|    Oct 17 Wed, 2018 5:56 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കടകംപള്ളിയുടെ ബാലഗോകുലം

Published : 22nd September 2017 | Posted By: fsq

സിപിഎം നേതാവും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആ പാര്‍ട്ടിയെ അടുത്തറിയുന്ന ആരെയും ഓര്‍മിപ്പിക്കുക പാലക്കാട്ട് സിപിഎം സംസ്ഥാന പ്ലീനം അംഗീകരിച്ച രേഖയിലെ ഈ വാചകമാണ്: ”സമൂഹത്തെ പിറകോട്ടടിപ്പിക്കും വിധത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമാവുകയാണ്. ആള്‍ദൈവങ്ങള്‍ വ്യാപകമാവുന്നു. ഇതെല്ലാം കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് തളര്‍ത്താനും അരാഷ്ട്രീയത വളര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ്. ഇത് കണ്ടുകൊണ്ട് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നിലപാട് സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കാവണം. ഒരു പാര്‍ട്ടിയംഗവും അന്ധവിശ്വാസത്തിനും അനാചാരത്തിനും വിധേയനാവരുത്.”’പ്ലീനത്തിന്റെ ഈ തീരുമാനത്തിനുള്ള  തിരിച്ചടിയാണ് കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരില്‍ നടത്തിയ പൂജയും പുഷ്പാഞ്ജലിയും അതിനെ മഹത്ത്വവല്‍ക്കരിച്ചു സ്വീകരിച്ച നിലപാടുകളും. വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുക, മതപരമായ ചടങ്ങുകളില്‍ വ്യക്തിപരമായി ഭാഗഭാക്കാവാതിരിക്കുക, മരണം, വിവാഹം തുടങ്ങിയ വേളകളില്‍ പോലും മതപരമായ ചടങ്ങുകള്‍ ഒഴിവാക്കുക തുടങ്ങിയ വ്യവസ്ഥകളാണ് നേതാക്കളുടെ കാര്യത്തില്‍ സിപിഎം തെറ്റുതിരുത്തല്‍ പ്ലീനം രേഖകളിലുള്ളത്. പെരുമാറ്റച്ചട്ടത്തിന്റെ കടുത്ത ലംഘനമാണ് കടകംപള്ളി കാണിച്ചത്.ഇതൊരു രാഷ്ട്രീയ വിവാദത്തിന്റെ തീയും പുകയുമായി കത്തിക്കാനും അതു കെടുത്താനും നടക്കുന്ന അഭ്യാസങ്ങള്‍ക്കപ്പുറം പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതുമായ പ്രശ്‌നമാണ്. മതവിശ്വാസവും ആചാരവുമായി ബന്ധപ്പെട്ടതാണ് വിഷയം. സംസ്ഥാനത്ത് അധികാരത്തിലുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റിനെ നയിക്കുന്നത് രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. അതിലെ മുഖ്യപാര്‍ട്ടിയായ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിലുള്ള മന്ത്രിയാണ് വിവാദത്തിലെ കേന്ദ്രബിന്ദു. തൊഴിലാളിവര്‍ഗ സര്‍വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് സിപിഎം ഭരണഘടന ലക്ഷ്യമാക്കുന്നത്. മാര്‍ക്‌സിസം ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്ത്രവുമാണ് അതിന് വഴികാട്ടുന്നത്.ജനങ്ങളുടെ സമരങ്ങള്‍ അഴിച്ചുവിട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും വര്‍ഗശക്തികളുടെ ബലാബലത്തില്‍ മാറ്റം വരുത്തി ഇടത് ജനാധിപത്യ മുന്നണിയും ഒടുവില്‍ ജനകീയ ജനാധിപത്യ വിപ്ലവവും നടപ്പില്‍വരുത്താനും സിപിഎം പ്ലീനം പ്രതിജ്ഞയെടുത്തതാണ്. ആ പാര്‍ട്ടിയുടെ മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ മുമ്പ് കോണ്‍ഗ്രസ് (ഐ) മുഖ്യമന്ത്രി കെ കരുണാകരന്‍ നിര്‍വഹിച്ചതും ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്നതുമായ വിശ്വാസത്തിന്റെ വഴിയിലാണ്.മുഖ്യമന്ത്രി കരുണാകരന്‍ മുതല്‍ പ്രധാനമന്ത്രി മോദി വരെയും ഇഎംഎസ് മുതല്‍ കടകംപള്ളി വരെയും തമ്മില്‍ രണ്ടായി വേര്‍തിരിക്കുന്ന രണ്ടു വീക്ഷണങ്ങളും വിശ്വാസവുമുണ്ട്. കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ സംസ്ഥാന ഗവണ്‍മെന്റിന് നേതൃത്വം നല്‍കിയ കരുണാകരനും ബിജെപി-ആര്‍എസ്എസ് നേതാവെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന മോദിയും കേവലം ദൈവവിശ്വാസികള്‍ മാത്രമല്ല. സാങ്കല്‍പിക സ്വര്‍ഗത്തില്‍ വിശ്വസിക്കുന്നവരും ജനങ്ങളെ ചൂഷണത്തിന്റെയും ദുരിതത്തിന്റെയും നടുക്കടലില്‍ നരകിക്കാന്‍ ഇടയാക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ സംരക്ഷകരായ ബൂര്‍ഷ്വാ ഭരണാധികാരികളുമാണ്.ആ വ്യവസ്ഥ തകര്‍ത്ത് ഭൂമിയില്‍ സ്വര്‍ഗം സൃഷ്ടിക്കാനുള്ള ഒരു തത്ത്വശാസ്ത്രവും ശാസ്ത്രീയ കാഴ്ചപ്പാടുമുള്ള തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധരായ ഭരണ പ്രതിനിധികളായാണ് ഇഎംഎസ് മുതല്‍ കടകംപള്ളി വരെയുള്ള പാര്‍ട്ടി നേതാക്കള്‍ അറിയപ്പെടുന്നത്. ഈ തിരിച്ചറിവ് മന്ത്രി കടകംപള്ളി ഗുരുവായൂരില്‍ കാണിച്ചില്ല; അഥവാ, മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ വിശ്വസ്ത ശിഷ്യന് ഗുരുവായൂര്‍ ദേവസ്വം പ്രസിഡന്റ് പീതാംബരക്കുറുപ്പിന്റെ സാന്നിധ്യത്തില്‍ മാര്‍ക്‌സിസം തന്നെ മറന്നു. മന്ത്രി ആടിപ്പാടിയ ഭക്തിവിലാസം ജ്ഞാനപ്പാന ഗുരുവായൂരിലെ ഭക്തജനങ്ങളെ പോലും അമ്പരപ്പിച്ചതായി കാണുന്നു.മതപരമായ ഉള്‍ക്കടവ്യഥ മനുഷ്യന്റെ യഥാര്‍ഥ ദുരിതത്തിന്റെ അതേ പ്രതിഫലനമാണെന്നാണ് മാര്‍ക്‌സ് പറഞ്ഞത്. മതം മനുഷ്യനെ മയക്കുന്ന മരുന്നാണെന്ന് മാത്രമായി മാര്‍ക്‌സിനെ പലരും ഉദ്ധരിക്കുമ്പോള്‍ മറച്ചുപിടിക്കുന്ന അതിന്റെ മറ്റു ഭാഗങ്ങളുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന്റെ നിശ്വാസവും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും നിര്‍വീര്യമായ സാഹചര്യത്തിന്റെ ചൈതന്യവുമാണ് മതമെന്നു പറഞ്ഞതിന്റെ തുടര്‍ച്ചയായാണ് മയക്കുമരുന്നെന്ന് കൂടി പറഞ്ഞത്.ചുരുക്കത്തില്‍, വര്‍ഗസമൂഹത്തില്‍ ദുരന്തം കാര്‍ന്നുതിന്നുന്ന ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസവും അത്താണിയുമാണ് മതമെന്നാണ് മാര്‍ക്‌സ് ചൂണ്ടിക്കാണിച്ചത്. ഒരു വര്‍ഗരഹിത സമൂഹനിര്‍മിതിയോടെ മറ്റേത് സാമൂഹിക പ്രതിഭാസവും പോലെ മതവും കൊഴിഞ്ഞുപോവുമെന്നും മാര്‍ക്‌സ് വ്യക്തമാക്കി. അതുകൊണ്ടാണ് മതം ഒരു സ്വകാര്യ ഇടപാടാണെന്നും ഭരണകൂടം അതില്‍ ഇടപെട്ടുകൂടെന്നുമുള്ള നിലപാട് ലെനിന്‍ സോവിയറ്റ് യൂനിയനില്‍ ആവിഷ്‌കരിച്ചത്.വെറും ആശയപ്രചാരണം കൊണ്ട് മതപരമായ മുന്‍വിധികള്‍ തുടച്ചുനീക്കാന്‍ കഴിയില്ലെന്നാണ് മാര്‍ക്‌സിസം പഠിപ്പിക്കുന്നത്. തൊഴിലാളിവര്‍ഗം അതിന്റെ പോരാട്ടത്തില്‍ നിന്ന് ആര്‍ജിക്കാത്ത വെളിച്ചം ലഘുലേഖകള്‍ കൊണ്ടോ സെമിനാറുകള്‍ കൊണ്ടോ പ്രചാരണങ്ങള്‍ കൊണ്ടോ മാത്രം അവരില്‍ എത്തിക്കാനാവില്ല. ഭൂമിയില്‍ ഒരു സ്വര്‍ഗം സൃഷ്ടിക്കുകയെന്ന പോരാട്ടലക്ഷ്യത്തിന്റെ ഭാഗമാക്കി വിശ്വാസികളെ കൂടി സംഘടിപ്പിക്കേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലക്ഷ്യവും കടമയുമാണ്. അതിനു പകരം കമ്മ്യൂണിസ്റ്റ് നേതാക്കളും മന്ത്രിമാരും ഭക്തിമുനമ്പുകളില്‍ ചെന്ന് സ്വയം അര്‍പ്പിക്കുകയല്ല.ഈ കാഴ്ചപ്പാടോടെയാണ് കേരളത്തിലും ഇന്ത്യയിലും കമ്മ്യൂണിസ്റ്റുകള്‍ മതത്തോടും മതവിശ്വാസികളോടുമുള്ള സമീപനം ആവിഷ്‌കരിച്ചത്. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ നീണ്ടകാല പോരാട്ടങ്ങളില്‍ അവരെ കൂടി പങ്കാളികളാക്കിയത്. മുതലാളിത്ത വ്യവസ്ഥയ്ക്കും അതിന്റെ ചൂഷണത്തിനുമെതിരായ തൊഴിലാളിവര്‍ഗ പോരാട്ടത്തോടൊപ്പം മതത്തിന്റെ തത്ത്വശാസ്ത്രത്തിനെതിരായ പോരാട്ടം കൂടി നടത്തിയത്. കാരണം, വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ ശാസ്ത്രീയ അടിത്തറയില്‍ നിന്നു പ്രവര്‍ത്തിക്കേണ്ടവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. യുക്തിവാദികളുടെ ആശയനിലപാടുകള്‍ വസ്തുനിഷ്ഠമായി ഉയര്‍ത്തിപ്പിടിക്കുമ്പോഴും മതത്തിനും മതവിശ്വാസികള്‍ക്കും എതിരായി ചുരുങ്ങുന്ന ആശയം അവര്‍ക്കു സ്വീകാര്യമല്ല. മതവിശ്വാസികളെയും അവരുടെ നേതാക്കളെയും തങ്ങളുടെ കൂടെ കൊണ്ടുവരുക. അതേസമയം, അവരുടെ തത്ത്വശാസ്ത്രത്തിനും ആചാരവിശ്വാസങ്ങള്‍ക്കും സ്വയം കീഴ്‌പ്പെടാതിരിക്കുക. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതും ഈ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു. സമീപകാലം വരെ പാര്‍ലമെന്റിലെ മുഖ്യ പ്രതിപക്ഷമായി കമ്മ്യൂണിസ്റ്റുകള്‍ തുടര്‍ന്നതും ഈ വര്‍ഗനയത്തിന്റെ ഗുണഫലമായാണ്. ബാലഗോകുലം കെട്ടിപ്പടുത്തും ക്ഷേത്രങ്ങളില്‍ മതാചാരങ്ങളില്‍ തിക്കിത്തിരക്കിയും ആയിരുന്നില്ല ഈ വളര്‍ച്ച. അതു തളര്‍ച്ചയിലേക്ക് കൂപ്പുകുത്തിയെങ്കില്‍ ബഹുജനങ്ങള്‍ക്കിടയില്‍ വേരറ്റുപോയതിന്റെയും വിശ്വാസം നഷ്ടപ്പെട്ടതിന്റെയും കാരണങ്ങള്‍ സിപിഎമ്മിന്റെ രേഖകളില്‍ അവരുടെ കേന്ദ്ര നേതൃത്വം തന്നെ വേണ്ടത്ര എഴുതിവച്ചിട്ടും വ്യാഖ്യാനിച്ചിട്ടുമുണ്ട്.2000ല്‍ സിപിഎം പരിഷ്‌കരിച്ച പാര്‍ട്ടി പരിപാടിയിലെയും 2007ല്‍ ഭേദഗതി വരുത്തിയ ഭരണഘടനയിലെയും ലക്ഷ്യവും നയവും മന്ത്രി കടകംപള്ളിയും സിപിഎം നേതൃത്വവും അംഗീകരിക്കുന്നുണ്ടോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന യഥാര്‍ഥ പ്രശ്‌നം. അത് അവര്‍ വ്യക്തമാക്കിയാല്‍ വിവാദവും അവസാനിച്ചു. മന്ത്രിപദവിയും അധികാരവുമെന്ന ബൂര്‍ഷ്വാ രാഷ്ട്രീയ കുറുക്കുവഴിയിലേക്ക് പാര്‍ട്ടി അതിവേഗം മാറുകയാണെന്ന് കേന്ദ്രനേതൃത്വം തന്നെ ഉല്‍ക്കണ്ഠപ്പെട്ടിരുന്നു. അതിന്റെ പുതിയ അവസ്ഥാന്തരമാണ് ഗുരുവായൂര്‍ ക്ഷേത്ര വിവാദവും വിഴുങ്ങി സിപിഎം ഇപ്പോള്‍ വിമ്മിട്ടപ്പെടുന്നതില്‍ കാണുന്നത്.പാര്‍ട്ടിയുടെ വിപ്ലവലക്ഷ്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തമായ, രാജ്യത്തെ ചൂഷിതവര്‍ഗത്തിന്റെ മഹാഭൂരിപക്ഷത്തെയും ഉള്‍ക്കൊള്ളുന്ന കരുത്തുള്ള പാര്‍ട്ടിയായി മാറണമെന്ന സിപിഎമ്മിന്റെ ലക്ഷ്യം ദയനീയമായി പരാജയപ്പെടുകയാണ്. നാലരലക്ഷത്തിലേറെ അംഗങ്ങളുടെ പ്രാതിനിധ്യമുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ഘടകമെന്ന് അവകാശപ്പെടുന്ന കേരള പാര്‍ട്ടിയുടെ അവസ്ഥാന്തരമിങ്ങനെ. ഹൈന്ദവ ക്ഷേത്രങ്ങളിലും ഉല്‍സവപ്പറമ്പുകളിലും തടിച്ചുകൂടുന്ന ഭക്തജനങ്ങളില്‍ ഒതുങ്ങുന്ന പുതിയൊരു ആള്‍ക്കൂട്ട പാര്‍ട്ടി. പാര്‍ട്ടി വളര്‍ത്താന്‍ തങ്ങളുടെ മാതൃക സ്വീകരിക്കുകയാണ് സിപിഎം എന്ന് ബിജെപി പരിഹസിച്ചുതുടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss