|    Oct 24 Tue, 2017 11:40 am
FLASH NEWS

കക്കൂസിനും മാലിന്യക്കൂമ്പാരത്തിനുമിടയില്‍ പാചകപ്പുര: തൃക്കുളം ഗവ. ഹൈസ്‌കൂള്‍ ആരോഗ്യ ഭീഷണിയില്‍

Published : 1st July 2016 | Posted By: SMR

തിരൂരങ്ങാടി: ജില്ലയില്‍ ഡിഫ്ത്തീരിയ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികളടക്കമുളളവക്കെതിരെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലുടനീളം നടക്കുമ്പോഴും തൃക്കുളം ഗവ. ഹൈസ്‌കൂളില്‍ വൃത്തിഹീനമായ കക്കൂസും മാലിന്യം നിറഞ്ഞ പരിസരവും കുട്ടികള്‍ക്ക് ആരോഗ്യ ഭീഷണിയുയര്‍ത്തുന്നത് അധികൃതര്‍ അവഗണിക്കുന്നു.ആവശ്യത്തിന് വെള്ളവും വെളിച്ചവുമില്ലാതെ കക്കൂസില്‍ മലം കുമിഞ്ഞു കൂടിയ അവസ്ഥയാണുളളത്.
ആണ്‍കുട്ടികളുടെ മൂത്രപ്പുരയുടെയും,കക്കൂസിന്റെയും കാര്യമാണ് ഏറെ ശോചനീയം. ഈ ഭാഗത്തേക്ക് വൈദ്യുതീകരിക്കുകയോ വെളിച്ചത്തിന് മറ്റു സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്തിട്ടില്ല.കക്കൂസിലടക്കം മിക്കസമയങ്ങളിലും ആവശ്യത്തിന് വെള്ളമില്ല. ക്‌ളോസറ്റിന് പുറത്ത് തറയില്‍ മലംകെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മലവും, മൂത്രവും കെട്ടിക്കിടന്ന് ദുര്‍ഗന്ധംകാരണം പരിസരത്തേക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കൂടാതെ ഈഭാഗത്ത് കൊതുകുശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്.ഇതിന് തൊട്ടടുത്ത് തന്നെയാണ് പാചകപ്പുര. പാചകപ്പുരയിലെയും, സ്‌കൂളിലെയും മാലിന്യങ്ങള്‍ കെട്ടിടത്തിന് പുറകില്‍ കുന്നുകൂടിക്കിടക്കുന്നത് ഏറെ ആരോഗ്യഭീഷണി ഉയര്‍ത്തുണ്ട്.മഴക്കാലമായതോടെ ഇവ ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കാനും തുടങ്ങി. പക്ഷേ ഇവ യഥാസമയം നീക്കംചെയ്യാനോ, സംസ്‌കരിക്കുവാനോ ഇതേവരെ പിടിഎ യോ ബന്ധട്ടെവരോ ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്.
സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയില്‍ ഡിഫ്ത്തീരിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസ് നടത്തിയിരുന്നെങ്കിലും ആരോഗ്യവകുപ്പധികൃതയും ഇത് ശ്രദ്ധിച്ച മട്ടില്ല. ഹൈസ്‌കൂളാക്കി ഉയര്‍ത്തിയെങ്കിലും വിദ്യാര്‍ത്ഥികളുടെ ബാഹുല്യത്തിനനുസരിച്ച് മൂത്രപ്പുരയോ, കക്കൂസോ സൗകര്യം വര്‍ധിപ്പിച്ചിട്ടില്ലെന്ന് അധ്യാപകരും പറയുന്നു. ഏതായാലും ഒരുഭാഗത്ത് വൃത്തിഹീനമായ കക്കൂസും, മൂത്രപ്പുരകളും, മറുഭാഗത്ത് പാചകപുരയും മാലിന്യക്കൂമ്പാരവുമൊക്കെയായി വിദ്യാര്‍ഥികള്‍ പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക