|    Jun 20 Wed, 2018 5:47 am

കക്ഷിരാഷ്ട്രീയ പകപോക്കല്‍ വേദിയായി മാറിയെന്ന് പരാതി

Published : 31st January 2017 | Posted By: fsq

 

പരപ്പനങ്ങാടി: പരപ്പനങ്ങാടി 110 കെവി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനവേദിയില്‍ വൈദ്യുതിമന്ത്രിയും അബ്ദുറബ്ബ് എംഎല്‍എയും തമ്മില്‍ നടന്ന തുറന്ന വാക്‌പോര് പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. പരപ്പനങ്ങാടി സബ്‌സ്റ്റേഷന് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച നിരവധിപേരെ അവഗണിച്ചുവെന്നും ഉദ്ഘാടന ചടങ്ങില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിന് മതിയായ പരിഗണന ലഭിച്ചില്ലെന്നും പരാതി ഉണ്ടായിരുന്നു. സബ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് സിഐടിയു നല്‍കിയ സ്വീകരണ ചടങ്ങില്‍ മന്ത്രിയോട് എല്‍ഡിഎഫിന്റെ പ്രാദേശിക നേതാക്കള്‍ ഈ വിവരം ധരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടനത്തിന് മുന്നോടിയായി പരപ്പനങ്ങാടി ടൗണില്‍ എംഎല്‍എയും സംഘാടകരും തുറന്ന ജീപ്പുമായി മന്ത്രിയെ ഉദ്ഘാടന വേദിയിലേക്ക് ആനയിച്ച് കൊണ്ടുപോകാന്‍ കാത്തിരുന്നുവെങ്കിലും മന്ത്രി മറ്റൊരു വാഹനത്തില്‍ ഉദ്ഘാടന നഗരിയിലേക്ക് പോവുകയായിരുന്നു. ഇതിനെ കുറിച്ച് എംഎല്‍എ അബ്ദുറബ്ബ് തന്റെ അധ്യക്ഷപ്രസംഗത്തില്‍  മന്ത്രിയുമായി ഒരു പ്രശ്‌നവുമില്ലന്നും മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണന്നും ആരോ ഒരു കള്ളന്‍ പരിപാടി കലക്കാന്‍ ഇടയില്‍ കയറിയിട്ടുണ്ടെന്നും വ്യക്തമാക്കി. തുടര്‍ന്ന് പതിനൊന്ന് മിനിറ്റ് ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ച മന്ത്രി മണി എട്ടു മിനിറ്റും അബ്ദുറബ്ബിന് മറുപടി പറയാന്‍ ഉപയോഗപെടുത്തി. തന്നെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും എംഎല്‍എ ജനാധിപത്യപരമായ മര്യാദ പാലിച്ചില്ലന്നും മന്ത്രി മണി ആരോപിച്ചു. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതല്ലാതെ ഇവിടെ വന്നപ്പോള്‍ പരിപാടിയെ പറ്റി കീഴ് വഴക്കമനുസരിച്ച് എംഎല്‍എ തന്നെയോ തന്റെ െ്രെപവറ്റ് സെക്രട്ടറിയെയോ ഒരു വിവരവുമറിയിച്ചില്ലന്നും പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചു പോയാലോയെന്ന് പോലും ആലോചിച്ചതായും മന്ത്രി പറഞ്ഞു. നേരത്തെ ഏറ്റടുത്ത മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോലും സാധിച്ചില്ലെന്നും വ്യക്തമാക്കിയ മന്ത്രി താന്‍ സിപിഎമ്മിന്റെ ഏതെങ്കിലും ചെറിയ നേതാവല്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് മെംബറാണന്നതിനാല്‍ താന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ അടുപ്പം കാണിക്കുന്നതും അവരുടെ പങ്ക് പരിഗണിക്കേണ്ടതും സാധാരണമാണ്. മുന്‍ മന്ത്രി കൂടിയായ അബ്ദുറബ്ബ് മന്ത്രിയെന്ന നിലയില്‍ തന്റെ മണ്ഡലത്തില്‍ ഒരു പൊതു പരിപാടിക്ക് വന്നാല്‍ അവിടുത്തെ ലീഗുകാരെ മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ എന്ന നിലയില്‍ അവര്‍ക്ക് സംഘാടകത്വത്തില്‍ മുഖ്യ പങ്ക് കൊടുക്കുമെന്നും അവിടെ ഒരു ലീഗുകാരന്‍ മാത്രമെയുള്ളൂവെങ്കില്‍ പോലും അവഗണിക്കില്ലന്നും അതാണ് മര്യാദയെന്നും മന്ത്രി മണി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് വിവാദങ്ങളൊന്നും പരാമര്‍ശിക്കാതെ ഇടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യ പ്രഭാഷണം നടത്തി. എന്നാല്‍ മന്ത്രി വേദിയില്‍ നിന്ന് പോയ ഉടന്‍ എംഎല്‍എ വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. മന്ത്രി പോവുന്നതിന് മുമ്പേ വേദിയില്‍ വച്ച് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തതായും അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറിയതായും അബ്ദുറബ്ബ് പറഞ്ഞു. എന്നാല്‍ പരിപാടിയുടെ സമയക്രമത്തെ കുറിച്ച് ഉദ്യാഗസ്ഥര്‍ തനിക്ക് വിവരം തന്നില്ലന്നും അതേ സമയം നേരത്തെ പ്രാസംഗികരായി നിശ്ചയിച്ചവര്‍ക്ക് പുറമെ മൂന്നു പേരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിവരം തന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മന്ത്രിയുടേതടക്കമുള്ള പരിപാടിയുടെ നിശ്ചയിച്ച സമയക്രമം സംബന്ധിച്ചതിന്റെ വിവരം നല്‍കാതിരിക്കുകയായിരുന്നെന്നും ഇതിന്റെ താല്‍പര്യം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. നേരത്തെ വേദിയുടെ മുന്‍ നിരയിലുണ്ടായിരുന്ന നിയുക്ത സിഡ്‌കോ ചെയര്‍മാനും നേരത്തെ അബ്ദുറബ്ബിനെതിരെ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും ചെയ്ത നിയാസ് പുളിക്കലകത്തിനെ അബ്ദുറബ്ബ് പേരെടുത്ത് വിമര്‍ശിച്ചു. ഇന്നു വരെ സ്ഥാനമേറ്റടുത്തിട്ടില്ലാത്ത നിയാസ് പുളിക്കലകത്ത് ഔദോഗികമായി ആരുമല്ലന്നും കേവലമൊരു പുളിക്കലകത്ത് മാത്രമാണന്നും അധ്യക്ഷ പ്രസംഗത്തില്‍ മറ്റുള്ളവരുടെയെല്ലാം പേരു പറഞ്ഞപ്പോള്‍ അയാളുടെ പേര് ബോധപൂര്‍വം പറയാതിരുന്നതാണന്നും അബ്ദുറബ്ബ് വ്യക്തമാക്കി. ചിലര്‍ വലിയ ആളായി അയാളെ പൊക്കി നടക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിനെയും യുഡിഎഫിനെയും വിഴുങ്ങി കളയാമെന്ന മോഹം നടക്കില്ലന്നും അബ്ദുറബ്ബ് പറഞ്ഞു. ഇതോടെ പൊതു സ്റ്റേജ് രാഷ്ട്രീയ സ്റ്റേജാക്കരുതെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരായി സ്റ്റേജിന് പിറകിലെത്തി. സ്റ്റേജ് കയറാനിരുന്ന പ്രവര്‍ത്തകരെ പരപ്പനങ്ങാടി എസ്‌ഐ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും സിപിഎം, കോണ്‍ഗ്രസ്, വ്യാപാരി പാര്‍ട്ടി കളിലെ മുതിര്‍ന്ന നേതാക്കളും ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss