|    Oct 21 Sun, 2018 2:09 pm
FLASH NEWS

കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസ്സിലേക്ക് കലക്ടറോട് ഹാജരാവാന്‍ ഹൈക്കോടതി നോട്ടീസ്‌

Published : 13th September 2017 | Posted By: fsq

 

കുമളി: കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസ്സിലേക്കും പെരിയാര്‍ കടുവാ സങ്കേതത്തിലേക്കും തുറന്നുവിടുന്ന വന്‍കിട റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചു. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് ഹാജരാവണമെന്ന് ഹൈക്കോടതി നോട്ടീസ് നല്‍കി. ഇടുക്കി ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ആര്‍ടിഒ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍വയണ്‍മെന്റ് എന്‍ജിനീയര്‍, കുമളി മെഡിക്കല്‍ ഓഫിസര്‍, പെരിയാര്‍ കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍, കുമളി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കൂടാതെ വന്‍കിട റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള 17 സ്ഥാപനങ്ങള്‍ എന്നിവരെ എതിര്‍കക്ഷികളാക്കി കുമളി സ്വദേശി കിണറ്റിന്‍കരയില്‍ സജിമോന്‍ സലീമാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളും കുമളി ടൗണിനു നടുവിലൂടെ ഒഴുകി പെരിയാര്‍ കടുവാ സങ്കേതത്തില്‍ എത്തിച്ചേരുന്ന കനാലിലെ മാലിന്യത്തിന്റെ ചിത്രങ്ങളും വീഡിയോകളും പത്രവാര്‍ത്തകളുമാണ് തെളിവായി പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ പ്രധാന കുടിവെള്ള സ്രോതസ്സാണ് തേക്കടി ജലാശയം. റോസാപ്പൂക്കണ്ടത്തു നിന്ന് ആരംഭിക്കുന്ന രണ്ട് കിലോമീറ്ററോളം നീളമുള്ള അഴുക്കുചാല്‍ പെരിയാര്‍ കടുവാ സങ്കേതത്തിലാണ് ഒഴുകിയെത്തുന്നത്. ഇതിന്റെ ഇരു കരകളിലുമായി വീടുകളും റിസോര്‍ട്ടുകളും ഉള്‍പ്പെടെ ആയിരത്തോളം കെട്ടിടങ്ങളാണുള്ളത്. ഇവിടെ നിന്നുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ ഈ കനാലിലൂടെ ഒഴുകി പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ തടാകത്തിലാണു പതിക്കുന്നത്. ഈ ജലമാണ് കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലേക്കും തമിഴ്‌നാട്ടിലേക്കും കുടിവെള്ളത്തിനായി കൊണ്ടുപോവുന്നത്.റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും സ്ഥാപിച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സജിമോന്‍ സലീം കോടതിയെ സമീപിച്ചത്. മുപ്പത് മുറികളുള്ള റിസോര്‍ട്ടുകളില്‍ പോലും പത്തില്‍ താഴെ മുറികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ടാങ്കുകളാണ് നിര്‍മിച്ചതെന്നും അധികം വരുന്ന കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ പൊതു ഓടകള്‍ വഴി തേക്കടി തടാകത്തിലേക്ക് തുറന്നുവിടുകയാണു ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു. പല സ്ഥാപനങ്ങളില്‍ നിന്നും കക്കൂസിന്റെ പൈപ്പുകള്‍ കനാലിലേക്കാണു സ്ഥാപിച്ചിട്ടുള്ളത്. ഈ മലിനജലം കുടിക്കുന്നതു മൂലം പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ വന്യജീവികളുടെയും തടാകത്തിലെ ജലജീവികളുടെയും ജീവനു ഭീഷണിയാണെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കുമളിയിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരവധി നോട്ടീസുകള്‍ ഗ്രാമപ്പഞ്ചായത്തും പെരിയാര്‍ കടുവാ സങ്കേതവും നല്‍കിയിട്ടും ശാശ്വത പരിഹാരമുണ്ടായിട്ടില്ലെന്നുമാണു പരാതിക്കാരന്റെ വാദം. അടുത്തിടെ കുമളി ഗ്രാമപ്പഞ്ചായത്തിലെ 11, 12 വാര്‍ഡുകളില്‍ നിന്ന് വാട്ടര്‍ അതോറിറ്റി ശുദ്ധജലത്തിന്റെ സാംപിള്‍ ശേഖരിച്ചിരുന്നു. ഇവ വാട്ടര്‍ അതോരിറ്റിയുടെ ഇടുക്കിയിലുള്ള ലാബില്‍ പരിശോധന നടത്തിയപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ആയിരത്തിനും മുകളിലാന്നെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അഡ്വ. ഡെയ്‌സി എ ഫിലിപ്പോസ്, അഡ്വ. ജെയ് ജോര്‍ജ് എന്നിവര്‍ മുഖേനെ സജിമോന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി ഇന്നു ഹാജരാവണമെന്നു കാണിച്ച് എതിര്‍കക്ഷികളായ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, പരാതി സംബന്ധിച്ച് വിശദമായ പരിശോധന റിപോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ ഹാജരാക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം തങ്ങളുടെ സ്ഥാപനങ്ങള്‍ ആവശ്യമായ എല്ലാവിധ അനുമതി പത്രങ്ങളോടെയുമാണു പ്രവര്‍ത്തിക്കുന്നതെന്ന് റിസോര്‍ട്ട് ഉടമകള്‍ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss