|    Aug 20 Mon, 2018 7:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കക്കി ഡാം തുറന്നു; പമ്പയില്‍ റെഡ് അലര്‍ട്ട്

Published : 10th August 2018 | Posted By: kasim kzm

പത്തനംതിട്ട/കൊച്ചി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. ആലുവ, പെരുമ്പാവൂര്‍ മേഖലകള്‍ വെള്ളത്തില്‍ മുങ്ങി. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ 38 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 525 കുടുംബങ്ങളില്‍ നിന്നുള്ള 2,301 പേരാണ് ക്യാംപില്‍ കഴിയുന്നത്.
ആലുവ (8 ക്യാംപുകള്‍), പറവൂര്‍ (25), കുന്നത്തുനാട് (3), കണയന്നൂര്‍ (2) താലൂക്കുകളിലാണ് ക്യാംപുകള്‍ തുറന്നിട്ടുള്ളത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഇന്നലെ രണ്ടു മണിക്കൂറോളം നിര്‍ത്തിവച്ചു. പിന്നീട് മൂന്നു മണിയോടെയാണ് പുനരാരംഭിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ രാവിലെ തുറന്നതോടെയാണ് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. രാവിലെ അഞ്ചിന് ആദ്യം രണ്ടു ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ തുറന്നു. പിന്നീട് മറ്റു ഷട്ടറും തുറക്കുകയായിരുന്നു. എന്നാല്‍ ഡാമിലെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പിന്നീട് ഒരു മീറ്റര്‍ ആക്കി ഉയര്‍ത്തി. ഇതോടെ പെരിയാറില്‍ ജലനിരപ്പ് കൂടുതല്‍ ഉയര്‍ന്നു. ഇതോടെ ആലുവ, പെരുമ്പാവൂര്‍ മേഖലകള്‍ വെള്ളത്തിലായി. പിന്നീട് പ്രദേശത്ത് നിന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ഉച്ചയോടെ ഇടുക്കി അണക്കെട്ട് കൂടി തുറന്നതോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.
മേഖലകളില്‍ 350ഓളം കുടുംബങ്ങളിലെ 2,301 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 38 ക്യാംപുകള്‍ തുറന്നു. ആലുവ താലൂക്കിലെ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ തുറന്ന ക്യാംപിലാണ് ഏറ്റവുമധികം കുടുംബങ്ങള്‍ കഴിയുന്നത്. 166 കുടുംബങ്ങളിലെ 454 പേരാണ് ഇവിടെയുള്ളത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജില്ലയിലെ പൊതുപരിപാടികള്‍ മാറ്റിവച്ചു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കക്കി ആനത്തോട് ഡാമിലേക്ക് ഒഴുകിവരുന്ന അധികജലം പുറത്തുകളയുന്നതിനായി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകളില്‍ മധ്യഭാഗത്തെ രണ്ട് ഷട്ടറുകള്‍ താല്‍ക്കാലികമായി ഉയര്‍ത്തി. 7.5 സെമീ വീതം ഉയര്‍ത്തിയാണ് അധികജലം കക്കി ആറിലേക്ക് ഒഴുക്കിവിടുന്നത്.
ജലനിരപ്പ് കെഎസ്ഇബി അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ജലവിതാനം കൂടുതല്‍ ഉയരുകയാണെങ്കില്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി നിയന്ത്രണവിധേയമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം, ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ജലാശയത്തിന്റെ ജലവിതാനം 986 മീറ്റര്‍ കടന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാനിര്‍ദേശം (മൂന്നാംഘട്ട റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചു. പമ്പാ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ഈ സാഹചര്യത്തില്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഏതുസമയവും ഉയര്‍ത്തി അധികജലം പമ്പയിലേക്ക് ഒഴുക്കിവിടും. പദ്ധതി പ്രദേശത്തുള്ള മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍ 100 ക്യു. മെക്‌സ് എന്ന തോതില്‍ ജലം ഒഴുക്കിവിടാനാണ് ഉദ്ദേശിക്കുന്നത്. ഇതുമൂലം പമ്പയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.
പമ്പാ ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും പമ്പാ നദിയുടെ ഇരുകരകളിലുള്ളവരും ശബരിമല തീര്‍ത്ഥാടകരും അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss