|    May 30 Tue, 2017 2:34 am
FLASH NEWS

ഔദ്യോഗിക പക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തി വിമതവിഭാഗം

Published : 20th August 2016 | Posted By: SMR

കാസര്‍കോട്: സിപിഎമ്മിലെ വിഭാഗീയതകൊണ്ട് ശ്രദ്ധേയമായ ബേഡകം ഏരിയ കമ്മിറ്റിയില്‍പ്പെട്ട കുറ്റിക്കോലില്‍ ഔദ്യോഗികപക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തി കുറ്റിക്കോല്‍ ബ്രാഞ്ച് കമ്മിറ്റി പതാക ഉയര്‍ത്തിയത് വിവാദമായി. കുറ്റിക്കോല്‍ ഏരിയയില്‍ 107 സിപിഎം വിമത അംഗങ്ങള്‍ സിപിഐയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് പുതിയ വിവാദം. ഇന്നലെ രാവിലെ നടന്ന പി കൃഷ്ണപിള്ള ദിനാചരണത്തിലാണു സംഭവം. കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗണിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്താറുള്ളത്. ലോക്കല്‍ കമ്മിറ്റി പരിധിയില്‍ വരുന്ന എല്ലാ ബ്രാഞ്ച് കമ്മിറ്റികളിലും പതാക ഉയര്‍ത്തിയശേഷം പ്രകടനമായി കുറ്റിക്കോല്‍ ടൗണിലെത്തിയപ്പോഴാണ് നേരത്തേ തയ്യാറാക്കിയ കൊടിമരത്തില്‍ പതാക ഉയര്‍ത്തിയതായി കണ്ടത്. കുറ്റിക്കോ ല്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നലെ അതിരാവിലെയാണ് ബ്രാഞ്ചിലെ മുതിര്‍ന്ന പ്രവര്‍ത്തകനായ ടി പൊക്കന്‍ പതാക ഉയര്‍ത്തിയത്. കുറ്റിക്കോലിലെ ഔദ്യോഗികനേതൃത്വത്തോട് എതിര്‍പ്പു പ്രകടിപ്പിക്കുന്നവരും എന്നാല്‍ സിപിഐയില്‍ ചേരാത്തവരുമായ വിമതവിഭാഗമാണ് പതാക ഉയര്‍ത്തിയതിനു പിന്നി ല്‍. സാധാരണ മുന്നൂറോളം പ്രവര്‍ത്തകര്‍ കൃഷ്ണപിള്ള ദിനത്തില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ നൂറില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് എത്തിച്ചേര്‍ന്നത്.
ബേഡകത്തെ സിപിഎം വിഭാഗീയതയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന ബ്രാഞ്ച് കമ്മിറ്റിയാണ് കുറ്റിക്കോല്‍ ടൗണ്‍ കമ്മിറ്റി. സിപിെഎയിലേക്കു പോയ പി ഗോപാലന്‍ മാസ്റ്റര്‍ക്കെതിരേയുള്ള പാര്‍ട്ടിയുടെ അന്വേഷണ റിപോര്‍ട്ട് മരവിപ്പിക്കണമെന്ന നിലപാടെടുത്ത കമ്മിറ്റിയാണ് ഇത്. ഇല്ലെങ്കില്‍ തങ്ങള്‍ സ്വന്തം നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുമെന്ന നിലപാടും കമ്മിറ്റിയെടുത്തിരുന്നു.
ഏരിയാ സെക്രട്ടറി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുമ്പോ ള്‍ ബ്രാഞ്ച് കമ്മിറ്റിക്കും സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയുമെന്നും അതിനാലാണ് പ്രകടനം വേണ്ടെന്നുവച്ച് കൃഷ്ണപിള്ള ദിനത്തില്‍ പതാക ഉയര്‍ത്തിയതെന്നും ബ്രാഞ്ച് സെക്രട്ടറി ബി അമ്പു പറഞ്ഞു. പാര്‍ട്ടിക്കെതിരേ ഒന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പിന്നീട് ഓഫിസിനു മുന്നില്‍ പുതിയ കൊടിമരംസ്ഥാപിച്ച് പതാക ഉയര്‍ത്തുകയും കൃഷ്ണപിള്ള ദിനാചരണം നടത്തുകയുമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day