|    Dec 12 Wed, 2018 3:37 pm
FLASH NEWS

ഓര്‍മ പുതുക്കി പെരുമണ്‍; പതിവ് തെറ്റിക്കാതെ ശാന്തമ്മ

Published : 9th July 2018 | Posted By: kasim kzm

അഞ്ചാലുംമൂട്:എല്ലാവര്‍ഷവും ജൂലൈ എട്ടിന് പെരുമണ്‍ ദുരന്തത്തില്‍ മരണത്തിലേക്ക് നീന്തിപ്പോയവരുടെ ഓര്‍മകളുമായി പ്രിയപ്പെട്ടവരും രക്ഷപ്പെട്ടവരും പെരുമണിലെ സ്മൃതി കുടീരത്തില്‍ ഒത്തു ചേരാറുണ്ട്.
ആരും എത്തിയില്ലെങ്കിലും കൊല്ലം ഉളിയക്കോവിലെ ശാന്തമ്മ ഒരിക്കലും ആ യാത്ര മുടക്കാറില്ല. ഇന്നലെയും ശാന്തമ്മ എത്തി പതിവ് തെറ്റിക്കാതെ. ഐലന്‍ഡ് എക്‌സ്പ്രസില്‍ ചായക്കച്ചവടം നടത്തിയിരുന്ന മകന്‍ മുരളീധരനാണ് ശാന്തമ്മയുടെ വേദന. ചായ വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനം എന്നും ഉച്ചയ്ക്ക് കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന അമ്മയെ ഏല്‍പ്പിച്ചിട്ട് വീണ്ടും കച്ചവടത്തിനു പോകുന്നതാണ് മുരളീധരന്റെ ചിട്ട.
ആ വരുമാനം ഒന്നുകൊണ്ടുമാത്രമാണ് വീട്ടില്‍ തീ പുകഞ്ഞിരുന്നത്. ഭാര്യയും മകനും മകളും കൂടി ഉള്‍പ്പെടുന്നതായിരുന്നു കുടുംബം. മകന്‍ കൊണ്ടുവരുന്ന ചില്ലിക്കാശില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുന്ന ആ കുടുംബത്തിന്റെ എല്ലാ ആശ്രയവും തകര്‍ത്തെറിഞ്ഞാണ് ഐലന്‍ഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിലേക്ക് പതിച്ചത്.പെരുമണ്‍ ദുരന്തത്തിന് ഇന്നലെ 30 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് എങ്ങനെയെല്ലാമോ രക്ഷപ്പെട്ടവര്‍ക്ക് ഇപ്പോഴും മുറിവുണങ്ങാത്തൊരു മഹാദുഖത്തിന്റെ പേരാണ് പെരുമണ്‍.
ചാറ്റല്‍മഴയുള്ള ഉച്ചനേരത്ത് ബംഗലുരുവില്‍ നിന്നും കന്യാകുമാരിയിലേക്ക് പോയ ഐലന്‍ഡ് എക്‌സ്പ്രസ് പെരുമണ്‍ പാലത്തില്‍നിന്നും അഷ്ടമുടിക്കായലിലേക്ക് തകര്‍ന്നു വീഴുമ്പോള്‍ അതിലൊരു സ്ലീപ്പര്‍ ക്ലാസില്‍ മുന്‍ മന്ത്രി എംഎ ബേബിയുടെ ഭാര്യ ബെറ്റി ലൂയിസ് ബേബിയും നാലുവയസ്സായ മകന്‍ അപ്പുവുമുണ്ടായിരുന്നു. ഇപ്പോഴത്തെ ഫിഷറിസ് മന്ത്രി  ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തൃശൂരില്‍നിന്നും കൊല്ലത്തേക്കു തിരിച്ചതാണവര്‍. എം എ ബേബി തലേന്ന് യാത്രമാറ്റിവച്ചതിനാല്‍ വണ്ടിയിലുണ്ടായില്ല. ബെറ്റി മകനെ മടിയിലുറക്കി ഏതോ ഒരു ആഴ്ച്ചപ്പതിപ്പ് വായിച്ചിരിക്കെയാണ് അപകടമുണ്ടായത്. അഷ്ടമുടിയുടെ അടിത്തട്ടില്‍ നിന്നും അത്ഭുതകരമായാണ് ഇരുവരും രക്ഷപ്പെട്ടത്. ആ ഓര്‍മ്മകള്‍ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ബെറ്റിയുടെ തൊണ്ടയിടറും. കണ്ണുകള്‍ അഷ്ടമുടി പോലെ നിറഞ്ഞു കവിയും. വെള്ളത്തിലേക്ക് തൂങ്ങി നില്‍ക്കുന്ന ബോഗിയില്‍ മകനെയും പിടിച്ചിരിപ്പായിരുന്നു ബെറ്റി. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അപരിചിതനായ ഒരാളുടെ കൈയിലേക്കാണ് മകനെ ഇട്ടു കൊടുത്തത്. കെഎസ്എഫ്ഇയില്‍ ജീവനക്കാരനായിരുന്ന തോമസായിരുന്നു അത്.
പിന്നീടാണ് പരിചയപ്പെട്ടത്. രക്ഷപ്പെടുമെന്ന് ഒരിക്കലും ബെറ്റി കരുതിയില്ല. തോമസ് കൈയിലുള്ള ബാഗ് വലിച്ചെറിഞ്ഞ് മകനെ എടുത്തു. ബെറ്റി അപ്പോള്‍ വിളിച്ചു പറഞ്ഞു. എംഎ ബേബിയുടെ മകനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫിസില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്ന്.കായല്‍ നിലവിളികളെക്കൊണ്ട് നിറഞ്ഞു. മുങ്ങിയും പൊങ്ങിയും തീവണ്ടി ബോഗികള്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റം. എങ്ങനെയോ ബെറ്റിക്കും ജീവിതം തിരിച്ചുകിട്ടി. വെള്ളത്തില്‍ നിന്ന് ഒരിക്കലും താന്‍ രക്ഷപ്പെടുമെന്ന് കരുതിയില്ല. എങ്ങനെയോ രക്ഷപ്പെട്ടു.
പക്ഷേ എവിടെയും മകനെ കണ്ടില്ല. ചുറ്റിലും മരണത്തിന്റെ നിലവിളികള്‍ മാത്രം. തോമസ് മകനെ ഒരു സ്ത്രീയുടെ കൈയിലേല്‍പ്പിച്ചു എന്നു പറഞ്ഞു. എന്നാല്‍ എവിടെയും ആ സ്ത്രീയെ കണ്ടില്ല. മകനെയും കണ്ടില്ല. പിന്നീട് ഒരു തെങ്ങിന്‍ ചുവട്ടില്‍ കൂടിയിരിക്കുന്ന കുറേ തൊഴിലാളി സ്ത്രീകളാണ് പറഞ്ഞത്.
അവിടെയൊരു വീട്ടില്‍ അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞുണ്ടെന്ന്. നോക്കുമ്പോള്‍ അത് തന്റെ മകനായിരുന്നുവെന്ന് ബെറ്റി ഓര്‍മിക്കുന്നു.
ഇങ്ങനെ മകനേയും മകളേയും മറ്റു ബന്ധുക്കളേയും നഷ്ടപ്പെട്ടവരുടെ നിരവധി കഥകള്‍ വേറേയുണ്ട്. അവരില്‍ രക്ഷകനായി എത്തി മകന്റെ മൃതദേഹം കാണേണ്ടി വന്ന ഒരു പിതാവുമുണ്ട്. അഞ്ചാലുംമൂട് സ്വദേശി ചെല്ലപ്പന്‍. ആ കണ്ണീര്‍ക്കഥകള്‍ക്ക് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും പെരുമണിന്റെ കരയില്‍ ശമനമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss