|    Jan 19 Thu, 2017 1:50 am
FLASH NEWS

കഞ്ചാവ് മാഫിയാ സംഘങ്ങളുടെ ആക്രമണം പതിവാകുന്നു

Published : 27th August 2016 | Posted By: SMR

ചാവക്കാട്: തീരദേശ മേഖലയില്‍ കഞ്ചാവ് മാഫിയ സംഘങ്ങളുടെ ആക്രമണം പതിവാകുന്നു. കഞ്ചാവ് വില്‍പ്പനക്കെതിരേ പരാതി നല്‍കിയതിന് കഞ്ചാവ് മാഫിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അടിയന്തര ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കടപ്പുറം മൂസാറോഡ് സ്രാങ്കിന്റകത്ത് സിദ്ദീക്കിന്റെ മകന്‍ നൗഫലി (മുംജാസ്-24)നാണ് കഴിഞ്ഞ ദിവസം വെട്ടേറ്റിരുന്നത്. തീരദേശ മേഖലയില്‍ കഞ്ചാവ് വില്‍പ്പനക്കെതിരേയുള്ള എതി ര്‍പ്പ് ശക്തമായതോടേയാണ്  സംഘം ആക്രമണ പരമ്പരകള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിനടുത്ത് ചെമ്മീന്‍കെട്ടിനു സമീപം പേലി വീട്ടില്‍ അറുമുഖ (46) നേയും കഞ്ചാവ് മാഫിയ സംഘം ആക്രമിച്ചിരുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം മേഖലയിലെ ചില സ്‌കൂളുകളും കോളനികളും കേന്ദ്രീകരിച്ച് കഞ്ചാവു വില്‍പ്പനയും ആക്രമണവും തുടര്‍ക്കഥയായതോടെ ജനങ്ങള്‍ ഭീതിയിലാണ്. മദ്യത്തിന്റെ ലഭ്യതയിലുണ്ടായ കുറവ് മുതലെടുത്ത് സ്ഥിരം മദ്യപാനികളെ പുതിയ ലഹരിയിലേക്ക് നയിക്കാനുള്ള ശ്രമവും കഞ്ചാവു മാഫിയക്കുണ്ട്. ബാറുകള്‍ പൂട്ടിയതിനുശേഷം മേഖലയിലെ വിവിധയിടങ്ങളില്‍ പലയിടത്തുനിന്നായി ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവും മയക്കുമരുന്നുകളുമാണ് പോലിസും എക്‌സൈസും നാര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്നു പിടിച്ചെടുത്തത്.
കഞ്ചാവ് വില്‍പനയുടെ സാധ്യതകള്‍ മനസ്സിലാക്കി പുതിയ സംഘങ്ങള്‍ തലപൊക്കുന്നത് പലയിടത്തും പോലിസിനു വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. മാല പിടിച്ചുപറിക്കാരും വാഹനമോഷ്ടാക്കളുമൊക്ക ഇത്തരത്തില്‍ കഞ്ചാവ് സംഘങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം. കഞ്ചാവ് കടത്തലില്‍ നിന്നു ലഭിക്കുന്ന ഭീമമായ തുകയാണ് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഒരു കിലോയ്ക്കു മുകളിലായാല്‍ മാത്രമേ കഞ്ചാവ് കേസുകളില്‍ അകത്തുകിടക്കേണ്ടിവരികയുള്ളുവെന്നതും ഇവര്‍ക്കു ഗുണമാകുന്നുണ്ട്. ചെറിയ കേസുകളില്‍ അപ്പോള്‍ തന്നെ ജാമ്യം ലഭിക്കുകയും ചെയ്യും.
ആന്ധ്രയിലെ ഉള്‍ക്കാടുകളില്‍ കൃഷിചെയ്ത കഞ്ചാവാണ് ഇപ്പോള്‍ കേരളത്തിലേക്കു വരുന്നതെന്നാണ് സൂചന. തമിഴ്‌നാട്ടിലെ തേനി, ഉസിലംപെട്ടി വഴിയാണത്രേ ആന്ധ്രയില്‍ നിന്നു കേരളത്തിലേക്കു കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവ് വില്‍പ്പന എതിര്‍ക്കുന്നവര്‍ക്കെതിരേ ആക്രമണവും കൂടി ശക്തമായതോടെ പോലിസ് കര്‍ശന നടപടി ശക്തമാക്കണെമന്നാവശ്യം ശക്തമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക