|    Oct 18 Thu, 2018 8:12 am
FLASH NEWS

ഓവുചാലുകളില്‍ കക്കൂസ് മാലിന്യം; പരിശോധന പ്രഹസനം

Published : 8th September 2017 | Posted By: fsq

 

കണ്ണൂര്‍: നഗരത്തിലെ ഹോട്ടലുകളിലെയും മറ്റും കക്കൂസ് മാലിന്യം ഓവുചാലുകളില്‍ ഒഴുക്കിവിടുന്നുവെന്ന പരാതി നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും പരിശോധന പ്രഹസനമാവുന്നു. കഴിഞ്ഞ ദിവസം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടലിലെ കക്കൂസ് മാലിന്യം റോഡില്‍ പരന്നൊഴുകിയത് കാല്‍നടയാത്ര പോലും ദുസ്സഹമാക്കിയിരുന്നു. രാത്രി എട്ടോടെയാണ് റോഡിലേക്ക് മാലിന്യം ഒഴുകാന്‍ തുടങ്ങിയത്. അരമണിക്കൂറിനകം ഇത് റോഡിലാകെ പരന്നതോടെ ദുര്‍ഗന്ധം വ്യാപിച്ചു. പരിസരവാസികള്‍ പ്രതിഷേധവുമായെത്തുകയും ചിലര്‍ ഹോട്ടല്‍ ആക്രമിക്കാന്‍ വരെ ശ്രമിക്കുകയും ചെയ്തതോടെ അധികൃതരെത്തി ശാന്തരാക്കുകയായിരുന്നു. പരിസരത്തൊന്നും നില്‍ക്കാന്‍ കഴിയാത്ത വിധം ദുര്‍ഗന്ധം വമിച്ചിരുന്നു. നഗരത്തിലെ മിക്ക ഹോട്ടലുകളിലെയും കക്കൂസ് മാലിന്യം എവിടേക്കാണ് ഒഴുക്കുന്നതെന്ന് അന്വേഷിക്കാന്‍ അധികൃതര്‍ മെനക്കെടുന്നില്ല. ഹോട്ടലിലെ മലിനജലത്തോടൊപ്പം തന്നെ ഓവുചാലിലേക്കാണ് ഇവ ഒഴുക്കുന്നതെന്നാണു സൂചന. ആരോഗ്യവകുപ്പ് ഇടയ്ക്കിടെ പരിശോധന നടത്താറുണ്ടെങ്കിലും പഴകിയ ഭക്ഷണം പിടികൂടുന്ന സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കി പിന്നീട് പ്രവര്‍ത്തനാനുമതി നല്‍കുകയാണു ചെയ്യുന്നത്. മലിനജലവും കക്കൂസ് മാലിന്യവും എവിടേക്കാണ് ഒഴുക്കിവിടുന്നതെന്ന കാര്യം പോലും അന്വേഷിക്കാറില്ല. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഹോട്ടലില്‍ ഓണത്തിനു തലേന്ന് കോര്‍പറേഷന്റെ ആരോഗ്യ സ്ഥിരംസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തിയിരുന്നു. മിക്ക ഹോട്ടലുകളിലും മാലിന്യസംസ്‌കരണത്തിനു മാര്‍ഗമില്ലെന്നും മാലിന്യം ഓവുചാലിലേക്കാണ് ഒഴുക്കിവിടുന്നതെന്നും ബോധ്യപ്പെട്ടിരുന്നു. എന്നിട്ടും കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ല. മേയര്‍ ഇ പി ലത ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്. ഓവുചാലുകള്‍ക്കു മുകളിലും സമീപത്തുമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകളും നഗരത്തില്‍ സ്ഥിരം കാഴ്ചയാണ്. എപ്പോഴെങ്കിലും ചില നടപടികളെടുത്ത് പിഴയീടാക്കുകയോ മറ്റോ ചെയ്താല്‍ അതിനു തുടര്‍ നടപടികളില്ലാത്തതാണ് ഇത്തരക്കാര്‍ക്ക് സഹായകമാവുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss