|    Aug 16 Wed, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഔഡി കപ്പ് : മൂന്നടിച്ച് ലിവര്‍പൂള്‍ ഫൈനലില്‍

Published : 3rd August 2017 | Posted By: fsq

 

ലണ്ടന്‍: ഔഡി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആവേശ സെമി ഫൈനലില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ നാണം കെടുത്തി ലിവര്‍പൂള്‍ ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ പോരാളികള്‍ വിജയം പിടിച്ചെടുത്തത്. തോമസ് മുളളറും ഫ്രാങ്ക് റിബറിയും റോഡ്രിഗസും ലെവന്‍ഡോസ്‌കിയും അണിനിരന്നിട്ടും ബയേണ്‍ മ്യൂണിക്കിന് ഒരു ഗോള്‍ പോലും മടക്കാനായില്ല. ആധികാരിക ജയമാണ് ലിവര്‍പൂള്‍ നേടിയെടുത്തത്. എതിരാളികള്‍ക്ക് ഒരവസരം പോലും നല്‍കാതെയാണ് ജര്‍ഗന്‍ ക്ലോപ് പരിശീലകനായുള്ള ലിവര്‍പൂളിന്റെ ജയം. ബയേണിന്റെ 4-2-3-1 ശൈലിയെ അതേ ശൈലിയില്‍ തന്നെ ഇറങ്ങി ലിവര്‍പൂള്‍ തളക്കുകയായിരുന്നു. കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ കരുത്തറിയിച്ചു. സാദിയോ മേയ്‌ന്റെ കരുത്തുറ്റ ഷോട്ട് ലിവര്‍പൂള്‍ ഗോളി സെന്‍ ഉള്‍റിച്ചിനെ മറികടന്ന് വലതുളയ്ക്കുകയായിരുന്നു. ഫെര്‍മിനോയുടെ അസിസ്റ്റിലായിരുന്നു മേയ്‌ന്റെ ഗോള്‍ നേട്ടം. തുടക്കത്തിലേ തന്നെ ലീഡ് നേടിയതോടെ ആത്മവിശ്വാസത്തോടെ മുന്നേറിയ ലിവര്‍പൂളിന് വേണ്ടി മുഹമ്മദ് സാലഹ് ലീഡുയര്‍ത്തി. ആല്‍ബര്‍ട്ടോ മൊറീനയുടെ മുന്നേറ്റത്തെ സാലഹ് വലയിലെത്തിക്കുകയായിരുന്നു.  34ാം മിനിറ്റിലായിരുന്നു സാലഹിന്റെ ഗോള്‍ നേട്ടം. ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ എതിരുപറയാനില്ലാത്ത രണ്ട് ഗോളിന്റെ മുന്‍തൂക്കം ലിവര്‍പൂളിനൊപ്പം നിന്നു.രണ്ടാം പകുതിയില്‍ ഒമ്പത് സബ്സ്റ്റിട്യൂറ്റിനെയാണ് ക്ലോപ് പരീക്ഷിച്ചത്. ലിവര്‍പൂളിന്റെ ആക്രമണ ശൈലിയെ പിടിച്ചുകെട്ടാന്‍ ബയേണ്‍ താരങ്ങള്‍ നന്നായി വിയര്‍പ്പൊഴുക്കിയെങ്കിലും തോല്‍വിയെ തടുത്ത് നിര്‍ത്താനായില്ല. മല്‍സരത്തില്‍ കൂടുതല്‍ സമയം പന്ത് കൈയടക്കിവച്ചത് ബയേണായിരുന്നു. 59 ശതമാനം സമയത്തും പന്ത് ബയേണ്‍ താരങ്ങളുടെ കാലിനൊപ്പമായിരുന്നെങ്കിലും ലഭിച്ച സമയത്തെ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ലിവര്‍പൂള്‍ ഗോള്‍ പോസ്റ്റിലേക്ക് 11 തവണയാണ് ബയേണ്‍ താരങ്ങള്‍ പന്തെത്തിച്ചത്. എന്നാല്‍ ഒരു തവണ മാത്രമാണ് ലിവര്‍പൂള്‍ പ്രതിരോധത്തെ ഭേദിച്ച് ഗോള്‍ പോസ്റ്റിലേക്ക് ഷോട്ട് തൊടുക്കാനായത്. എന്നാല്‍ ഒമ്പത് തവണ മാത്രം ബയേണ്‍ പോസ്റ്റിനടുത്തേക്ക് പന്തെത്തിച്ച ലിവര്‍പൂള്‍ താരങ്ങള്‍ അഞ്ച് തവണ ഗോളിനായി ഷോട്ട് തൊടുത്തപ്പോള്‍ അതില്‍ മൂന്നെണ്ണം ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ ആര്‍ട്യൂറോ വിദാലിനെയും ഗ്രൗണ്ടിലിറക്കി ഗോള്‍ മടക്കാന്‍ ബയേണ്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഡാനിയല്‍ സ്റ്ററിഡ്ജ് ലിവര്‍പൂളിന്റെ ലീഡ് ഉയര്‍ത്തി. 83ാം മിനിറ്റില്‍ ബെഞ്ചമിന്‍ വുഡ്ബണോടൊത്തുള്ള സ്റ്ററിഡ്ജിന്റെ ശ്രമം ലക്ഷ്യം കാണുകയായിരുന്നു. ഫൈനലില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡാണ് ലിവര്‍പൂളിന്റെ എതിരാളി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക