|    Jun 25 Mon, 2018 6:02 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഓളപ്പരപ്പില്‍ ആവേശത്തിരയിളക്കാന്‍ കുഞ്ഞു ക്യാപ്റ്റന്‍മാര്‍

Published : 4th August 2017 | Posted By: fsq

 

എം എം  സലാം

ആലപ്പുഴ: പുന്നമട കായലിലെ ഓളപ്പരപ്പില്‍ വഞ്ചിപ്പാട്ടിന്റെ ലയമാധുര്യമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കായലിനെ പുളകമണിയിച്ച് 65ാമത് നെഹ്‌റുട്രോഫിക്കു കേളികൊട്ടുയരുമ്പോള്‍ മല്‍സരം ഇക്കുറി വ്യത്യസ്തമാവുന്നത് രണ്ട് കുഞ്ഞു ക്യാപ്റ്റന്‍മാരിലൂടെയായിരിക്കും. വള്ളംകളിയെ ജീവശ്വാസമാക്കിയ കുട്ടനാട്ടുകാരായ മൂന്നു വയസ്സുകാരന്‍ എയ്ഡനും ആറു വയസ്സുകാരന്‍ ആദം പുളിക്കത്രയുമാണ് രണ്ട് വ്യത്യസ്ത വള്ളങ്ങളുടെ ക്യാപ്റ്റന്‍മാരായി ഇത്തവണ പോരടിക്കാനെത്തുന്നത്.ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിലെ മൂന്നുതൈക്കല്‍ എന്ന വള്ളത്തിന്റെ ക്യാപ്റ്റനാണ് എയ്ഡന്‍. ശ്രീകാന്ത് നേതൃത്വം കൊടുക്കുന്ന തൃശൂര്‍ ടീം വടക്കന്‍ ബ്രദേഴ്‌സിന്റെ താരങ്ങളാണ് ഈ വള്ളത്തിലെ തുഴച്ചിലുകാര്‍. നാലു വര്‍ഷം മുമ്പു നിര്‍മിച്ച ഈ വള്ളം എ ഗ്രേഡ് വിഭാഗത്തില്‍ കഴിഞ്ഞ നാലു വര്‍ഷവും ജേതാക്കളായിരുന്നു. വള്ളംകളിയില്‍ പെരുമയേറെയുള്ളവരാണ് എയ്ഡന്റെ കുടുംബമായ കുട്ടനാട്ടിലെ എടത്വയിലെ മൂന്നുതൈക്കല്‍ കുടുംബം. എയ്ഡന്റെ മുത്തച്ഛന്‍ അച്ചന്‍കുഞ്ഞ് മൂന്നു വള്ളങ്ങളുടെ ഉടമയാണ്. ചുണ്ടന്‍വള്ളങ്ങളുടെ വിഭാഗത്തില്‍ 17 തവണ ജേതാക്കളായിട്ടുള്ള ഗബ്രിയേല്‍ ചുണ്ടന്‍വള്ളവും മൂന്നുതൈക്കല്‍ കുടുംബത്തിന്റേതാണ്. യുബിസ് കൈനകരി ടീം തുഴഞ്ഞ് കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു ഗബ്രിയേല്‍ ഫിനിഷ് ചെയ്തത്. ഇത്തവണ അച്ചന്‍കുഞ്ഞ് തന്നെ അമരക്കാരനായി മല്‍സരിക്കാനെത്തുമ്പോള്‍ തിരുവനന്തപുരം ബോട്ട് ക്ലബ്ബാണ് ഗബ്രിയേലിലെ തുഴച്ചിലുകാര്‍.  മകന്റെ വള്ളംകളിയോടുള്ള ആവേശം കണ്ടാണ് ഇരുട്ടുകുത്തി വിഭാഗത്തിലെ ടീം ക്യാപ്റ്റനായി എയ്ഡനെ നിയമിക്കാന്‍ കുടുംബം തീരുമാനിച്ചതെന്നു പിതാവ് അലന്‍ പറയുന്നു. വെപ്പുവള്ളങ്ങളുടെ വിഭാഗത്തില്‍ ഷോട്ട് പുളിക്കത്രയെന്ന വള്ളത്തിന്റെ ക്യാപ്റ്റനായാണ് എടത്വയില്‍ നിന്നുതന്നെയുള്ള ആറു വയസ്സുകാരന്‍ ആദം പുളിക്കത്ര എത്തുന്നത്. ആദമിന്റെ കുടുംബവും വള്ളംകളിയില്‍ പേരു കേട്ടവരാണ്. പുളിക്കത്ര കുടുംബത്തില്‍ നിന്നു തുടര്‍ച്ചയായി നാലാം തലമുറക്കാരാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മല്‍സരിക്കാനെത്തുന്നത്. ഇംഗ്ലണ്ടില്‍ ബിസിനസുകാരനായ ജോര്‍ജ് ചുമ്മാര്‍ മാലിയില്‍- രഞ്ജന ജോര്‍ജ് ദമ്പതികളുടെ ഏകമകനായ ആദം ഇംഗ്ലണ്ടിലെ ലൈസെസ്റ്റര്‍ സെന്റ് പാട്രിക് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ജൂലൈ 27നാണ് പുതിയ വെപ്പുവള്ളമായ ഷോട്ട് പുളിക്കത്ര നീരണിഞ്ഞത്.അതേസമയം, ഇവരുടെ നേട്ടം ലോകറെക്കോഡിനു പരിഗണിക്കുന്നതിനായി ശുപാര്‍ശ ചെയ്തതായി ഗിന്നസ് ആന്റ് യൂനിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ജോണ്‍സണ്‍ വി ഇടിക്കുള അറിയിച്ചു. തുഴച്ചില്‍ക്കാരുടെ പ്രായം ചുരുങ്ങിയത് 18 വയസ്സാവണമെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍, ക്യാപ്റ്റന്‍മാരുടെ കാര്യത്തില്‍ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ആധികാരികത തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചുവരുകയാണെന്നും നെഹ്‌റു ട്രോഫി ജലമേളയില്‍ പ്രതിനിധികള്‍ പങ്കെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രഖ്യാപനം നടത്തുമെന്നും യുആര്‍എഫ് ഏഷ്യ ജൂറി ചെയര്‍മാന്‍ ഡോ. ഗിന്നസ് സുനില്‍ ജോസഫ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss