|    Nov 17 Sat, 2018 9:14 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഔദ്യോഗിക രേഖ കൈമാറി; നീരവ് മോദിയെ കൈമാറാന്‍ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു

Published : 5th August 2018 | Posted By: kasim kzm

ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പു കേസില്‍ പിടികിട്ടാപ്പുള്ളിയായ വജ്രവ്യാപാരി നീരവ് മോദിയെ കൈമാറണമെന്ന് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച രേഖകള്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ബ്രിട്ടിഷ് സെന്‍ട്രല്‍ അതോറിറ്റിക്ക് (യുകെസിഎ) കൈമാറി. ബ്രിട്ടനിലെ കുറ്റവാളികളെ കൈമാറുന്ന നിയമത്തില്‍ രണ്ടാം വിഭാഗത്തിലെ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം.
ലഭ്യമായ വിവരമനുസരിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ മോദി ലണ്ടനിലെത്തിയത് ഈ വര്‍ഷം ആദ്യമാണ്. ആ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി ഫെബ്രുവരി 19ന് ബ്രിട്ടനെ ഇന്ത്യ ഔപചാരികമായി അറിയിച്ചിരുന്നു. എന്നാല്‍, നേരത്തെത്തന്നെ മോദി രാജ്യത്തെത്തിയെന്നും അയാള്‍ പുറത്തുകടന്നതായി രേഖയില്ലെന്നുമാണ് ബ്രിട്ടിഷ് ആഭ്യന്തരകാര്യ ഓഫിസ് ഇന്ത്യയെ അറിയിച്ചത്.
ഫെബ്രുവരിയില്‍ ഇന്ത്യന്‍ അധികൃതര്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനു ശേഷം മോദി ചുരുങ്ങിയത് നാലു തവണ ബ്രിട്ടനിലും പുറത്തും യാത്ര ചെയ്തതായി പിന്നീട് വ്യക്തമായി. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. ലണ്ടനില്‍ മോദി താമസിച്ചത് നഗരഹൃദയത്തിലുള്ള തന്റെ ആഭരണശാലയുടെ മുകളിലായിരുന്നു. ഈ ആഭരണശാല പിന്നീട് അടച്ചുപൂട്ടി. മോദി അവസാനമായി ബ്രിട്ടനില്‍ നിന്നു പറന്നത് മാര്‍ച്ച് ഒടുവില്‍ പാരിസിലേക്കായിരുന്നു.
നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 14,000 കോടി രൂപ വായ്പയെടുത്ത് വിദേശത്തേക്ക് കടന്നുവെന്നാണ് കേസ്. ചോക്‌സി കാരിബീയന്‍ ദ്വീപായ ആന്റിഗ്വയിലെ പൗരത്വമെടുത്തതായി വ്യക്തമായിട്ടുണ്ട്. എന്നാല്‍, മോദി ഇപ്പോള്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ല. മോദിക്കെതിരേ ഇന്റര്‍പോള്‍ രണ്ടു തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അയാളെ പിടികൂടാന്‍ സഹായം തേടി നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ കത്തയച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss