|    Oct 16 Tue, 2018 11:04 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഓര്‍മകളുടെ തടവറയിലിപ്പോഴും അബ്ദുല്‍ ഖയ്യൂമിന്റെ ജീവിതം

Published : 8th December 2017 | Posted By: kasim kzm

അഹ്മദാബാദ്: ഓര്‍മകളുടെ തടവറയിലാണു മുഫ്തി അബ്ദുല്‍ ഖയ്യൂം അഹ്മദ് ഹുസയ്ന്‍ മന്‍സൂരിയുടെ ജീവിതം. 11 വര്‍ഷത്തെ പീഡനകാലത്തിന്റെ വേദനകള്‍ അബ്ദുല്‍ ഖയ്യൂമിനൊപ്പം ഇപ്പോഴുമുണ്ട്. അക്ഷര്‍ധാം ആക്രമണത്തില്‍ കള്ളക്കേസില്‍ 11 വര്‍ഷത്തിനു ശേഷം സുപ്രിംകോടതി നിരപരാധിയെന്നു കണ്ടു വിട്ടയച്ച അബ്ദുല്‍ ഖയ്യൂം അഹ്മദാബാദ് ദരിയാപൂരിലെ ഓഫിസിലുണ്ട്. രാത്രികളില്‍ ഇപ്പോഴും ഖയ്യൂമിന്റെ വാതിലില്‍ പോലിസ് മുട്ടിവിളിക്കും. വെറുതെ അന്വേഷണത്തിനു വന്നതാണെന്നു പറയും. ചിലപ്പോള്‍ അതു പുലര്‍കാലങ്ങളിലാവും. തന്നെ ദ്രോഹിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലുണ്ട്. അതു പിന്‍വലിപ്പിക്കുകയാണു ലക്ഷ്യമെന്നു ഖയ്യൂം പറയുന്നു. ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കായി നടത്തുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിലും മറ്റുമായി സജീവമായിരുന്ന അബ്ദുല്‍ ഖയ്യൂമിന്റെ ജീവിതം 2003 ആഗസ്ത് 17നാണു കീഴ്‌മേല്‍ മറിയുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയാനുണ്ടെന്നു പറഞ്ഞാണു വിളിപ്പിച്ചത്. ഗെയ്ക്‌വാദ് ഹവേലിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്കാണു കൊണ്ടുപോയത്. രാത്രി 11 ആയപ്പോള്‍ കണ്ണു മൂടിക്കെട്ടി. കണ്ണിലെ കെട്ടഴിക്കുമ്പോള്‍ ഒരു മേശയ്ക്കരികിലിരിക്കുകയായിരുന്നു ഞാന്‍. തൊട്ടു മുന്നില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജി എല്‍ സിംഗാള്‍ ഇരിക്കുന്നു. കണ്ണുകളിലേക്കു കുറേസമയം തറപ്പിച്ചുനോക്കി. ‘നിന്നെ ഇവിടെ എന്തിനാണു കൊണ്ടുവന്നത്.’ അയാള്‍ ചോദിച്ചു. അറിയില്ലെന്ന  മറുപടിയില്‍ സിംഗാളിന്റെ മട്ടുമാറി. അയാള്‍ ലാത്തി കൊണ്ട് എന്റെ മുതുകില്‍ നിര്‍ത്താതെ അടിച്ചു. ‘നാളെ നിനക്കു മനസ്സിലാവും.’ അയാള്‍ പറഞ്ഞു. കണ്ണു മൂടിക്കെട്ടി മുകളിലെ മുറിയിലേക്കു കൊണ്ടുപോയി. അന്നു രാത്രി പോലിസ് ഇന്‍സ്‌പെക്ടര്‍ അശ്‌റഫ് ചൗഹാന്‍ അരികില്‍ വന്നു. അയാളൊരു പിശാചായിരുന്നു. പുലര്‍ച്ചെ കോണ്‍സ്റ്റബിള്‍ വന്നു പറഞ്ഞു. ‘നിന്നെ വന്‍സാര വിളിക്കുന്നു.’ മുന്നില്‍ കറുത്ത ഗ്ലാസ് ധരിച്ചിരിക്കുന്ന വന്‍സാരയെ കണ്ടു.  പോലിസ് ഇന്‍സ്‌പെക്ടര്‍ വി ഡി വനാര്‍, ആര്‍ ഐ പട്ടേല്‍ തുടങ്ങിയവര്‍ കൂടെ. എന്നെ നിലത്തിരുത്തിയ അവര്‍ തലേദിവസത്തെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. എനിക്കൊന്നുമറിയില്ലെന്നു പറഞ്ഞപ്പോള്‍ ലാത്തിസംഘത്തെ വിളിക്ക് എന്നു വന്‍സാര കല്‍പ്പിച്ചു. പെട്ടെന്നു ലാത്തിയുമായി ആറു തടിമാടന്‍മാര്‍ ചെന്നായ്ക്കളെപ്പോലെ ചാടിവീണു. എരുമയുടെ ആകാരമുള്ള ഒരാള്‍ എന്റെ രണ്ടു കൈയും പിടിച്ചു ചങ്ങലയില്‍ ബന്ധിച്ചു. രണ്ടു പേര്‍ കാലുകള്‍ പിടിച്ചുവച്ചു. ഒരാള്‍ മുതുകില്‍ അമര്‍ത്തിപ്പിടിച്ചു. വനാര്‍ ആര്‍ത്തി പിടിച്ച ചെന്നായയെപ്പോലെ എന്റെ മുതുകില്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ അലറിവിളിച്ചു. ഇതുകേട്ട വന്‍സാര നിര്‍ത്താതെ അസഭ്യം പറഞ്ഞു. വന്‍സാര അരികില്‍ വന്നു. ‘പറ, ആരാണ് അക്ഷര്‍ധാം ക്ഷേത്രം ആക്രമിച്ചത്.’ ഞാന്‍ ഞെട്ടിപ്പോയി. വലിയൊരു കേസിലാണ് അവരെന്നെ കുടുക്കാന്‍ പോവുന്നതെന്ന് അപ്പോഴാണ് അറിയുന്നത്. ‘എനിക്കൊന്നും അറിയില്ല.’ ഞാന്‍ ഉറക്കെ നിലവിളിച്ചു. ‘അടിക്കവനെ.’ വന്‍സാര പറഞ്ഞു. വനാര്‍ വീണ്ടും അടി തുടങ്ങി. അവര്‍ മുതുകിലും കൈപ്പടത്തിലും അടിച്ചു. വസ്ത്രം ചോരയില്‍ കുളിച്ചു. നിലത്തുകിടത്തി മുതുകിലും കാലുകളിലും കയറിനിന്നു. കൈകള്‍ ചവിട്ടിപ്പിടിച്ചു. അടിയേറ്റു ഞാന്‍ ബോധംകെട്ടുവീണു. എന്റെ മുഖത്തു വെള്ളമൊഴിച്ചു. ബോധം വന്നപ്പോള്‍ അവര്‍ വെള്ളവും കാപ്പിയും തന്നു. എന്റെ കാലുകളും കൈകളും വീര്‍ത്തിരുന്നു. നടക്കാനെന്നല്ല, നില്‍ക്കാന്‍ പോലും എനിക്ക് കഴിയുമായിരുന്നില്ല. ‘മറ്റാരൊക്കെയാണു ക്ഷേത്രം ആക്രമിച്ചത്.’ വന്‍സാര ചോദിച്ചുകൊണ്ടിരുന്നു. അതായതു ഞാന്‍ പങ്കാളിയാെണന്ന് അവര്‍ ഉറപ്പിച്ചു. ഇനി മറ്റാരെല്ലാം എന്നാണ് അറിയേണ്ടത്. ‘എനിക്കൊന്നുമറിയില്ല. ഞാനല്ല.’ ഞാന്‍ പറഞ്ഞു. അക്ഷര്‍ധാം ആക്രമണത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അവര്‍ ഒരു കഥയുണ്ടാക്കി വച്ചിരുന്നു. അതു സമ്മതിപ്പിക്കാനായിരുന്നു ശ്രമം. 2003 ആഗസ്ത് 18 തിങ്കളാഴ്ച. ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൊന്നായിരുന്നു. രാത്രി മുഴുവന്‍ അവരെന്നെ തല്ലുകയായിരുന്നു. രണ്ടു തവണ എനിക്കു ബോധം നശിച്ചു. എന്റെ വസ്ത്രം രക്തത്തില്‍ ഒട്ടിപ്പിടിച്ചിരുന്നു. എന്റെ കൈകാലുകള്‍ വീര്‍ത്തുപൊട്ടി, ചോരയും പഴുപ്പും വരാന്‍ തുടങ്ങി. ഓരോ തവണയും അവര്‍ മുറിയിലേക്കു വിളിപ്പിച്ച് മര്‍ദിക്കും. പുതിയ ആരോപണങ്ങള്‍ ഉന്നയിക്കും. എന്റെ രഹസ്യഭാഗങ്ങളില്‍ ഇലക്ട്രിക് ഷോക്കേല്‍പ്പിച്ചു. കാലുകള്‍ രണ്ടുവശത്തേക്കും വലിച്ചുകെട്ടി, ടി ആകൃതിയില്‍ തലകീഴായി തൂക്കിയിട്ടു മര്‍ദിച്ചു. മലദ്വാരത്തില്‍ പെട്രോളൊഴിച്ചു. നഖത്തിലൂടെ ആണി കയറ്റി. കൈകാലുകള്‍ കെട്ടി പാന്റ്‌സിനുള്ളില്‍ എലിയെയിട്ടു. മലദ്വാരത്തില്‍ ലാത്തി കുത്തിക്കയറ്റി. മക്കളെയും ഭാര്യയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. സഹിക്കാനാവാതായപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ശരി സര്‍… നിങ്ങള്‍ പറയുന്നതെല്ലാം ഞാന്‍ അനുസരിക്കാം.’ അന്നു സിംഗാള്‍ ഞങ്ങളെ എല്ലാവരെയും മുറിയിലേക്കു വിളിപ്പിച്ചു. എന്നിട്ടു ചോദിച്ചു: ‘അക്ഷര്‍ധാം ആക്രമണം, ഗോധ്ര തീവയ്പ്, ഹേരന്‍ പാണ്ഡ്യ വധം. ഇതില്‍ ഏതു കേസാണ് നിങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ താല്‍പര്യം. നിങ്ങളെ ഞാന്‍ ഒരു ചരസ്സ് കടത്തു കേസില്‍ കൂടി ഉള്‍പ്പെടുത്തട്ടെ.’ സുപ്രിംകോടതി നിരപരാധിയെന്നു കണ്ടെത്തി വിട്ടയക്കുമ്പോള്‍ 11 വര്‍ഷം കഴിഞ്ഞിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന പലരെയും പോലിസ് പണം വാങ്ങി വിട്ടയച്ചു. തന്റെ പക്കല്‍ പണമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷവും അന്നത്തെ മര്‍ദനത്തിന്റെ വേദന തനിക്കൊപ്പമുണ്ടെന്ന് അബ്ദുല്‍ ഖയ്യൂം പറയുന്നു. അധികസമയം തുടര്‍ച്ചയായി ഇരിക്കാനാവില്ല. ചികില്‍സ കൊണ്ടു ഫലമുണ്ടായില്ല. ഖയ്യൂമിനെ കള്ളക്കേസില്‍ കുടുക്കിയ പോലിസുകാരില്‍ പലരും മറ്റു പല കേസുകളിലുമായി ഇപ്പോഴും ജയിലിലാണ്. ചിലര്‍ ജാമ്യത്തില്‍ പുറത്തുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss