|    Nov 17 Sat, 2018 9:38 pm
FLASH NEWS

കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട വനപാലകര്‍ വനമേഖലയില്‍ അകപ്പെട്ടു

Published : 9th August 2018 | Posted By: kasim kzm

അഗളി: അട്ടപ്പാടിയിലെ സൈലന്റ് വാലി വനമേഖലയില്‍ കഞ്ചാവ് റെയ്ഡിന് പോയ വനപാലകര്‍ മൂന്നുദിവസം കാട്ടില്‍ അകപ്പെട്ടു. കാട്ടില്‍ കയറിയ വനപാലക സംഘം തിരിച്ചെത്താതായതോടെ ആശങ്ക പടര്‍ന്നിരുന്നു. തിരച്ചില്‍ ആരംഭിച്ചതിനു പിറകേ ഇന്നലെ വൈകീട്ട് ഏഴോടെയാണ് തിരിച്ചെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉള്‍വനത്തിലെ തുടുക്കി, ഗലസി മേഖലയിലേക്കാണ് കഞ്ചാവ് ചെടികള്‍ നശിപ്പിക്കുന്നതിനായി ഡെപ്യുട്ടി റെയ്ഞ്ചര്‍ അഭിലാഷിന്റെ നേതൃത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരും വാച്ചര്‍മാരുമായ ജിനു, കണ്ണന്‍, മല്ലീശ്വരന്‍, അനില്‍, പാങ്കന്‍, റസാഖ് എന്നിവരടങ്ങുന്ന സംഘം പുറപ്പെട്ടത്.
എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ പെയ്ത കനത്ത മഴയില്‍ കാട്ടരുവികളും വരഗാറും, ഭവാനി പുഴയും കരകവിഞ്ഞൊഴുകിയതോടെ തിരിച്ചിറങ്ങാനായില്ല.
ഇരുപുഴകളുടെയും നടുവിലുള്ള വനമേഖലയിലാണ് ഇവര്‍ കുടുങ്ങിയത്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള കഞ്ചാവ് പരിശോധന പൂര്‍ത്തിയാക്കി ചൊവാഴ്ച്ച ഇവര്‍ തിരിച്ചെത്തേണ്ടതായിരുന്നു. ഇവരുടെ കൈവശമുള്ള വാക്കി ടോക്കിയും മൊബൈലും പ്രവര്‍ത്തന രഹിതമായതോടെ ആശയ വിനിമയം നിലച്ചു.
അപകട സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചു.
സൈലന്റ് വാലി വനംവകുപ്പ് ഓഫിസുകള്‍ക്ക് ഏതാണ്ട് 10 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയുള്ള ആനവായ് ഊരില്‍ ഇവര്‍ സുരക്ഷിതരായി എത്തിയതായി വിവരം ലഭിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായില്ല. ആശങ്കയ്‌ക്കൊടുവില്‍ ഇന്നലെ വൈകീട്ടോടെ ഇവര്‍ കാടിറങ്ങുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss