|    Oct 15 Mon, 2018 8:28 pm
FLASH NEWS

ഓവര്‍സിയറുടെ സങ്കടം രാജിക്കത്തായി; ഒപ്പം വിവാദവും

Published : 12th September 2017 | Posted By: fsq

 

എരുമേലി: ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്താന്‍ കഴിഞ്ഞില്ലെന്ന പരാതിയില്‍ ഓവര്‍സിയറെ വിളിച്ച് ഭരണസമിതി വിവരങ്ങള്‍ തിരക്കിയത് വിവാദമായി മാറി. എരുമേലി ഗ്രാമപ്പഞ്ചായത്തിലാണ് സംഭവം. ജോലിയിലെ പ്രയാസങ്ങള്‍ വിവരിച്ച് ഓവര്‍സിയര്‍ നല്‍കിയ കത്ത് രാജികത്തായി സെക്രട്ടറിയും പ്രസിഡന്റും പരിഗണിച്ചതാണ് വിവാദമായത്. അതേസമയം രാജി നല്‍കിയിട്ടില്ലെന്നും ജോലിയിലെ പ്രയാസങ്ങള്‍ വിവരിക്കുക മാത്രമാണ് ചെയ്തതെന്നും ഓവര്‍സിയര്‍ ജയപ്രകാശ് പറയുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ കംപ്യൂട്ടര്‍വല്‍കരണം പൂര്‍ത്തിയായതോടെ നിലവിലുള്ള ഓവര്‍സിയര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം കുറവായതുമൂലം പ്രവര്‍ത്തനങ്ങള്‍ വൈകുകയാണെന്നാണ് പരാതി. ഇക്കാര്യം തിരക്കിയപ്പോഴാണ് ഓവര്‍സിയര്‍ ജോലിയിലെ പ്രയാസം കത്തെഴുതി ഫ്രണ്ട് ഓഫിസിലൂടെ നല്‍കിയത്. ഈ കത്തില്‍ ജോലി രാജിവച്ചൊഴിയുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ രാജികത്തായി പരിഗണിക്കുകയായിരുന്നുവെന്ന് സെക്രട്ടറി പി എ നൗഷാദ് പറഞ്ഞു. ഓവര്‍സിയര്‍ക്ക് വേണ്ടത്ര പരിശീലനമില്ലാത്തത് മൂലം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരുന്നുവെന്ന് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ പറയുന്നു. ഓവര്‍സിയര്‍ നല്‍കിയ കത്ത് പഞ്ചായത്ത് കമ്മിറ്റി രാജി കത്തായി സ്വീകരിച്ചതോടെ ഓവര്‍സിയറെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. നിലവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയപ്രകാശ് മാത്രമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറായി ഉള്ളത്. 23 വാര്‍ഡുകളുള്ള ഗ്രാമപ്പഞ്ചായത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്താന്‍ കഴിയാതെ വന്നത് ഒരാള്‍ മാത്രം ഓവര്‍സിയറായി ജോലിയിലുള്ളതിനാലാണെന്ന് പറയുന്നു. കഴിഞ്ഞയിടെയാണ് താലൂക്ക് ലീഗല്‍ സര്‍വീസ് കോടതി ഇടപെട്ട് ഒരു അസി. എന്‍ജിനീയറെയും ഒരു ഓവര്‍സിയറേയും നിയമിച്ചത്. ഇതോടെ നിലവിലുള്ള ഓവര്‍സിയറുടെ ജോലി തെറിക്കുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ വഴിയാക്കിയിരിക്കുകയാണ്. എസ്റ്റിമേറ്റ് എടുക്കലും മൂല്യനിര്‍ണയവുമെല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് നിര്‍വഹിക്കേണ്ടത്. പട്ടികജാതിക്കാരനായ തന്നെ ജോലിയില്‍ നിന്ന് അന്യായമായി നീക്കം ചെയ്തതിനെതിരേ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ഓവര്‍സിയര്‍ പറയുമ്പോള്‍ ജോലിയിലെ പരിചയക്കുറവ് മൂലമുണ്ടായ നഷ്ടങ്ങള്‍ക്കും വീഴ്ചകള്‍ക്കും ആര് ഉത്തരവാദിത്വം വഹിക്കുമെന്ന് ഭരണസമിതി ചോദിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss