|    Nov 21 Wed, 2018 3:01 am
FLASH NEWS

കഞ്ചാവ് വ്യാപാരത്തിന് കോളജ് വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നു

Published : 7th November 2017 | Posted By: fsq

 

നെടുങ്കണ്ടം: ഇടനിലക്കാര്‍ കുടുങ്ങാന്‍ തുടങ്ങിയതോടെ കഞ്ചാവ് കടത്താന്‍ വിദ്യാര്‍ഥികളുടെ സംഘം അതിര്‍ത്തി കടക്കുന്നു. സ്വന്തം ഉപയോഗിക്കാനും വില്‍ക്കാനുമായി തമിഴ്‌നാട്ടില്‍ നിന്നു വാങ്ങിയ കഞ്ചാവുമായി കേരളത്തിലേക്കു കടക്കുന്നതിനിടെ ബോഡിമെട്ട് ചെക്്‌പോസ്റ്റില്‍ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ പിടിയിലായി. മൂന്നാറിലെ കേറ്ററിങ് കോളജില്‍ പഠിക്കുന്ന കൊല്ലം കരുനാഗപ്പള്ളി വിജയഭവനില്‍ ജിഷ്ണു(20), തൃശൂര്‍ ചാവക്കാട് പാവറട്ടി വാഴപ്പള്ളില്‍ മെല്‍ബിന്‍ (20) എന്നിവരാണ് പിടിയിലായത്്. അരയില്‍ ഒളിപ്പിച്ച നിലയില്‍ 350 ഗ്രാം കഞ്ചാവും ഇവര്‍ സഞ്ചരിച്ച  കെ.എല്‍.46-എന്‍-4182 ബൈക്കും എക്‌സൈസ് സംഘം പിടികൂടി. തമിഴ്‌നാട് ബോഡിയില്‍ നിന്ന് 4000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി ഇരുചക്ര വാഹനത്തില്‍ ഇരുവരും അതിര്‍ത്തിയിലെത്തി. ചെക്ക്‌പോസ്റ്റില്‍ പരിശോധന നടക്കുന്നതു കണ്ട ജിഷ്ണു ഇതുവഴി വന്ന ബസ്സില്‍ കയറി. മെല്‍ബിന്‍ ബൈക്ക് ഓടിച്ച് ചെക്ക് പോസ്റ്റിലെത്തി. ഇതിനിടെ മെല്‍ബിനെ പരിശോധിക്കുന്നതിനിടെ കൈയില്‍ നിന്ന് കഞ്ചാവിന്റെ മണം അധികൃതര്‍ക്കു ലഭിച്ചു. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോള്‍ അരയില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. സംശയം തോന്നിയ  എക്‌സൈസ് ഉദേ്യാഗസ്ഥര്‍ പിന്നാലെ വന്ന ബസ് പരിശോധിക്കുകയും ബാഗില്‍ ഒളിപ്പിച്ച കഞ്ചാവുമായി ജിഷ്ണുവിനെ പിടികൂടുകയുമായിരുന്നു. ജിഷ്ണുവിന്റെ ബാഗില്‍ നിന്ന് ലഭിച്ച കോളജ് ഐഡന്റിറ്റി കാര്‍ഡ് കോപ്പിയില്‍ നിന്നാണ് ഇരുവരും ഒരേ കോളജ് വിദ്യാര്‍ഥികളും സുഹൃത്തുക്കളും ആണെന്ന് അധികൃതര്‍ കണ്ടെത്തിയത്. അറസ്റ്റിലായ ജിഷ്ണുവും മെല്‍ബിനും മറ്റ് കൂട്ടുകാര്‍ക്കൊപ്പം നിരവധി തവണ ബോഡിമെട്ട് ചെക്ക്‌പോസ്റ്റിലൂടെ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. അടുത്തിടെ കഞ്ചാവു കച്ചവടക്കാരായ ചിലര്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇതോടെ കഞ്ചാവ് കിട്ടാതായി. തുടര്‍ന്നാണ് കഞ്ചാവ് വാങ്ങാന്‍ വിദ്യാര്‍ഥികള്‍ നേരിട്ട് തമിഴ്‌നാട്ടിലേക്ക് പോയിത്തുടങ്ങിയത്. വിദ്യാര്‍ഥികളെ കാരിയര്‍മാരാക്കി കഞ്ചാവ് എത്തിക്കുന്ന വന്‍ ലഹരിമാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, അവരെക്കുറിച്ചുള്ള വ്യക്തമായ വിവരമില്ല. പിടിയിലായാല്‍ ഇറക്കിവിടാമെന്നുള്ള ഉറപ്പ് ഈ മാഫിയ സംഘം നല്‍കുന്നതോടെ വിദ്യാര്‍ഥികള്‍ ടൂറിനും മറ്റും പോവുന്ന പോലെ തമിഴ്‌നാട്ടിലെത്തുകയും കഞ്ചാവ് മൂന്നാര്‍ മേഖലയിലേക്ക് എത്തിക്കുകയുമാണു ചെയ്യുന്നത്. വിദ്യാര്‍ഥികളെ കാരിയര്‍മാരാക്കിയുള്ള കഞ്ചാവ് കടത്തിനെതിരേ കൂടുതല്‍ ജാഗ്രത സമൂഹത്തിനും അധികൃതര്‍ക്കും വേണം എന്നതാണ് കുട്ടികളുടെ അറസ്റ്റ് സൂചിപ്പിക്കുന്നത്. ബോഡിമെട്ടിലെ പരിശോധനയ്ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ ലിജോ ഉമ്മന്‍, അജിത്കുമാരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സനേജ്, രതീഷ്, സനേഷ്, അജിത്,അയാസ്,നൗഷാദ്,അനൂപ് എന്നിവരാണ് നേതൃത്വം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss