|    Sep 24 Mon, 2018 8:44 pm
FLASH NEWS

കഞ്ചിക്കോട് സംഘര്‍ഷമേഖലയില്‍ പോലിസ് നടപടി പേരിനു മാത്രം

Published : 23rd January 2017 | Posted By: fsq

 

പാലക്കാട്: കഴിഞ്ഞ കുറെ മാസങ്ങളായി  സംഘര്‍ഷങ്ങള്‍ റിപോ ര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന  കഞ്ചിക്കോട് മേഖലയില്‍ പോലി സ് സുരക്ഷ പേരിലൊതുങ്ങുന്നു. സിപിഎം, ബിജെപി സംഘര്‍ഷം പതിവായതോടെ കഞ്ചിക്കോട് മേഖല മുള്‍മുനയിലായിട്ട് മാസങ്ങളായി. ഏതുനിമിഷവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും പോലിസിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടികളില്ലാത്തതാണ് പ്രശ്‌നം വഷളാക്കുന്നതെന്നാണ്  പരക്കെയുള്ള ആക്ഷേപം.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയിലാണ് കഞ്ചിക്കോട്  മേഖലയില്‍ സിപിഎം, ബിജെപി സംഘര്‍ഷം ശക്തമായി തുടങ്ങിയത്. മലമ്പുഴ മണ്ഡലത്തില്‍  വരുന്ന പ്രദേശത്ത് കൊട്ടിക്കലാശത്തിനോടനുബന്ധിച്ചുവരെ  സംഘര്‍ഷമുണ്ടായി. ഇതുവരെ മേഖലയില്‍ നാല്‍പതിലേറെ സംഘര്‍ഷങ്ങള്‍ നടന്നതായാണ് കണക്ക്. മുക്രോണി, അയ്യങ്കുളം, ചടയന്‍കാലായി, സൂര്യനഗര്‍, ഹില്‍വ്യൂനഗര്‍, പുതുശ്ശേരി, കോവില്‍പാളയം, ചെമ്മണക്കാട് തുടങ്ങിയ മേഖലകളിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി പേര്‍ക്കു വെട്ടേല്‍ക്കുകയും വീടുകളും, സ്ഥാപനങ്ങളും വാഹനങ്ങളും ഉള്‍പ്പെടെ ലക്ഷങ്ങളുടെ വസ്തുക്കളും അഗ്നിക്കിരയായി. കഴിഞ്ഞയാഴ്ച ഒരു വീടിനുനേരെയുണ്ടായ ആക്രമണത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വ്യാപകനാശമാണുണ്ടായത്. വീടുകയറിയുള്ള ആക്രമണങ്ങളും തുടങ്ങിയതോടെ പ്രദേശമാകെ ഭീതിയിലായ നിലയാണ്.വാളയാര്‍, കസബ പോലിസ് സ്റ്റേഷനുകളിലായി ഇതുവരെ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 25 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 18 പേരെയും വാളയാര്‍ പോലിസാണ് പിടികൂടിയത്. എന്നാല്‍ ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന കേസാണ് ചുമത്തിയത്. കൊലപാതക ശ്രമം, വാഹനം കത്തിക്കല്‍ തുടങ്ങിയ സംഭവങ്ങളിലാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുള്ളതെങ്കിലും പ്രതികളെ പിടികൂടാനും കഴിഞ്ഞില്ല. പാര്‍ട്ടി പ്രവര്‍ത്തകരെക്കാള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് മേഖലയില്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് പറയപ്പെടുന്നത്.  ഇവര്‍ക്കെതിരെ പോലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്ന പരാതിയുമുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം. പോലിസിനെ വരുതിയിലാക്കിയെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ബിജെപി കഴിഞ്ഞ ദിവസം ഡിവൈഎസ്പി ഓഫിസ് മാര്‍ച്ചും നടത്തിയിരുന്നു. സംഘര്‍ഷ മേഖലയില്‍ മുഖം നോക്കാതെയുള്ള നടപടിയെടുക്കാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. ഈ നില തുടര്‍ന്നാല്‍ മേഖലയില്‍ സ്ഥിതി കൂടുതല്‍ വഷളാക്കും. മുക്രോണിയിലും  അയ്യങ്കുളത്തും പോലിസ് പിക്കറ്റ് പോസ്റ്റുകള്‍ തുറന്നിരിക്കുകയാണ്. ഇവിടെ നാലുപേര്‍ വീതം ഇപ്പോള്‍ ഡ്യൂട്ടിയിലുമുണ്ട്. പുറമേ നാല് പട്രോളിങ് ടീമുകളും മേഖലയിലുണ്ട്. എസ്‌ഐമാര്‍ ഉള്‍പ്പെടെ മുപ്പതോളം സേനാംഗങ്ങള്‍ മേഖലയില്‍ ഉണ്ടായിരിക്കുമ്പോഴാണ് അക്രമങ്ങള്‍ അരങ്ങേറുന്നതെന്നിരിക്കെ പോലിസിനും തലവേദനയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss