|    Mar 25 Sat, 2017 11:19 am
FLASH NEWS

കഞ്ചാവ് വില്‍പ്പനക്കാരനെന്ന് കരുതി എക്‌സൈസ് ഉദ്യോഗസ്ഥനെ പോലിസ് മര്‍ദ്ദിച്ചു; ഉന്നതര്‍ ആവശ്യപ്പെട്ടിട്ടും വിട്ടയച്ചില്ല

Published : 12th July 2016 | Posted By: SMR

തൊടുപുഴ: കഞ്ചാവ് വില്‍പ്പനക്കാരനെന്നു തെറ്റിദ്ധരിച്ച് മയക്കുമരുന്നു കടത്ത് പിടികൂടാനെത്തിയ എക്‌സൈസ് സിവില്‍ ഓഫിസര്‍ക്ക് പോലിസ് മര്‍ദ്ദനം. സംഭവത്തില്‍ ആളുമാറിയെന്നാണ് അവസാനം പോലിസ് വിശദീകരണം. കീഴുദ്യോഗസ്ഥനു നേരിടേണ്ടി വന്ന പീഡനത്തിനെതിരേ വകുപ്പിന്റെ അമര്‍ഷവും പ്രതിഷേധവും ജില്ലാ എക്‌സൈസ് കമ്മീഷണര്‍ കെ എ നെല്‍സണ്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.
കട്ടപ്പന എക്‌സൈസ് ഓഫിസിലെ വിനോജിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വെളുപ്പിനു കഞ്ചാവ് വില്‍പ്പനയ്ക്കായി ഒരു സംഘം നെടുങ്കണ്ടത്ത് എത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവരെ പിടികൂടാനെത്തിയതാണ് വിനോജ്. നെടുങ്കണ്ടം എസ്ബിടിയ്ക്കു സമീപമെത്തിയപ്പോള്‍ ഇന്നോവ കാറിലെത്തിയ ഒരു സംഘമാളുകള്‍ വിനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്ന് വലിച്ചിറക്കി കാറില്‍ കയറ്റി പാഞ്ഞുപോയി. പത്തനംതിട്ട ആറന്‍മുള പോലിസ് സ്‌റ്റേഷനില്‍ നിന്നെത്തിയ സംഘമാണെന്ന് വിനോജിനോട് പറഞ്ഞു. താന്‍ എക്‌സൈസ് ഉദ്യോഗസ്ഥനാണെന്നും ജില്ലാ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡില്‍പ്പെട്ടെയാളാണെന്നും കഞ്ചാവ് വില്‍പ്പന സംഘത്തെ പിടികൂടാനെത്തിയതാണെന്നും പറഞ്ഞിട്ടും പോലിസുകാര്‍ക്ക് വിശ്വാസമായില്ല.
കഞ്ചാവ് ഇടപാടിനെ കുറിച്ച് വെളിപ്പെടുത്താതെ വിട്ടയയ്ക്കില്ലെന്നും കഞ്ചാവു വില്‍പ്പനക്കാരെ കുറിച്ച് വിവരം നല്‍കണമെന്നും ആവശ്യപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥനെ 12 മണിക്കൂര്‍ ആറന്‍മുള പോലിസിന്റെ പ്രത്യേക കേന്ദ്രത്തില്‍ പീഡിപ്പിക്കുകയായിരുന്നു. വിഷയത്തില്‍ എക്‌സൈസ് കമ്മീഷണര്‍ ഇടപെട്ടിട്ടും ഉദ്യോഗസ്ഥനെ വിട്ടയക്കാന്‍ പോലിസ് തയാറാവാത്തതും വിവാദമായി. ഇതിനിടെ പത്തനംതിട്ട ജില്ലയില്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന നിലപാടിലായിരുന്നു അവിടുത്തെ ജില്ലാ പോലിസ് സൂപ്രണ്ട്.
മൊബൈല്‍ ഫോണിലേക്കു വന്ന കോളുകള്‍ അറ്റന്‍ഡ് ചെയ്യാനും പോലിസുകാര്‍ സമ്മതിച്ചില്ലെന്നു വിനോജ് പറഞ്ഞു. എക്‌സൈസ് ഉദ്യോഗസ്ഥനെ പോലിസുകാര്‍ പിടികൂടിയ വിവരമറിഞ്ഞ് ഇടുക്കി ഡപ്യുട്ടി കമ്മീഷണര്‍ കെ എ നെല്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ടയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടും ഫലമുണ്ടായില്ല.
മേലുദ്യോഗസ്ഥര്‍ വിളിച്ചാല്‍ കേസില്‍ കുടുക്കുമെന്നും ചില പോലിസുദ്യോഗസ്ഥര്‍ വിനോജിനെ ഭീഷണിപ്പെടുത്തി. പത്തനംതിട്ടയിലോ കോന്നിയിലോ റാന്നിയിലോ ഉള്ള കഞ്ചാവുകടത്തു കാരെക്കുറിച്ച് വിവരം നല്‍കണമെന്നും പോലിസുകാര്‍ ശഠിച്ചു. വിവരം കൈമാറിയാലുടന്‍ വിട്ടയയ്ക്കാമെന്നും പറഞ്ഞു. വിനോജിനെ വിട്ടയയ്ക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇടുക്കി ഡപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ വിവരം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനെ അറിയിച്ചു. എക്‌സൈസ് കമ്മീഷണര്‍ വിഷയത്തില്‍ ഇടപെട്ടിട്ടും വൈകിട്ട് ആറിനാണു വിനോജിനെ ആറന്‍മുള എസ്‌ഐയും സംഘവും വിട്ടയച്ചത്.

(Visited 49 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക