|    Sep 25 Mon, 2017 4:33 am
FLASH NEWS

കഞ്ചാവുവേട്ട: മൂന്നുമാസത്തിനിടെ ചങ്ങനാശ്ശേരിയില്‍ പിടിയിലായത് 24 പേര്‍

Published : 10th July 2016 | Posted By: SMR

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ എക്‌സൈസ് പിടിച്ചെടുത്തത് ലക്ഷങ്ങള്‍ വിലവരുന്ന കഞ്ചാവും അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ നാലുകോടിയോളം വിലവരുന്ന ഹാഷിഷ് ഓയിലും. കൂടാതെ 50 ലിറ്ററോളം വിദേശമദ്യവും പിടിച്ചെടുത്തവയില്‍പ്പെടും. നഗരസമധ്യത്തില്‍ വളര്‍ത്തിയിരുന്ന രണ്ടു കഞ്ചാവു ചെടികളും പിടിച്ചെടുത്ത് നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവ വച്ചുപിടിപ്പിച്ചയാളേയും അറസ്റ്റുചെയ്യാനായി.
കഞ്ചാവും മദ്യവും മറ്റും വില്‍പനക്കായും ഇടനിലക്കാരില്‍ എത്തിക്കാനുമായി ഉപയോഗിച്ച നിരവധിവാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട 20 കേസുകളിലായി 24ഓളം പേരാണ് അറസ്റ്റിലായിട്ടുള്ളത്.
പിടിയിലായവരില്‍ കൊലക്കേസ് പ്രതി, മോഷണം, പിടിച്ചുപറിക്കേസിലെ പ്രതികള്‍, ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍ ഒക്കെ ഉള്‍പ്പെടുന്നു. രണ്ടില്‍ക്കൂടുതല്‍ ഭാര്യമാരുള്ളവരും പ്രതികളിലുണ്ട്. പത്താംക്ലാസ്സില്‍ 90 ശതമാനം മാര്‍ക്കുവാങ്ങി വിജയിച്ചയാളും എന്‍ജിനീയറിങ് വിദ്യാര്‍ഥിയും ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയും കഞ്ചാവു കടത്തില്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കമ്പം, തേനി, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നിട്ടുള്ള നീലച്ചെടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവാണ് പിടിച്ചെടുത്തവയില്‍ അധികവും. ചെക്കുപോസ്റ്റുകളിലെ പരിശോധന ഭയന്നു ട്രെയിന്‍ മാര്‍ഗമായിരുന്നു ഇവ ചങ്ങനാശ്ശേരിയിലേക്കു എത്തിച്ചിരുന്നത്. കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരായിരുന്നു അറസ്റ്റിലായ പ്രതികളില്‍ കൂടുതല്‍പേരും. ഇവിടെ എത്തിച്ചശേഷം ഏജന്റുമാര്‍ക്കു വിതരണം ചെയ്യുകയായിരുന്നു പതിവ്. ഇവര്‍ വിദ്യാര്‍ഥികള്‍ക്കിടയിലായിരുന്നു ഇവ വിറ്റഴിച്ചിരുന്നത്. വിദ്യാര്‍ഥികള്‍പോലും ഇതിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നു. കിലോയിക്ക് 4000 മുതല്‍ 40000 രൂപ വിലവരുന്നതുവരെ ഇവര്‍ വിറ്റഴിച്ചവയില്‍പ്പെടും.
ഏറ്റവും ചെറിയ പൊതിക്ക് 200 മുതല്‍ 350 രൂപവരെയാണ് വാങ്ങിയിരുന്നത്. ഇതിനായി പ്രത്യേക കോഡു ഭാഷയും ഇവര്‍ ഉപയോഗിച്ചിരുന്നതായി എക്‌സൈസിനു കണ്ടെത്താനായി.തമിഴ്‌നാട്ടില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്കു വരുന്ന തമിഴ്‌നാടു ബസ്സിലും ഇവ കൊണ്ടുവന്നു വിതരണം ചെയ്തിരുന്നു.
അറസ്റ്റിലായവരില്‍ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്ത്തിയില്‍ എക്‌സൈസ് പോലിസുകാരെ നിയോഗിച്ചും നിരന്തര നിരീക്ഷണത്തിലൂടെ ആഴ്ചകള്‍ നീണ്ടുനിന്നുള്ള എക്‌സൈസ് സംഘത്തിന്റെ കൂട്ടായ ശ്രമഫലമായിട്ടാണ് ഇത്രയുംപേരെ പിടിക്കാനായിട്ടുള്ളതെന്നും എക്‌സൈസ് എസ്‌ഐ ബിജു വര്‍ഗീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക