|    Sep 19 Wed, 2018 1:14 am
FLASH NEWS
Home   >  Sports  >  Cricket  >  

കംഗാരുക്കള്‍ വെറും ചാരം; നാഗ്പൂരും കോഹ്‌ലിപ്പടയുടെ തേരോട്ടം

Published : 1st October 2017 | Posted By: ev sports

നാഗ്പൂര്‍: നാലാം ഏകദിനത്തിലെ തിരിച്ചടി മറന്ന് നാഗ്പൂരില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ ഓസീസിന് വീണ്ടും നാണം കെട്ട തോല്‍വി. അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 242 റണ്‍സ് എടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 42 .  5 ഓവറില്‍ മൂന്ന് വിക്കറ്റിന് 243 റണ്‍സ് നേടി വിജയം പിടിച്ചടക്കുകയായിരുന്നു. മിന്നും സെഞ്ച്വറിയോടെ കളം വാണ രോഹിത് ശര്‍മയുടെ ബാറ്റിങാണ് (125) ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. അജിന്‍ക്യ രഹാനെ (61) അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.   ജയത്തോടെ അഞ്ച് മല്‍സര പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി.ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് ഓപണര്‍മാരായ ആരോണ്‍ ഫിഞ്ചും (32) ഡേവിഡ് വാര്‍ണറും (53) ചേര്‍ന്ന് സമ്മാനിച്ചത്. നാലാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ച ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയും കുല്‍ദീപ് യാദവും അഞ്ചാം ഏകദിനത്തില്‍ മടങ്ങിയെത്തിയതോടെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ പത്തിമടക്കി. ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടുകെട്ട് പിറന്നെങ്കിലും മധ്യനിരയെ എറിഞ്ഞൊതുക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കി. സ്റ്റീവ് സ്മിത്തിനെ (16) കേദാര്‍ ജാദവ് എല്‍ബിയില്‍ കുരുക്കി. തൊട്ടുപിന്നാലെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപും (13) മടങ്ങി. വന്‍ തകര്‍ച്ചയെ മുന്നില്‍ കണ്ട ആസ്‌ത്രേലിയയെ അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ മാര്‍ക്കസ് സ്‌റ്റോണിസും (46) ട്രവിസ് ഹെഡും (42) ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റില്‍ 87 റണ്‍സാണ് ഓസീസ് സ്‌കോര്‍ബോര്‍ഡിന് സമ്മാനിച്ചത്. സെഞ്ച്വറി കൂട്ടുകെട്ടിലേക്ക് ഇരുവരും മുന്നേറവെ ഹെഡിനെ അക്‌സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. മാത്യു വേഡ് (20), ജെയിംസ് ഫോക്‌നര്‍ (12) എന്നിവരും ചെറിയ സ്‌കോറില്‍ മടങ്ങിയതോടെ ഓസീസിന്റെ പോരാട്ടം 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 242 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. പാറ്റ് കുമ്മിന്‍സ് രണ്ട് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.ഇന്ത്യന്‍ നിരയില്‍ അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂംറ രണ്ടും ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.മറുപടിക്കിറങ്ങിയ ഇന്ത്യക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് രഹാനെയും രോഹിതും ചേര്‍ന്ന് സമ്മാനിച്ചത്. 74 പന്തില്‍ ഏഴ് ഫോറുകള്‍ പറത്തി അര്‍ധ സെഞ്ച്വറി നേടിയ രഹാനെ കോള്‍ട്ടര്‍നെയ്‌ലിന് മുന്നില്‍ എല്‍ബിയില്‍ കുരുങ്ങി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 22. 3 ഓവറില്‍ ഒരു വിക്കറ്റിന് 124 എന്ന മികച്ച നിലയിലായിരുന്നു. രഹാനെ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‌ലിക്കൊപ്പം (39) കളി തുടര്‍ന്ന രോഹിത് 109 പന്തുകള്‍ നേരിട്ട് 11 ഫോറും അഞ്ച് സിക്‌സറും പറത്തിയാണ് കളം വിട്ടത്. ആദം സാംബയെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കോഹ്‌ലി വിക്കറ്റ് തുലച്ചു. നാലാം വിക്കറ്റില്‍ കേദാര്‍ ജാദവും (5) മനീഷ് പാണ്ഡെയും (11) ചേര്‍ന്ന് കൂടുതല്‍ അപകടം വരുത്താതെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഓസീസിന് വേണ്ടി ആദം സാംബ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോള്‍ട്ടര്‍നെയ്ല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.രോഹിത് ശര്‍മയെ കളിയില്‍ താരമായി തിരഞ്ഞെടുത്തപ്പോള്‍ യുവ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പരമ്പരയിലെ താരമായും തിരഞ്ഞെടുത്തു.ജയത്തോടെ ഐസിസി ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss