|    May 22 Tue, 2018 11:11 pm
FLASH NEWS

കഞ്ചാവ് കടത്ത് മാഫിയകളുടെ ഇഷ്ട കേന്ദ്രമായി പാലക്കാട്

Published : 11th December 2017 | Posted By: kasim kzm

പാലക്കാട്: തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് കഞ്ചാവെത്തിക്കുന്നതിനുള്ള പ്രധാനകേന്ദ്രമായി പാലക്കാട് മാറി. തമിഴ്‌നാട്ട് നിന്നും എളുപ്പത്തില്‍ തീവണ്ടിമാര്‍ഗം കഞ്ചാവ് പാലക്കാട്ടെത്തിക്കാമെന്നതാണ് മാഫിയകളുടെ ഇഷ്ടകേന്ദ്രമായി ജില്ലയെ മാറ്റുന്നത്.
പാലക്കാട്ട് നിന്നാണ് എറണാകുളം മലപ്പുറം ഭാഗത്തേക്ക് ബസ്സിലും മറ്റിതര വാഹനങ്ങളിലും കഞ്ചാവ് കടത്തുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഒലവക്കോട്, ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് 10ലധികം പേരെയാണ് കിലോകണക്കിന് കഞ്ചാവുമായി പോലിസും എക്‌സൈസും പിടികൂടിയത്. ഇതില്‍ രണ്ട് യുവതികളുമുണ്ടെന്നതാണ് ശ്രദ്ധേയം.
പിടികൂടിയവരില്‍ അധികവും തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമാണ്. ജില്ലാ പോലിസ് േേമധാവിയുടെ നിര്‍ദ്ദേശ പ്രകാരം കഞ്ചാവ് വേട്ട ശക്തമാക്കിയതോടെയാണ് കാരിയര്‍മാര്‍ കൂട്ടത്തോടെ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നു ലഹരി ഉല്‍പന്നങ്ങള്‍ കേരളത്തിലെത്തിക്കുന്ന മാഫിയയുടെ പ്രധാന കണ്ണികളായി പ്രവര്‍ത്തിക്കുന്നത് മലയാളി വിദ്യാര്‍ഥികള്‍.
എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്നതാണ് വിദ്യാര്‍ഥികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കോയമ്പത്തൂരിലെയും സേലത്തെയും ചില സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന കുട്ടികളെ കെണിയില്‍പ്പെടുത്തിയാണ് അന്തര്‍സംസ്ഥാന ലഹരി മാഫിയ കേരളത്തിലേക്കു കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പിടികൂടിയവരിലധികവും എറണാകുളം, കൊല്ലം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്. പാലക്കാട്ട് നിന്നുള്ളവരെയും പിടികൂടിയിരുന്നുവെങ്കിലും ഇവരില്‍ നിന്ന് കണ്ടെടുത്തത് കുറഞ്ഞ അളവിലായിരുന്നു. മാഫിയകള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് കഞ്ചാവും ഇതര ലഹരിവസ്തുക്കളുമെത്തിച്ച് നല്‍കിയാല്‍ 5000രൂപ മുതല്‍ ലഭിക്കും. ലഹരിവസ്തുക്കളുടെ അളവ് വര്‍ധിക്കുന്നതിന് അനുസരിച്ച് ലഭിക്കുന്ന തുകയും വര്‍ധിക്കും. ബാഗുമായി തീവണ്ടികളിലെത്തുന്ന യുവാക്കളെ പരിശോധിക്കുന്നത് കൂടിയതോടെയാണ് മാഫിയകള്‍ യുവതികളെ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇതോടെ ലഹരിവിരുദ്ധ സംഘത്തില്‍ വനിതാ പോലിസിനെയും  ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ജങ്ഷന്‍ റെയില്‍വെ സ്‌റ്റേഷനുകളായ ഷൊര്‍ണൂരും ഒലവക്കോട്ടും പോലിസ്-എക്‌സൈസ് സംഘം സംയുക്തമായാണ് പരിശോധന നടത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss