|    Dec 12 Tue, 2017 8:04 am

കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം റോഡില്‍ ; നടപടിക്ക് കലക്ടറുടെ ഉത്തരവ്

Published : 4th August 2017 | Posted By: fsq

 

ഇരിട്ടി: പഴയ ബസ്സ്റ്റാന്റിനോട് ചേര്‍ന്ന് കിടക്കുന്ന കംഫര്‍ട്ട് സ്‌റ്റേഷനിലെ മലിനജലം റോഡിലേക്ക് ഒഴുകുന്ന പ്രശ്‌നത്തില്‍ ഉടനടി നടപടി ആവശ്യപ്പെട്ട് ഇരിട്ടി നഗരസഭാ സെക്രട്ടറിക്ക് ജില്ലാ കലക്ടറുടെ ഉത്തരവ്. 14 ദിവസത്തിനുള്ളില്‍ നടപടിയെടുത്ത് അറിയിക്കാനാണ് കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നിര്‍ദേശം.ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ ജില്ലാ കലക്്ടറെ നേരില്‍ക്കണ്ടു നല്‍കിയ   പരാതിയിലാണ് കലക്്ടറുടെ നടപടി. ഇരിട്ടി പഴയ സ്റ്റാന്റില്‍ ഓപണ്‍ ഓഡിറ്റോറിയത്തോട് ചേര്‍ന്നു കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നാണ് മലിനജലം റോഡിലേക്ക് ഒഴുകുന്നത്. ശക്തമായ മഴയില്‍ മഴവെള്ളത്തോടൊപ്പം ഒഴുകുന്ന മലിനജലം പരിസരം മുഴുവന്‍ ദുര്‍ഗന്ധപൂരിതമാക്കുകയാണ്. ഇത് റോഡിലൂടെ മെയിന്‍ റോഡിലേക്കും ഇവിടുത്തെ ഓട്ടോസ്റ്റാന്റിലേക്കും എത്തിച്ചേരുന്നു. ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരിട്ടി താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്കു വിദ്യാര്‍ഥികള്‍, രോഗികള്‍, മറ്റു ഇടപാടുകാര്‍ അടക്കമുള്ള നിരവധി പേര്‍ നടന്നുപോവുന്ന റോഡില്‍ നിരവധി കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മഴ പെയ്യുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന പ്രദേശത്ത് കച്ചവടം ചെയ്യുക  അസാധ്യമാണെന്നു വ്യാപാരികളും പറയുന്നു. കംഫര്‍ട്ട് സ്റ്റേഷനിലെ ടാങ്കില്‍ നിന്നു ഒഴുകിവരുന്ന മലിനജലം ഇവിടെ നിന്നു ഓവുചാല്‍ വഴി പഴശ്ശി പദ്ധതിയിലൂടെ ജലാശയത്തില്‍ കലരുന്നതായി വര്‍ഷങ്ങള്‍ക്ക് മുമ്പേ പരാതി നല്‍കിയിരുന്നതായി കച്ചവടക്കാര്‍ പറയുന്നു. ഇതിനെതിരേ ഇതുവരെ വേണ്ടപ്പെട്ടവര്‍ യാതൊരുവിധ നടപടിയും കൈക്കൊണ്ടിട്ടില്ലെന്നതും വിചിത്രമാണ്. ഇപ്പോള്‍ മഴ ശക്തിപ്പെട്ടതോടെ ഉണ്ടായ മാലിന്യപ്രശ്‌നം നഗരസഭാ അധികൃതരെ അറിയിച്ചപ്പോള്‍ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ളവര്‍ വന്ന് ടാങ്കിനു സമീപം കുഴിയെടുത്ത് നോക്കിയതായും പൈപ്പിന്റെ ആരംഭസ്ഥലം ടാങ്കിന്റെ മുകളിലാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടുദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞുപോയവര്‍ 20 ദിവസം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ തങ്ങള്‍ നിസ്സഹായരാണെന്ന് ഇവര്‍ പറയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തങ്ങള്‍ കലക്ടറുടെ മുന്നില്‍ പരാതിയുമായി പോയതെന്ന് വ്യാപാരികള്‍ പറഞ്ഞു. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ നഗരസഭാ അധികൃതര്‍ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക