|    Apr 24 Mon, 2017 11:02 am

ഓവുചാല്‍ നിറഞ്ഞുകവിഞ്ഞു; മലിനജലം റോഡിലേക്കൊഴുകി

Published : 23rd November 2016 | Posted By: SMR

പയ്യന്നൂര്‍: ഓവുചാല്‍ നിറഞ്ഞ് കവിഞ്ഞു മലിനജലം റോഡിലേക്ക് പരന്നൊഴുകിയത് ടൗണിലെത്തുന്നവര്‍ക്ക് ദുരിതമായി. സഹകരണ സ്റ്റോറിന് മുന്‍വശത്തെ പ്രധാന റോഡിലാണ് മലിനജലം കെട്ടിനില്‍ക്കുന്നത്. കറുത്ത കുഴമ്പുരൂപത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന മലിനജലം റോഡില്‍ കെട്ടിക്കിടന്നതോടെ വ്യാപാരികളും കാല്‍നടയാത്രികരും ദുരിതത്തിലായി. ദുര്‍ഗന്ധം അകറ്റാന്‍ വ്യാപാരികളില്‍ ചിലര്‍ ചന്ദനത്തിരികള്‍ കൂട്ടത്തോടെ കത്തിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ മലിനജലം കാല്‍നടയാത്രികരുടെ ദേഹത്തേക്കു തെറിക്കുകയാണ്. മിക്ക ദിവസങ്ങളിലും റോഡിലേക്ക് മലിനജലം ഒഴുകാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഒഴുക്ക് കൂടുകയും ജലം റോഡ് മുഴുവനായി കെട്ടിക്കിടക്കുകയുമായിരുന്നു.    മഴവെള്ളം ഒഴുകിപ്പോവാനായി പൊതുമരാമത്ത് വകുപ്പാണ് ടൗണിലെ പ്രധാന റോഡിന്റെ ഇരുവശത്തുമായി ഓവുചാല്‍ പണിതത്. 30 വര്‍ഷം മുമ്പ് പണിത ഓവുചാലിന്റെ സ്ലാബുകള്‍ തകര്‍ന്നു ശോച്യാവസ്ഥയിലാണ്. ആഴം കുറവായ ഓവുചാല്‍ യഥാസമയം വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് മണ്ണ് നിറഞ്ഞ് മിക്ക സ്ഥലത്തും ഒഴുക്കും നിലച്ചിരിക്കുകയാണ്. ഇതാണ് ഓവുചാല്‍ നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകാന്‍ ഇടയാക്കുന്നത്. ടൗണിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലെയും മലിനജലവും ഓവുചാലിലേക്കാണ് ഒഴുക്കിവിടുന്നത്. മാത്രമല്ല ചില സ്ഥാപനങ്ങളില്‍ നിന്നും കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നതായും ആരോപണമുണ്ട്.റോഡിന്റെ തെക്കുവശത്തുള്ള ഓവുചാല്‍ ആഴംകൂട്ടുന്ന നവീകരണ പ്രവര്‍ത്തികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നാരങ്ങാത്തോട് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെയുള്ള നവീകരണ പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. 500 മീറ്ററോളം നീളത്തിലുള്ള നിര്‍മാണ പ്രവര്‍ത്തി കഴിഞ്ഞ മാസം രണ്ടിന് ആരംഭിച്ചെങ്കിലും ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഈ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം വടക്കുഭാഗത്തെ ഓവുചാല്‍ നവീകരണവും റോഡ് മെക്കാഡം ടാറിംഗും നടത്തുന്നതിന് രണ്ടരക്കോടി രൂപയുടെ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഒച്ചിഴയുന്നതുപോലെ പ്രവൃത്തി തുടരുകയാണെങ്കില്‍ അടുത്ത കാലവര്‍ഷം കഴിഞ്ഞാലും നിര്‍മാണം പൂര്‍ത്തിയാകില്ലെന്നാണ് ജനം പറയുന്നത്. മലിനജലം മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളി യൂനിയന്‍(ഐഎന്‍ടിയുസി) പ്രവര്‍ത്തകര്‍ മലിനജലത്തില്‍ ചൂണ്ടയിട്ട് പ്രതിഷേധിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day