|    Sep 22 Fri, 2017 6:35 am

കഞ്ചാവ് ചെടിയും വെടിയുണ്ടകളും കണ്ടെത്തി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : 7th September 2016 | Posted By: SMR

കുമളി: ആനവിലാസത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടിയും നൂറ്റി അന്‍പതോളം പെല്ലറ്റുകളും കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് ആനവിലാസം വള്ളിയാംതടം പുളിക്കത്തോട്ടത്തില്‍ മുരളി (50) യെ അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
മുരളിയുടെ പുരയിടത്തില്‍ കഞ്ചാവ് ചെടിയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. അഞ്ചര അടിയോളം ഉയരമുള്ള ചടയുള്ള കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. തുടര്‍ന്ന് ഇയാളുടെ വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് സ്റ്റീലിലും ഈയത്തിലും നിര്‍മിച്ച പെല്ലറ്റുകള്‍ കണ്ടെത്തിയത്.
സ്റ്റീലില്‍ നിര്‍മിച്ച എ ണ്‍പത്തി ഏഴും ഈയത്തില്‍ നിര്‍മിച്ച അറുപത്തി എട്ടും പെല്ലറ്റുകളാണ് ഉണ്ടായിരുന്നത്. കൂടാതെ വീട്ടിനുള്ളില്‍ നിന്നും ഇരുപത് ഗ്രാം വെടിമരുന്നും മാന്‍ കൊമ്പിന്റെ ഒരു ഭാഗവും ഏതാനും സമയം മുമ്പ് ഇറച്ചി വെട്ടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന രക്തവും മാംസവും പറ്റിപ്പിടിച്ച മരക്കഷണവും കണ്ടെത്തി.
തോക്കിന്റെ കുഴല്‍ വൃത്തിയാക്കാനും തിര നിരയ്ക്കാനും ഉപയോഗിക്കുന്ന രണ്ട് കമ്പികളും വീട്ടില്‍ നിന്നും കണ്ടെടുത്തു. എന്നാല്‍ തോക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
മുരളിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത തിരകളും വെടിമരുന്നും കുമളി പോലിസിനും മാംസം വെട്ടാന്‍ ഉപയോഗിച്ച രക്തം പുരണ്ട കട്ടത്തടിയും മാന്‍കൊമ്പും വനം വകുപ്പിനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈമാറി. വെടിമരുന്നും തിരകളും തോക്കിന്റെ അനുബന്ധ സാധനങ്ങളും കൈവശം വെച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കുമളി എസ്‌ഐ കെ വി ഗണേശന്‍ പറഞ്ഞു.
വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍രാജ്, പ്രിവന്റീവ് ഓഫിസര്‍ പിഡി സേവ്യര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രാജ്കുമാര്‍ ബി, അനീഷ് ടി എ, ലിജോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക