|    Oct 20 Sat, 2018 5:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കക്കാടംപൊയില്‍ സന്ദര്‍ശനത്തിന് എത്തിയ യുവാക്കള്‍ക്ക് മര്‍ദനമേറ്റു

Published : 6th September 2017 | Posted By: fsq

 

മുക്കം: കൂടരഞ്ഞി കക്കാടംപൊയിലില്‍ സന്ദര്‍ശനത്തിനെത്തിയ നാലു യുവാക്കള്‍ക്ക് മര്‍ദനമേറ്റു. കൊടിയത്തൂര്‍ സ്വദേശികളായ വടക്കുവീട്ടില്‍ ഷെറിന്‍ അഹമ്മദ് (22), ചാലക്കല്‍ സഹദ് അബ്ദുര്‍റഹ്മാന്‍ (23), കമ്പളത്ത് ഷാനു ജസീം (24), പറക്കുഴി മുഹമ്മദ് അല്‍ത്താഫ് (22) എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി മര്‍ദനമേറ്റത്. സംഘംചേര്‍ന്നുള്ള ആക്രമണത്തില്‍ ഷാനു ജസീമിന്റെ മൂക്ക് തകര്‍ന്നിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കക്കാടംപൊയിലില്‍ സന്ദര്‍ശനത്തിനെത്തിയ തങ്ങള്‍ കുന്നിന്‍മുകളിലെ സന്ദര്‍ശനം കഴിഞ്ഞെത്തിയപ്പോള്‍ അക്രമികള്‍ ബൈക്കിന്റെ കാറ്റഴിച്ചുവിടുകയും അകാരണമായി മര്‍ദിക്കുകയുമായിരുന്നെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. അക്രമിസംഘം ക്രൂരമായി മര്‍ദിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലിസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. സ്ഥലം കാണാനെത്തിയതാണെന്ന് അറിയിച്ചപ്പോള്‍ പോലിസ് തങ്ങളെ ഏറെനേരം മുട്ടുകാലില്‍ ഇരുത്തിച്ചെന്നും അക്രമികളെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനം സ്വീകരിെച്ചന്നും മര്‍ദനമേറ്റവര്‍ മുക്കത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, അസമയത്ത് യുവാക്കളെ സ്ഥലത്തു കണ്ടതാണ് പ്രശ്‌നത്തിനു കാരണമായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അര്‍ധരാത്രി പ്രദേശത്തെ തട്ടുകട അഗ്‌നിക്കിരയായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു തിരുവമ്പാടി പോലിസ് സ്ഥലത്തെത്തി. അടുത്തകാലത്തായി പ്രദേശത്ത് സന്ദര്‍ശനത്തിന്റെ പേരില്‍ അസമയങ്ങളില്‍ അപരിചിതരായവര്‍ തമ്പടിക്കുന്നുണ്ടെന്നും ഇതു നാട്ടുകാര്‍ക്ക് ഭീഷണിയാണെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പോലിസിനെ ധരിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് യുവാക്കളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടതെന്നാണ് പോലിസ് ഭാഷ്യം.  ഇവരെ പരിക്കേറ്റ നിലയിലാണ് കണ്ടത്. ചികില്‍സ ലഭ്യമാക്കാന്‍ പോലിസ് വാഹനത്തില്‍ കൊണ്ടുപോവാമെന്ന് അറിയിച്ചെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ ഓട്ടോറിക്ഷ തരപ്പെടുത്തിക്കൊടുത്തതായും പോലിസ് പറഞ്ഞു. അതേസമയം, പരിക്കേറ്റവരുടെ മൊഴിയനുസരിച്ച് രണ്ടു പോലിസുകാരുള്‍പ്പെടെ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. താമരശ്ശേരി സിഐക്കാണ് അന്വേഷണച്ചുമതല. യുവാക്കളെ ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കൊടിയത്തൂരില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. അക്രമത്തിനിരയായവര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ നിയമപോരാട്ടങ്ങള്‍ക്ക് ഒന്നിച്ചുനില്‍ക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനവും നടന്നു. നൗഷാദ് കൊടിയത്തൂര്‍, മുന്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍ കെ ഹസന്‍കുട്ടി, പി കെ ഫൈസല്‍, എം പി മജീദ്, യു ഹാരിസ്, ടി അഫ്‌സല്‍, അറഫാത്ത് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss