|    May 25 Fri, 2018 8:56 am
FLASH NEWS

കംപാഷനേറ്റ് കോഴിക്കോടിന് അന്താരാഷ്ട്ര അംഗീകാരം

Published : 13th March 2016 | Posted By: SMR

കോഴിക്കോട്: ആഗോള ടൂറിസം രംഗത്തെ ആധികാരിക ശബ്ദമായ ഐടിബി ബര്‍ലിന്‍ ലോകത്തെ നൂതനവും പ്രചോദനാത്മകവുമായ 50 പദ്ധതികളിലൊന്നായി കംപാഷനേറ്റ് കോഴിക്കോടിനെ തിരഞ്ഞെടുത്തു. കനിവും ആര്‍ദ്രതയും മുറ്റിനില്‍ക്കുന്ന കോഴിക്കോട് നഗരം വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചിരിക്കേണ്ട കേന്ദ്രമാണെന്നാണ് ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ ട്രേഡ് ഷോ ആയ ഐടിബി ബെര്‍ലിന്റെ കണ്ടെത്തല്‍.
മേളയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു ലോകത്തെ പ്രചോദിപ്പിക്കുന്ന 50 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ വിനോദസഞ്ചാര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയായി ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള കംപാഷനേറ്റ് കോഴിക്കോട് മാറും. മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ഏക കേന്ദ്രമാണ് കോഴിക്കോട്.
നഗരത്തിലെത്തുന്ന ആര്‍ക്കും അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ സൗജന്യ ഭക്ഷണം ലഭ്യമാക്കാന്‍ ഹോട്ടലുടമകളുമായി ചേര്‍ന്ന് നടത്തുന്ന ഓപറേഷന്‍ സുലൈമാനി, വിദ്യാര്‍ഥികള്‍ക്ക് മാന്യവും സുരക്ഷിതവുമായ ബസ് യാത്രയൊരുക്കുന്ന ഓപറേഷന്‍ സവാരിഗിരിഗിരി, കോഴിക്കോടിന്റെ അഭിമാന വ്യക്തികള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍, അനുഭവങ്ങള്‍ എന്നിവ ക്രോഡീകരിക്കുന്ന ലെജെന്റ്‌സ് ഓഫ് കോഴിക്കോട്, നഗരത്തിന്റെ ഭൂപടങ്ങള്‍, പാതകള്‍, ജലാശയങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ വിശേഷങ്ങള്‍ ലഭ്യമാക്കുന്ന കോഴിപ്പീഡിയ, സഹായങ്ങളും സേവനങ്ങളും ആവശ്യമുള്ളവര്‍ക്ക് അവയെത്തിച്ചുനല്‍കാന്‍ വഴിയൊരുക്കുന്ന വെബ്‌സൈറ്റ് തുടങ്ങി കംപാഷനേറ്റ് കോഴിക്കോടിന്റെ തണലില്‍ വിടര്‍ന്ന പദ്ധതികളാണ് കോഴിക്കോടിനെ അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്.
ജര്‍മനിയില്‍ മാര്‍ച്ച് ഒന്‍പത് മുതല്‍ 13 വരെ നടക്കുന്ന ഐ ടിബി ബെര്‍ലിന്‍ മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട 50 പദ്ധതികളെ ലോകശ്രദ്ധയിലെത്തിക്കുന്നതിനായി ഐടിബി50 ഡോട് കോം (കഠആ50.രീാ) എന്ന പേരില്‍ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്നിട്ടുണ്ട്.
കരുണയും ആര്‍ദ്രതയും അടിസ്ഥാനമാക്കിയുള്ള പദ്ധതികളിലൂടെ ഒരു പ്രദേശം വിനോദസഞ്ചാര കേന്ദ്രമായി ശ്രദ്ധയാകര്‍ഷിക്കുന്നത് ഇതാദ്യമാണെന്നാണ് മേളയുടെ സിഎസ്ആര്‍ കമ്മീഷണര്‍ റീക്ക ഷോണ്‍ ഫോന്‍സുവ കംപാഷനേറ്റ് കോഴിക്കോടിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിലൂടെ നഗരപുരോഗതി സാധ്യമാക്കുകയെന്നതാണ് പതിവുരീതി. എന്നാല്‍ സ്വന്തം ജനതയ്ക്ക് ജീവിക്കാനുള്ള മികച്ചയിടമായി നഗരം മാറുമ്പോള്‍ സഞ്ചാരികള്‍ സ്വമേധയാ വന്നെത്തിക്കൊള്ളുമെന്നതാണ് കംപാഷനേറ്റ് കോഴിക്കോട് മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്നും അവര്‍ പറഞ്ഞു.
കരുണാര്‍ദ്രം കോഴിക്കോട് പദ്ധതിയില്‍ സന്നദ്ധ പ്രവര്‍ത്തകരായും അഭ്യുദയ കാംക്ഷികളായും ഉത്സാഹിക്കുന്ന ആയിരക്കണക്കിനു കോഴിക്കോട്ടുകാര്‍ക്കുള്ള ആദ്യത്തെ അന്താരാഷ്ട്ര അംഗീകാരമാണിതെന്നും ഈയവസരത്തില്‍ എല്ലാവരെയും അഭിനന്ദിക്കുന്നതായും ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ പദ്ധതി ആരംഭിച്ചതുമുതല്‍ തന്നെ കംപാഷനേറ്റ് കോഴിക്കോട് ദേശീയ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. വിനോദസഞ്ചാര ഭൂപടത്തില്‍ കോഴിക്കോടിന് ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുക്കുന്ന പദ്ധതിയായി ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇതിനെ ഈയിടെ വിശേഷിപ്പിക്കുകയുണ്ടായി. ഏഷ്യന്‍ ഇക്കോടൂറിസം നെറ്റ്‌വര്‍ക്കിന്റെ അടുത്ത സമ്മേളനം കോഴിക്കോട് വച്ച് നടത്താന്‍ സംഘാടകര്‍ തീരുമാനമെടുത്തതും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് ലളിതമായ പരിഹാരങ്ങള്‍ കണ്ടെത്തുകവഴി സാധാരണക്കാരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ളവരുടെ പങ്കാളിത്തത്തോടെ ഏതാനും ചുവടുവയ്പ്പുകള്‍ നടത്താനായതാണ് പദ്ധതിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോടിനെ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്നതിനാവശ്യമായ ചേരുവകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ച് കഴിഞ്ഞ മാസം ഐഐഎംകെയില്‍ പ്രത്യേക ശില്‍പശാല സംഘടിപ്പിച്ചിരുന്നു.
കോഴിക്കോട്ടുകാര്‍ക്ക് മാത്രമല്ല, ലോകത്തെ മറ്റനേകം ജനങ്ങള്‍ക്കും പ്രയോജനകരമാവും വിധം കംപാഷനേറ്റ് കോഴിക്കോട് പദ്ധതി മാറുമെന്ന കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss