|    Jan 17 Tue, 2017 2:36 pm
FLASH NEWS

കഞ്ചിക്കോട്ട് കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി

Published : 12th October 2016 | Posted By: Abbasali tf

പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയില്‍ പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം പഴക്കമുള്ള കാട്ടാനക്കുട്ടിയുടെ മൃതശരീരം കണ്ടത്തി. വല്ലടി സൂര്യംപൊറ്റ നെല്ലിശ്ശേരി മലയടിവാരത്തിലെ ജനവാസമേഖലയിലാണു ഇന്നലെ രാവിലെ പ്രസവിച്ചു മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.ചെളിയില്‍ പൂണ്ട നിലയിലായിരുന്നു ആനക്കുട്ടിയുടെ മൃതശരീരം. രാവിലെ ആറു മണിയോടെ വിറകു ശേഖരിക്കാനെത്തിയവരാണ് ആദ്യം കണ്ടത്. കഴിഞ്ഞ ദിവസവും ഇന്നലെയും പുലര്‍ച്ചെ മുതല്‍ തന്നെ ഇവിടെ ആനക്കൂട്ടമെത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടു ദിവസത്തിലധികം പഴക്കമുള്ളതാണ് ആനക്കുട്ടിയുടെ ജഢമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ജഢത്തിന് പുറത്ത് ആനയുടെ കാല്‍പ്പാദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പൂര്‍ണവളര്‍ച്ചയെത്താത്ത കൊമ്പനാനക്കുട്ടിയാണെന്നും ആനകള്‍ തന്നെ ഇതിനെ ചവിട്ടിയതാകാമെന്നും സൂചനയുണ്ട്. കാട്ടാനക്കൂട്ടം പിന്‍വലിഞ്ഞ ശേഷം തെരുവുനായകള്‍ കാട്ടാനക്കുട്ടിയുടെ ശരീരം  കടിച്ചു വലിച്ചതായും  സൂചനയുണ്ട്. അതേസമയം കഞ്ചിക്കോട് വനാതിര്‍ത്തിയില്‍ കണ്ടെത്തിയ 11 മാസം മാത്രം പ്രായമായ കാട്ടാനക്കുട്ടിയുടെ ജഡം വിശദമായ അന്വേഷണത്തിലേക്കും പഠനത്തിലേക്കും നയിക്കണമെന്ന് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. സാധാരണ 24 മാസം വരെ ഗര്‍ഭ കാലമുള്ള ആനകള്‍ക്ക് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഇല്ല എന്നതിനാലാണ് അന്വേഷണം ആവശ്യമായി വരുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ കൃഷിയും മറ്റും നശിപ്പിക്കുന്നത് ഒരു വശത്ത് നടക്കുമ്പോള്‍, മറുവശത്ത് ആനകളുടെയും വന്യ ജീവികളുടെയും നാശവും സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് പഠന വിധേയമാക്കേണ്ട പ്രധാന ഭാഗം. കൃഷിയിലുപയോഗിക്കുന്ന രാസവളങ്ങള്‍ ആന കഴിക്കാറുണ്ട്. അതുപോലെ കീടനാശിനി കലര്‍ന്ന വിളകള്‍ ഭക്ഷിക്കുന്നതും ആനയുള്‍പ്പെടെയുള്ള ജീവികളില്‍ ഗര്‍ഭച്ഛിദ്ദ്രം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വിശകലനം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് , വന്യജീവി ശാസ്ത്രജ്ഞന്‍,വന്യമൃഗ ഡോക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഠനം നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ കോ ഓഡിനേറ്റര്‍ എസ് ഗുരുവായൂരപ്പന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക