|    Nov 19 Sun, 2017 3:56 pm
FLASH NEWS

കഞ്ചാവ് ലോബികള്‍ക്കെതിരേ ജാഗ്രത വേണമെന്ന് പോലിസിന്റെ മുന്നറിയിപ്പ്

Published : 2nd August 2017 | Posted By: fsq

 

വൈപ്പിന്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ടീനേജ്കാരെ ലക്ഷ്യമിട്ട് കഞ്ചാവ് ലോബികള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും അധ്യാപകരും  ജാഗ്രതപാലിക്കണമെന്ന് മുനമ്പം പോലിസ് മുന്നറിയിപ്പ് നല്‍കി. 2016 മുതല്‍ കഴിഞ്ഞ ഒന്നര വര്‍ഷം കഞ്ചാവുമായി ബന്ധപ്പെട്ട് മുനമ്പം പോലിസ് എടുത്ത  കേസുകളുടെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ഈ കാലയളവില്‍ കഞ്ചാവുമായി പിടിക്കപ്പെട്ടവരില്‍ 70 ഓളം പേര്‍ 16നും 25നും ഇടിയിലുള്ളവരാണെന്നും പോലിസ് പറയുന്നു. ഇതില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. മയക്കുമരുന്നിനും മദ്യത്തിനുമെതിരേ റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് മുനമ്പം പോലിസ് നടത്തിവരുന്ന കാംപയിനിന്റെ ഭാഗമായാണ് ഇത്രയധികം കഞ്ചാവ് കേസുകള്‍ മുനമ്പത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് മുനമ്പം എസ്‌ഐ ജി അരുണ്‍ അറിയിച്ചു. കഞ്ചാവ് വില്‍പ്പന നടത്തിയതിനും കൈവശം വെച്ച് ഉപയോഗിച്ചതിനുമായി കഴിഞ്ഞ മാസം മാത്രം മുനമ്പത്ത് 10 പേരെ പോലിസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ലോബികള്‍ ഇരകളെ കണ്ടെത്തിയാല്‍ ആദ്യം കഞ്ചാവ് ഉപയോഗിക്കാനാണത്രേ പഠിപ്പിക്കുന്നത്. പിന്നീട് ഇവരെ വില്‍പ്പനയിലെ കണ്ണിയാക്കും. ഇത് മൂലം ജാമ്യത്തില്‍ ഇറങ്ങുന്നവര്‍ വീണ്ടും ഉടനെ വില്‍പ്പനക്കിറങ്ങുന്നത് പോലിസിനു കൂടുതല്‍ തലവേദന ഉണ്ടാക്കുന്നു. ചെറായി, മുനമ്പം, കുഴുപ്പിള്ളി ബീച്ചുകളിലും മറ്റും പോലിസ് കഞ്ചാവ് വില്‍പ്പനക്കാരെ പിടിക്കാന്‍ മഫ്ടിയില്‍ പെട്രോളിങ് ഉണ്ട്. കഞ്ചാവ് ലോബിയെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും പോലിസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക