|    Oct 17 Wed, 2018 8:27 am
FLASH NEWS

ഓര്‍മകളുടെ തിരുമുറ്റത്ത് ഒ എന്‍ വി…

Published : 13th February 2018 | Posted By: kasim kzm

കൊല്ലം: ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം… തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹം… ഈ വരികള്‍ മറക്കാത്ത മലയാളികള്‍ ഒ എന്‍ വി യേയും മറക്കില്ല.കവിതകളിലൂടെ സാഗരങ്ങളെ പോലും പാടിയുണര്‍ത്തിയ മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി കുറുപ്പ് വിടപറഞ്ഞിട്ട് ഇന്ന് രണ്ടുവര്‍ഷം തികയുകയാണ്. ആരെയും ഭാവഗായകനാക്കിയ കാവ്യഗന്ധര്‍വ്വന്റെ വിയോഗമേല്‍പ്പിച്ച മുറിവ് മലയാളനാടിന്റെ ആത്മാവിലെ നിത്യശൂന്യതയായി നിലകൊള്ളും. ഒരു കാലഘട്ടത്തില്‍ ഒ എന്‍ വി വിപ്ലവകവിയായിരുന്നു. അമ്പതുകളിലെ അദ്ദേഹത്തിന്റെ രചനകള്‍ തനിതൊഴിലാളിവര്‍ഗ സാഹിത്യത്തിന് ഉദാഹരണങ്ങളായിരുന്നു. 1951 ല്‍ പ്രസിദ്ധീകരിച്ച സമരത്തിന്റെ സന്തതികള്‍, പൊരുതുന്ന സൗന്ദര്യം, 1954 ല്‍ പ്രസിദ്ധീകരിച്ച എന്റെ പുന്നാര അരിവാള്, 1961 ലെ നീലക്കണ്ണുകള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്. പക്ഷേ, വിപ്ലവങ്ങള്‍ വഞ്ചിക്കപ്പെടുകയും ലോകമെങ്ങുമുള്ള ദര്‍ശനങ്ങള്‍ക്ക് നിറം മങ്ങുകയും ചെയ്തപ്പോള്‍ അഗാധമായ ഹൃദയാസ്വാസ്ഥ്യങ്ങളെയും ആത്മാനുഭൂതികളെയും ഭാവനയുടെ സംഗീത സാന്ദ്രമായ കവിതകളാക്കി മാറ്റുകയായിരുന്നു ഒ എന്‍ വി. മയില്‍പ്പീലിയും നീലക്കണ്ണും ഒരു തുള്ളിവെളിച്ചവും വീരതാണ്ഡവനും കസ്തൂരിമാനുമൊക്കെ ഇതിന് നിദാനങ്ങളാണ്. വിപ്ലവ പ്രതീക്ഷയില്‍ നിന്ന് കാല്‍പ്പനിക വിഷാദത്തിലേക്കും അതില്‍ നിന്ന് ജീവിതാശയിലേക്കും തീവ്രമായ പ്രകൃതി ബോധത്തിലേക്കും ഒ എന്‍ വിയിലെ കവി വികസിച്ചു.ഒറ്റ വാക്കിലോ വരിയിലോ വിശേഷിപ്പിക്കാനാവില്ല ഒ എന്‍ വിയെ. വാക്കില്‍ വിരിഞ്ഞ വസന്തമായിരുന്നു ഒഎന്‍വി. അദ്ദേഹത്തിന്റെ ഓരോ വരിയും കാലാതീതമായി പുതിയ അര്‍ഥങ്ങളും ആനന്ദവും ആശ്വാസവും പകര്‍ന്ന് അലയടിച്ചുകൊണ്ടേയിരിക്കുംഎന്‍ വിയുടെ ആദ്യ കവിതകളിലെല്ലാം തന്നെ മാനവരാശിയുടെ മുന്നേറ്റത്തിനായുള്ള പ്രഖ്യാപനങ്ങള്‍ കാണാം. കയ്‌പേറിയ ബാല്യം അദ്ദേഹത്തിന്റെ വാക്കുകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കിയിരുന്നു. ഓരോ പുതിയ കവിതയിലും ആ തെളിച്ചം ഏറിക്കൊണ്ടിരുന്നു. ഒഎന്‍വി കവിതകളുടെ ശീര്‍ഷകങ്ങള്‍ പോലും അത്രമേല്‍ കാവ്യസാന്ദ്രമായിരുന്നു. 1931 മേയ് 27ന് ഒ എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി ചവറയിലായിരുന്നു ഒഎന്‍വിയുടെ ജനനം. പരമേശ്വരന്‍ എന്നായിരുന്നു ആദ്യ പേര്. അപ്പു എന്ന് ഓമനപ്പേരും. ഇന്നത്തെ അഞ്ചാം ക്ലാസിനു തുല്യമായ പ്രിപ്പറേറ്ററിക്കാണ് ഒഎന്‍വി ആദ്യമായി കൊല്ലത്ത് സ്‌കൂളില്‍ എത്തിയത്. പിന്നീട് പിതാവിന്റെ ആകസ്മിക മരണത്തോടെ കൊല്ലം നഗരത്തോട് വിടപറഞ്ഞ് ഒഎന്‍വി ചവറ ശങ്കരമംഗലം സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം ആരംഭിച്ചു. 1948ല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസ്സായ ഒഎന്‍വി കൊല്ലം എസ് എന്‍ കോളജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. 1952ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1957ല്‍ എറണാകുളം മഹാരാജാസില്‍ അധ്യാപകനായി ഒഎന്‍വി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇവിടെവെച്ചാണ് ജീവിതസഖിയായ സരോജിനിയെ ആദ്യമായി കണ്ടുമുട്ടുന്നത്. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജിലും തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രഫസര്‍ ആയിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു . ജ്ഞാനപീഠത്തിനും (2007) പത്മശ്രീ, (1998) പത്മവിഭൂഷണ്‍ (2011) ബഹുമതികള്‍ക്കും പുറമേ ഒട്ടനേകം പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1946ല്‍ പതിനഞ്ചാം വയസ്സിലാണ് ആദ്യ കവിതയായ ‘മുന്നോട്ട്’ പ്രസിദ്ധപ്പെടുത്തിയത്. 1949ല്‍ പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി നടന്ന കവിതാ മല്‍സരത്തില്‍ ‘അരിവാളും രാക്കുയിലും’ എന്ന കവിതയ്ക്കു ചങ്ങമ്പുഴയുടെ പേരിലുള്ള സമ്മാനം ലഭിച്ചു. അതേവര്‍ഷം തന്നെ ‘പൊരുതുന്ന സൗന്ദര്യ’മെന്ന ആദ്യ കവിതാ സമാഹാരവും പുറത്തിറങ്ങി. മുക്കുവരുടെ ജീവിതത്തെ കുറിച്ച് ഒഎന്‍വി എഴുതിയ കവിതയാണ് ‘മാറിയ കൂത്തുകള്‍’. എം എസ് ബുക്ക് ഡിപ്പോ കൊല്ലമാണ് കവിയുടെ ആദ്യ ഔദ്യോഗിക പ്രസാധകര്‍.  പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളേ (നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി-1952), വെള്ളാരം കുന്നിലേ (നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി-1952), പുഞ്ചവയലേലയിലെ (നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി-1952), മാരിവില്ലിന്‍ തേന്‍മലരേ (സര്‍വേക്കല്ല്-1954), വള്ളിക്കുടിലിന്‍ (സര്‍വേക്കല്ല്-1954), അമ്പിളിയമ്മാവാ (മുടിയനായ പുത്രന്‍-1956), ചില്ലിമുളം കാടുകളില്‍ (മുടിയനായ പുത്രന്‍-1956), ചെപ്പുകിലുക്കണ ചങ്ങാതീ (മുടിയനായ പുത്രന്‍-1965), തുഞ്ചന്‍ പറമ്പിലെ തത്തേ (മുടിയനായ പുത്രന്‍-1965), എന്തിനു പാഴ്ശ്രുതി (ഡോക്ടര്‍-1961), ജനിച്ചെന്ന തെറ്റിന് (ജീവപര്യന്തം-1991) എന്നിവയാണ് ഒഎന്‍വിയുടെ പ്രശസ്തമായ നാടക ഗാനങ്ങള്‍.ഒഎന്‍വിയുടെ വരികള്‍ക്ക് പഴയ തലമുറ, പുതിയ തലമുറ എന്ന വ്യത്യാസമില്ലായിരുന്നു. മാറിവരുന്ന അഭിരുചികള്‍ക്കനുസരിച്ച് തന്റെ വരികളുടെ ഭാവവും ചലനവും മാറ്റാന്‍ അദ്ദേഹത്തിനായി. 1955ല്‍ ആദ്യമായി ചലച്ചിത്ര (കാലം മാറുന്നു) ഗാനവുമെഴുതി. അതേസമയം, ഗാനരചന ആരംഭിച്ചത് ബാലമുരളി എന്ന പേരിലായിരുന്നു. ഗുരുവായൂരപ്പന്‍ എന്ന സിനിമ മുതലാണ് ഒഎന്‍വി എന്ന പേരില്‍ എഴുതി തുടങ്ങിയത്. 230ലധികം സിനിമകളിലായി 930ല്‍ അധികം ഗാനങ്ങള്‍ എഴുതി. ഗാനരചനക്കുള്ള സംസ്ഥാന അവാര്‍ഡ് 13 തവണ നേടിയിട്ടുണ്ട്. ഒഎന്‍വിയുടെ ഓരോ വരിയും കാലാതീതമായി പുതിയ അര്‍ഥങ്ങളും ആനന്ദവും ആശ്വാസവും പകര്‍ന്ന് അലയടിച്ചുകൊണ്ടേയിരിക്കും.’ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെന്റെ കവിത’എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി തന്നെ പറഞ്ഞിരുന്നു. ശരിയാണ്, അദ്ദേഹത്തിന്റെ ചൈതന്യാംശമായ കവിത എന്നും പുതിയ പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും ഗാഥകളോതി ഏവരുടെയും ആത്മാവില്‍ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss