|    Nov 24 Fri, 2017 6:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഔദ്യോഗിക ജീവിതത്തെക്കുറിച്ച് പുസ്തകരചന പാടില്ലെന്ന് മന്ത്രി

Published : 6th August 2017 | Posted By: fsq

 

അടൂര്‍: പോലിസ് ഉദ്യോഗസ്ഥര്‍ സര്‍വീസിലിരിക്കുമ്പോഴും  വിരമിച്ച ശേഷവും ഔദ്യാഗിക ജീവിതത്തിലെ രഹസ്യങ്ങളെക്കുറിച്ച് പുസ്തകരചന നടത്താന്‍ പാടില്ലെന്ന് മന്ത്രി ജി സുധാകരന്‍. പോലിസ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരും  ഭരണഘടനയ്ക്ക് കീഴിലുള്ളവരാണ്. അതിനെ മാനിക്കണം. വിരമിച്ചശേഷം പുസ്തകം എഴുതണം എന്നുള്ളവര്‍ പെന്‍ഷന്‍ വേണ്ട എന്ന് വയ്ക്കണം. നാലു  വര്‍ഷത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയായ താനും കാബിനറ്റ് രഹസ്യങ്ങള്‍ പുസ്തകമാക്കിയാല്‍ സ്ഥിതി എന്താവും എന്നും ജി സുധാകരന്‍ ചോദിച്ചു. യുപി ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലിം വിഭാഗത്തെ സായുധ പോലിസിലേക്ക് പരിഗണിക്കാത്തപ്പോള്‍ ഏറ്റവും കൂടുതല്‍ മുസ്്‌ലിം സേനാംഗങ്ങള്‍ ഉള്ളത് കേരള പോലിസിലാണ്. സിദ്ധാന്തങ്ങളുണ്ടാക്കിയ ശേഷം അതിനനുസരിച്ച് ജീവിക്കണമെന്ന് ശഠിക്കുന്ന പ്രാകൃത ബുദ്ധിശൂന്യത ഒഴിവാക്കണം. ഡിജിപി ആയിരുന്ന കാലത്ത് ടി പി സെന്‍കുമാര്‍ തനിക്കെതിരേ കള്ളക്കേസെടുക്കാന്‍ കീഴുദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയെന്ന് ജി സുധാകരന്‍ വെളിപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വി എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ ഒളിഞ്ഞ് നോക്കിയെന്നായിരുന്നു തനിക്കെതിരായ ആരോപണം. എഫ്‌ഐആര്‍ എഴുതാന്‍ വിസമ്മതിച്ച പോലിസ് ഇന്‍സ്‌പെക്ടറുടെ തൊപ്പി തെറിപ്പിക്കുമെന്ന് ടി പി സെന്‍കുമാര്‍ ഭീഷണിപ്പെടുത്തിയെന്നും സുധാകരന്‍ പറഞ്ഞു.  സുപ്രിംകോടതിയെ സമീപിച്ച് സര്‍ക്കാരിനെ നാണം കെടുത്താന്‍ ശ്രമിച്ചത് ആരുടെയോ തണലിലാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഭിന്നതയുണ്ടാക്കാനാണ് സെന്‍കുമാര്‍ ശ്രമിച്ചത്.  ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാന്യനായ ഉദ്യോഗസ്ഥനാണെന്നും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് അസൂയ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ സത്യം പറഞ്ഞാല്‍ നാട് രക്ഷപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക