|    Nov 15 Thu, 2018 7:18 am
FLASH NEWS

കക്കയം ചെറുകിട ജല വൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ചു

Published : 17th July 2018 | Posted By: kasim kzm

കോഴിക്കോട്: കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ മൂന്ന് മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി വകുപ്പ് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ സ്വിച്ച് ഓണ്‍കര്‍മം തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു.
കക്കയത്ത് നിലവിലുള്ള 100 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള കുറ്റിയാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ചതിന് ശേഷം പുറത്തുവിടുന്ന വെള്ളം തടയണ നിര്‍മിച്ച് കനാലിലൂടെ ഒഴുക്കി ഫോര്‍ബേ ടാങ്കില്‍ എത്തിച്ച് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ പവര്‍ ഹൗസില്‍ എത്തിച്ച് രണ്ട് ജനറേറ്ററുകളിലൂടെ പ്രതിവര്‍ഷം 10.39 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണ് കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി. 2011 മാര്‍ച്ചില്‍ ആണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ രൂപകല്‍പന ചെയ്തതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ എംഎന്‍ആര്‍ഇ ഫണ്ടില്‍ നിന്നും 3.30  കോടി പദ്ധതിക്ക് ഗ്രാന്റ് ആയി അനുവദിച്ചു. ഇതില്‍ 2.97 കോടി  രൂപ ലഭിച്ചു.
കക്കയം കെഎസ്ഇബി കോളനി മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെഎസ്ഇബി ഡയറക്ടര്‍ ഇറിഗേഷന്‍ സിവില്‍ ആന്റ് എച്ച്ആര്‍എം, എസ് രാജീവ് റിപോര്‍ട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രതിഭ, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ്, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മാണി നന്തളത്ത്, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് മെംബര്‍ ആന്‍ഡ്രൂസ് കടിക്കാന, രാഷ്ട്രീയ കക്ഷി നേതാക്കളായ, ഇസ്മയില്‍ കുറുമ്പൊയില്‍ അഗസ്റ്റിന്‍ കാരക്കട, വി എസ് ഹമീദ് രാജേഷ് കായണ്ണ, പി സുധാകരന്‍ മാസ്റ്റര്‍, അരുണ്‍ജോസ് തോമസ് പോക്കാട്ട്, കെഎസ്ഇബി കോര്‍പറേറ്റ് പ്ലാനിങ് ഡയറക്ടര്‍ എന്‍ വേണുഗോപാല്‍, ചീഫ് എഞ്ചിനീയര്‍ ബി ഈശ്വരനായിക്ക് സംസാരിച്ചു.
പദ്ധതിയുടെ വിജയത്തിനായി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജോലി ചെയ്ത 18 ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്ന് മന്ത്രി എം എം മണി ചടങ്ങില്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ കരാറുകാര്‍ക്കും പ്രൊജക്ട് മാനേജര്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss