|    Jul 20 Fri, 2018 4:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കടകംപള്ളിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം: സിപിഎമ്മിന് അതൃപ്തി

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ആരാധനാ കര്‍മങ്ങളില്‍ ഏര്‍പ്പെട്ടതില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ കടകംപള്ളിയില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത ജാഗ്രതക്കുറവു സംഭവിച്ചെന്നാണു സിപിഎമ്മിന്റെ പൊതുവായ വിലയിരുത്തല്‍. ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയാവും. വൈരുധ്യാത്മിക ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്ക് ചേര്‍ന്നതല്ല കടകംപള്ളിയുടെ പ്രവൃത്തിയെന്നാണു സിപിഎം നേതാക്കളുടെ അഭിപ്രായം. സംഭവം വിവാദമായതിനു പിന്നാലെ ഇക്കാര്യത്തില്‍ മന്ത്രിയോട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരണം ചോദിച്ചു. ശരിയായ കമ്യൂണിസ്റ്റുകാരന് യോജിച്ച പ്രവൃത്തിയല്ല മന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. തിരുവനന്തപുരം വിളപ്പില്‍ ഇഎംഎസ് അക്കാദമിയില്‍ നടക്കുന്ന വനിതാ പഠന ക്ലാസിലായിരുന്നു കടകംപള്ളിക്കെതിരായ എം വി ഗോവിന്ദന്റെ പരാമര്‍ശം. പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ കടകംപള്ളിയുടെ സമീപനം തെറ്റായെന്ന് അദ്ദേഹം തുറന്നടിച്ചു. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണു സിപിഎം. ക്ഷേത്രങ്ങളില്‍ വഴിപാട് സമര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കും മന്ത്രിയുടെ നടപടിയില്‍ കടുത്ത അതൃപ്തിയുണ്ട്. സംഭവം വിവാദമായതിനു പിന്നാലെ തന്റെ ക്ഷേത്രദര്‍ശനത്തെ മന്ത്രി ന്യായീകരിച്ചിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനത്തില്‍ അസ്വസ്ഥതയുള്ളവരാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ സന്ദര്‍ശനത്തില്‍ തെറ്റില്ലെന്നും ആരാധനാകര്‍മങ്ങളില്‍ ഏര്‍പ്പെട്ടതാണു പ്രശ്‌നമെന്നും പാര്‍ട്ടി നേതൃത്വം കടകംപള്ളിയെ അറിയിച്ചു. ജി സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ശബരിമലയും ഗുരുവായൂരും സന്ദര്‍ശിച്ചതു ചൂണ്ടിക്കാട്ടിയാണു പാര്‍ട്ടി നേതൃത്വം കടകംപള്ളിയുടെ വാദത്തെ തള്ളിയത്. അതിനിടെ ബിജെപി വിഷയം സിപിഎമ്മിനെതിരേയുള്ള രാഷ്ട്രീയ ആയുധമായി ഉയര്‍ത്തിക്കൊണ്ടുവന്നതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി. അഷ്ടമിരോഹിണി ദിനത്തില്‍ മുഴുവന്‍ സമയവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന മന്ത്രിയും കുടുംബാംഗങ്ങളും പുഷ്പാഞ്ജലി ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ അര്‍പ്പിച്ച് തൊഴുതതാണ് വിവാദമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss