാജരേഖ ചമച്ചെന്നും ഒരേ വസ്തുവിന് ഇരട്ടപ്പട്ടയം നല്‍കിയെന്നും റവന്യൂ ഇന്റലിജന്‍സ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. തങ്ങളുടെ 12.27 ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്നാരോപിച്ചു വഴുതക്കാട് സ്വദേശികളായ പ്രേംചന്ദ് ആര്‍ നായര്‍, രമ ബി നായര്‍, മോഹന്‍ചന്ദ് ആര്‍ നായര്‍ എന്നിവര്‍ പരാതിനല്‍കിയതോടെയാണ് കേസിനു തുടക്കം. കഴിഞ്ഞ വര്‍ഷം ജൂണില്‍ സലിംരാജ് ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി. കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവി ഉപയോഗിച്ച് വഴിവിട്ട ഒരു സഹായവും ഒരിക്കലും സലിംരാജ് ചെയ്തിട്ടില്ലെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക