|    Jan 18 Wed, 2017 3:41 pm
FLASH NEWS

ഓര്‍മയില്‍ ചില പെണ്‍ജീവിതങ്ങള്‍

Published : 17th October 2016 | Posted By: SMR

slug-vettum-thiruthumചില കത്തുകള്‍ നാം സൂക്ഷിച്ചുവയ്ക്കും. ഒക്ടോബര്‍ 15ന് ഞാനൊരു പഴയ കൂട്ടം കത്തുകള്‍ സൂക്ഷിച്ചതെവിടെയെന്ന് നിമിഷങ്ങളോളം ചിന്തിച്ചു. മറവി തെല്ലും ബാധിച്ചിട്ടില്ലെന്ന് അഭിമാനിക്കുമ്പോള്‍ പത്മ ടീച്ചറുടെ ഒരു കത്തെങ്കിലും കിട്ടിയാല്‍ എന്തെങ്കിലുമൊന്നു കുറിക്കണമെന്നു വിചാരിച്ചാണ് പരതിയത്. പക്ഷേ, തോറ്റുപോയി. ഇനിയുമതു കിട്ടിയിട്ടില്ല. ടീച്ചര്‍ ‘പോയ’ വിവരം ചങ്ങനാശ്ശേരിയില്‍ നിന്നു സുഹൃത്ത് വിളിച്ചറിയിച്ചിരുന്നു. തിരുവനന്തപുരത്ത് അവരെ സംസ്‌കരിച്ചു.
നിരവധി കത്തുകള്‍ നിധി പോലെ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. പത്മ ടീച്ചറുടെ കത്ത് തിരയുമ്പോള്‍ ഓമനച്ചേച്ചിയുടെ കത്ത് യാദൃച്ഛികമായി കൈയില്‍ കുരുങ്ങി:
”ഇത് ഓമനച്ചേച്ചി. ഇപ്പഴും മറന്നിട്ടില്ലല്ലോ. ഞാന്‍ മിക്കവാറും ഓര്‍ക്കാറുണ്ട്. അതിനൊരു കാരണമുണ്ട്. 77ല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ സ്വീകരണം തന്ന കൂട്ടത്തില്‍ ഒരു ഉപഹാരവും തന്നിരുന്നു. അത് വീടിന്റെ ഫ്രണ്ടിലത്തെ മുറിയില്‍ മെയിന്‍സ്വിച്ചിന്റെ ബോര്‍ഡില്‍ പിടിപ്പിച്ചുവെച്ചിട്ടുണ്ട്. ഇപ്പോഴത്തെ അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ ഇവിടെ പറഞ്ഞു: ‘ഇത് ഹനീഫ തന്നതാണ്.’ ഇതെഴുതുമ്പോഴും കാസര്‍കോട്ടെ ആ ഹോട്ടലും ഹനീഫയും എന്റെ കണ്‍മുമ്പിലുണ്ട്.”
പ്രശസ്ത നടി ഓമന. എന്‍ എന്‍ പിള്ളയുടെ സഹോദരി. അവരും മരിച്ചു. ഇന്നും ആ കുടുംബത്തിലൊരു വിശേഷമുണ്ടായാല്‍ കത്തോ ഫോണോ വരും. നാടകം ജീവിതമാക്കിയ ആസുരകാലത്ത് ഇവ്വിധം സഹോദരതുല്യ ബന്ധങ്ങള്‍ എത്രയോ…
പത്മ ടീച്ചറുടെ കാര്യം പറഞ്ഞാണ് തുടക്കം. ഒക്ടോബര്‍ 15നു ടീച്ചര്‍ മരിച്ചു. നിരവധി പെണ്‍മനസ്സുകള്‍ എന്റെ പഴയ അനാഥജീവിതവുമായി ഒട്ടിപ്പിടിച്ചു നില്‍ക്കുന്നു, ആഴമേറെയുള്ള കഥകളുമായി. മിശ്രവിവാഹം എന്നൊക്കെ ജനം ചില നല്ല ബന്ധങ്ങളെ ഇകഴ്ത്താറുണ്ട്. എന്നാല്‍, യാഥാസ്ഥിതിക സവര്‍ണ മാടമ്പിമാരുടെ കുടുംബത്തില്‍ നിന്നു സ്‌നേഹിച്ച പുരുഷനൊപ്പം ഇറങ്ങിനടന്ന് മാതൃക സൃഷ്ടിച്ച ഇത്തരം സ്ത്രീജന്മങ്ങള്‍ ഒരു പത്മ ടീച്ചറില്‍ മാത്രം ഒതുങ്ങുന്നില്ല.
ആരാണ് ഇന്നത്തെ കേരള സൃഷ്ടിപ്പിനു മുന്നില്‍ നടന്ന പെണ്‍മാതൃകകള്‍? അജിത, വിനയ, സാറ, ഭാഗ്യലക്ഷ്മി എന്നൊക്കെപ്പറഞ്ഞ് നവയൗവനങ്ങളും ആ കഥാപാത്രങ്ങളും ചില മാധ്യമങ്ങളും കോള്‍മയിര്‍കൊള്ളുമ്പോള്‍ പത്മ ടീച്ചറും ഓമനയും ചന്ദ്രമണിയും അമ്മ്വേടത്തിയും തങ്കച്ചിയെന്ന റബര്‍ കൃഷി ഗവേഷകയുമൊക്കെ വിസ്മൃതിയിലാകുന്നുവോ?
എണ്‍പതുകളില്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളില്‍ സജീവമായി എഴുതുമ്പോഴാണ് പത്മ ടീച്ചറുടെ കത്തുകള്‍ എന്നെ തേടിവരാറുള്ളത്. ‘മോനേ’ എന്നാണ് സംബോധന. പത്മ ടീച്ചറുടെ ക്ലാസുകളില്‍ ഞാന്‍ ഇരുന്നിട്ടില്ല. പക്ഷേ, കത്തുകളിലൂടെ ടീച്ചര്‍ എന്നെ വ്യാകരണം പഠിപ്പിച്ചു. ചില ഗ്രന്ഥങ്ങള്‍ വായിക്കാന്‍ നിര്‍ദേശിച്ചുതന്നത്. ഇപ്പോഴത്തെ നിയമസഭാംഗം ഐ ബി സതീഷിന്റെ ഭാര്യാമാതാവ് കൂടിയാണ് പത്മ ടീച്ചര്‍ എന്നെഴുതിയാല്‍ ഇതു വായിക്കുന്നവര്‍ ടീച്ചറെ തിരിച്ചറിയും. ചങ്ങനാശ്ശേരി എസ്ബി കോളജ്-ഹൈസ്‌കൂള്‍ പഠനകാലത്തെ ചില സ്‌നേഹങ്ങളിലൂടെയാണ് പത്മ ടീച്ചറെ ഞാനറിയുന്നതും അവരെന്നെ വാത്സല്യപൂര്‍വം ‘മോനേ’ എന്നു വിളിച്ചതും.
ചന്ദ്രമണി ടീച്ചറും ഓര്‍മയിലേക്ക് കടന്നുവരുന്നു. പ്രഗല്ഭയായൊരു കെമിസ്ട്രി അധ്യാപിക. മാതൃഭൂമിയില്‍ ഡോ. ആക്‌സല്‍ മുന്‍തേയുടെ സാന്‍മിഷേലിന്റെ കഥ നാസര്‍ മൊഴിമാറ്റും മുമ്പേ ചന്ദ്രമണി ടീച്ചര്‍ ആ പുസ്തകം എന്റെ മുന്നില്‍ വച്ചുതന്നു. പത്മ, ചന്ദ്രമണി, തങ്കച്ചി, ഓമന എന്നിവര്‍ മാത്രമല്ല, ഇതിലും എത്രയോ ഏറെ പെണ്‍ജീവിതങ്ങള്‍ എന്നെ ഈ വഴിത്താരയില്‍ സ്വാധീനിച്ചിട്ടുണ്ട്. ചന്ദ്രമണി ഗുരുവായൂരിലും തങ്കച്ചി തിരുവനന്തപുരത്തും ജീവിക്കുന്നു.
ഈ പറഞ്ഞവരൊക്കെയും ദാരിദ്ര്യം അറിഞ്ഞവരോ പ്രകടനങ്ങള്‍ നയിച്ചവരോ ഫെമിനിസം പ്രസംഗിച്ചവരോ അല്ല. പക്ഷേ, അന്യജീവന് ഉതകുമാറ് സ്വജീവിതം കൊണ്ട് അവര്‍ മാതൃകയായി. ഇവരാരും ജയില്‍വാസം നടത്തിയിട്ടില്ല. മഹാഗ്രന്ഥങ്ങളെഴുതി അവാര്‍ഡ് കമ്മിറ്റിക്ക് പിറകെ പരക്കംപാഞ്ഞില്ല.
ഒന്നും ഇല്ലാത്തവന്റെ കൂടെ ഇറങ്ങിത്തിരിച്ച് സ്വജീവിതം കൊണ്ട് മാതൃകയായ പെണ്ണുങ്ങളും നമുക്കിടയിലുണ്ട്. സാംസ്‌കാരികവേദിയുടെ കാലത്ത് ഒരു സ്റ്റെല്ല, അമ്മ്വേടത്തി, ശ്രീദേവി തുടങ്ങി എത്രയോ പെണ്‍ജീവിതങ്ങള്‍. ഇവരാരും ഒന്നും നേടാതെ… ‘നേടാതെ’ എന്ന പ്രയോഗത്തിന് സമ്പത്ത്, അവാര്‍ഡ്, എസ്റ്റേറ്റ്, വിസ കച്ചവടം എന്നൊക്കെയാണല്ലോ ഈ കാലത്ത് കപട നിഘണ്ടുക്കള്‍ നല്‍കുന്ന അര്‍ഥം.
ശരി മാത്രം പറയുകയാണെങ്കില്‍, കേരളത്തിലെ ഐതിഹാസിക മനുഷ്യവിമോചന പോരാട്ടങ്ങള്‍ക്കെല്ലാം തുടക്കമോ അതില്‍ സജീവപങ്കാളിത്തമോ ഇന്നു നാം കൊട്ടിഘോഷിക്കും മട്ടില്‍ പുരുഷകേസരികള്‍ക്കായിരുന്നില്ല. മന്ത്രിമന്ദിരത്തില്‍ പോലിസ് കാവലില്‍ ‘മക്കള്‍ സ്വതന്ത്രരല്ല’ എന്നു പറഞ്ഞ് ഭര്‍ത്താവിനൊപ്പമുള്ള സുഖജീവിതം തിരസ്‌കരിച്ച ആര്യാ അന്തര്‍ജനത്തെയും ‘എന്റെ സൂക്കേട് മാറും… എന്നെ കാണാനെന്നും പറഞ്ഞ് മാപ്പ് എഴുതി ജയിലീന്ന് തറവാട്ടിലേക്കു വരണ്ട’ എന്നു പറഞ്ഞ കറുകപ്പാടത്തെ കുഞ്ഞായിശു എന്ന ഉമ്മൂമ്മയെയും (ധീരദേശാഭിമാനി മുഹമ്മദ് അബ്ദുര്‍റഹ്മാന്റെ ഉമ്മ) അനുസ്മരിച്ച് വെട്ടും തിരുത്തും അടിവരയിടുമ്പോള്‍ കമലാ സുറയ്യ എന്ന എഴുത്തുകാരിയുടെ ജീവിതവും അന്ത്യവും അനുസ്മരിച്ചുപോകുന്നു.
ഇബ്‌സന്റെ നോറ, താഴെ ഇറങ്ങി പുറംലോകത്തേക്കുള്ള വാതില്‍ എക്കാലത്തേക്കുമായി വലിച്ചടച്ചപ്പോള്‍ മുഴങ്ങിയ ആ ശബ്ദമുണ്ടല്ലോ- പുരുഷനെ എക്കാലവും വിറപ്പിച്ച ഒന്ന്. അതെ, സ്ത്രീജന്മം സര്‍വംസഹ മാത്രമല്ല, ശക്തവുമാണത്- എന്നും, എക്കാലവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക