|    Jun 29 Thu, 2017 4:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഓഹരി വിപണിയില്‍ ആദ്യം ഇടിവ്; പിന്നീട് നില മെച്ചപ്പെടുത്തി

Published : 10th November 2016 | Posted By: SMR

മുംബൈ: യുഎസ് തിരഞ്ഞെടുപ്പിലെ ഡോണള്‍ഡ് ട്രംപിന്റെ അട്ടിമറി വിജയം ആഗോള വിപണികളോടൊപ്പം രാജ്യത്തെ ഓഹരി സൂചികകളേയും സാരമായി ബാധിച്ചു. തുടക്കത്തില്‍ 1600ഓളം പോയിന്റുകള്‍ തകര്‍ന്നടിഞ്ഞ സെന്‍സെക്‌സ് ഉച്ചയ്ക്കുശേഷം നഷ്ടംകുറച്ചു.
338.61 പോയിന്റ് താഴ്ന്ന് സെന്‍സെക്‌സ് 27252.53ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 111.55 പോയന്റ് ഇടിഞ്ഞ് 8432ലുമെത്തി. ട്രംപിന്റെ അപ്രതീക്ഷിത വിജയത്തോടൊപ്പം 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും ഓഹരി വിപണി തകര്‍ന്നടിയാന്‍ ഇടയാക്കി.
അതേസമയം, തകര്‍ന്നടിഞ്ഞ സെന്‍സെക്‌സ് അല്‍പം കരകയറി 339ലാണ് ക്ലോസ് ചെയ്തത്. കനത്ത വില്‍പന സമ്മര്‍ദത്തില്‍ ബിഎസ്ഇ മിഡ് ക്യാപ് സ്‌മോള്‍ ക്യാപ് സൂചികകള്‍ മൂന്ന് മുതല്‍ നാല് ശതമാനംവരെ നഷ്ടമുണ്ടാക്കി. ബിഎസ്ഇയിലെ 635 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2131 ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ്‌ചെയ്തത്.
ഡോ. റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, എസ്ബിഐ, ഗെയില്‍, ലുപിന്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടിസിഎസ്, മാരുതി, ഹീറോ മോട്ടോര്‍ കോര്‍പ്, ഭേല്‍, അദാനി പോര്‍ട്‌സ് തുടങ്ങിയവ നഷ്ടത്തിലായിരുന്നു.
ട്രംപ് മുന്നേറുന്നുവെന്ന സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ ആഗോള ഓഹരി വിപണികള്‍ നിലംപൊത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ ഡോളര്‍ മൂല്യം ഇടിഞ്ഞു. ബ്രീട്ടീഷ് പൗണ്ടും യൂറോയും ജപ്പാന്‍ യെന്നും ഡോളറുമായുള്ള വിനിമയ മൂല്യം മെച്ചപ്പെടുത്തി.
ഡോളര്‍ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയും നില മെച്ചപ്പെടുത്തി. ഓഹരി വിപണികളിലും ഈ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. വാള്‍സ്ട്രീറ്റ് വിപണി അഞ്ച് ശതമാനവും ഏഷ്യന്‍ വിപണികള്‍ അതിലേറെയുമാണ് തുടക്കത്തില്‍തന്നെ തകര്‍ന്നത്. ഷാങ് ഹായ്, ഹോങ്കോങ്, ജപ്പാന്‍ വിപണികളും തിരിച്ചടിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക