|    Jan 20 Fri, 2017 3:01 am
FLASH NEWS

ഔദ്യോഗിക വസതി മോടികൂട്ടല്‍: മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവിട്ടത് 45.57 ലക്ഷം

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: അധികാരമേറ്റശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഔദ്യോഗികവസതികള്‍ മോടിപിടിപ്പിക്കുന്നതിനായി ചെലവിട്ടത് 45.57 ലക്ഷം രൂപ. വസതികള്‍ നവീകരിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 35.31 ലക്ഷം രൂപയും വസതികളിലെ കര്‍ട്ടന്‍ വര്‍ക്കുകള്‍, ഫര്‍ണിച്ചര്‍ എന്നിവയ്ക്കും മറ്റു സാധനസാമഗ്രികള്‍ വാങ്ങുന്നതിനുമായി 10.86 ലക്ഷം രൂപയുമാണ് ചെലവിട്ടത്.
സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാ ര്‍ ചെലവുചുരുക്കുമെന്നും മന്ത്രിമാരുടെ ഔദ്യോഗികവസതികള്‍ മോടിപിടിപ്പിക്കുന്നതിന് പണം ചെലവാക്കരുതെന്നും മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയടക്കം ഈ നിര്‍ദേശം ലംഘിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവുമധികം തുക ചെലവഴിച്ചത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് മോടിപിടിപ്പിക്കാനാണ്- 6.09 ലക്ഷം രൂപ. സിവില്‍, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്ക് മാത്രമായി 2.55 ലക്ഷം  ക്ലിഫ്ഹൗസില്‍ ചെലവഴിച്ചു. ഇതിനു പുറമേ കര്‍ട്ടന്‍ വര്‍ക്കുകള്‍, ഫര്‍ണിച്ചര്‍ എന്നിവയ്ക്കും മറ്റു സാധനസാമഗ്രികള്‍ വാങ്ങുന്നതിനുമായി 3.54 ലക്ഷം രൂപയും ചെലവഴിച്ചു. കെ ബാലന്റെ ഔദ്യോഗിക വസതിയായ പമ്പാ ബംഗ്ലാവില്‍ കര്‍ട്ടന്‍ വര്‍ക്കുകള്‍, ഫര്‍ണിച്ചര്‍ എന്നിവയ്ക്കായി ചെലവിട്ടത് 2.25 ലക്ഷം രൂപയാണ്. ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കായി കൂടുതല്‍ ചെലവിട്ടത് പൊതുമരാമത്ത് മന്ത്രിയുടെ വസതിയായ നെസ്റ്റ് ബംഗ്ലാവിലാണ്- 92.500 രൂപ.
നിയമസഭയില്‍ വി പി സജീന്ദ്രന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ മോടിപിടിപ്പിക്കലില്‍ മുന്നില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ്. റവന്യൂ മന്ത്രിയുടെ ഔദ്യോഗിക വസതിയായ ലിന്റ് ഹേഴ്സ്റ്റ് ബംഗ്ലാവ് മോടിപിടിപ്പിക്കാന്‍ പൊതുഭരണവകുപ്പ് ചെലവഴിച്ചത് 4,09,441 രൂപയാണ്. മൂന്നാംസ്ഥാനത്ത് വ്യവസായമന്ത്രി ഇപി ജയരാജന്റെ ഔദ്യോഗിക വസതിയായ സാനഡുവാണ്. 3,63,437 രൂപയാണ് സാനഡുവിന് വേണ്ടി ചെലവഴിച്ചത്. ജലസേചന മന്ത്രി മാത്യു ടി തോമസും സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമനും ഒഴികെയുള്ളവര്‍ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിന് തുക ചെലവഴിച്ചിട്ടുണ്ട്. ഔദ്യോഗിക വസതികള്‍ മോടിപിടിപ്പിക്കാന്‍ ഒരുലക്ഷത്തിനുമേല്‍ ചെലവഴിച്ച മറ്റു മന്ത്രിമാരുടെ വിവരം ചുവടെ. ജെ മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്) ഉഷസ് ബംഗ്ലാവ് (3.55 ലക്ഷം), കടന്നപ്പള്ളി രാമചന്ദ്രന്‍ (തുറമുഖം, മ്യൂസിയം) റോസ്ഹൗസ് (2.66 ലക്ഷം), കെ കെ ശൈലജ (ആരോഗ്യം) നിള ബംഗ്ലാവ് (1.99 ലക്ഷം), ടി പി രാമകൃഷ്ണ ന്‍ (തൊഴില്‍, എക്‌സൈസ്) എസ്സെന്‍ഡീസ് ബംഗ്ലാവ് (1.04 ലക്ഷം), കെ ടി ജലീല്‍ (തദ്ദേശ സ്വയംഭരണം)ഗംഗ ബംഗ്ലാവ് (1.40 ലക്ഷം), ഡോ. തോമസ് ഐസക് (ധനകാര്യം) മന്‍മോഹന്‍ ബംഗ്ലാവ് (1.19 ലക്ഷം).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക